Connect with us

Kerala

മലാപറമ്പ് എ യു പി സ്‌കൂള്‍ പൊളിച്ചുനീക്കി

Published

|

Last Updated

കോഴിക്കോട്: മലാപറമ്പ് എ യു പി സ്‌കൂള്‍ പൊളിച്ചുനീക്കി. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ അറിവോടെയാണ് സ്‌കൂള്‍ പൊളിച്ചുനീക്കിയതെന്നാരോപിച്ച് എ പ്രദീപ്കുമാര്‍ എം എല്‍ എ, മേയര്‍ എ കെ പ്രേമജം എന്നിവരുടെ പിന്തുണയോടുകൂടി നാട്ടുകാര്‍ സ്ഥലത്ത് പ്രതിഷേധിക്കുകയാണ്. വയനാട് റോഡില്‍ വാഹനങ്ങള്‍ തടഞ്ഞും കടകളടച്ചുമാണ് നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്.

സ്‌കൂളിന് 140 വര്‍ഷത്തോളം പഴക്കമുണ്ട് എന്ന് നാട്ടുകാര്‍ പറഞ്ഞു. 53 വിദ്യാര്‍ത്ഥികളാണ് സ്‌കൂളിലുള്ളത്. കഴിഞ്ഞ ദിവസം നടന്ന തെരെഞ്ഞെടുപ്പില്‍ പോളിംഗ് സ്‌റ്റേഷനായിരുന്നു ഈ സ്‌കൂള്‍. ഇന്നലെ രാത്രിയാണ് സ്‌കൂള്‍ പൊളിച്ചുനീക്കിയത്. ഈ സ്‌കൂള്‍ നിലനിര്‍ത്തണമെന്നും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുമുള്ള ആവശ്യം നിരവധി വര്‍ഷങ്ങളായി നാട്ടുകാര്‍ ആവശ്യപ്പെടുകയാണ്. സ്ഥലം എം എല്‍ എ എ പ്രദീപ്കുമാര്‍ ഇക്കാര്യം നിയമസഭയിലടക്കം ഉന്നയിച്ചിരുന്നു.

രണ്ടു വര്‍ഷം മുമ്പ് സ്‌കൂള്‍ പൂട്ടണമെന്നാവശ്യപ്പെട്ട് മാനേജ്‌മെന്റ് സര്‍ക്കാറിനെ സമീപിച്ചിരുന്നു. സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും നാട്ടുകാര്‍ ഇതിനെ എതിര്‍ക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. സ്‌കൂള്‍ താല്‍ക്കാലികമായി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സ്‌കൂള്‍ മാനേജരെ അറസ്റ്റ് ചെയ്യണമെന്നും എ പ്രദീപ്കുമാര്‍ എം എല്‍ എ പറഞ്ഞു.

Latest