Connect with us

Kozhikode

ആരവമടങ്ങാതെ സോഷ്യല്‍ മീഡിയ

Published

|

Last Updated

കോഴിക്കോട്: “യശോദ ബെന്നിനെ കാണാനില്ല” തീര്‍ഥാടനത്തിന് പോയതെന്ന് വിശദീകരണം. പിന്നേ…. പത്തു രണ്ടായിരം ആള്‍ക്കാരെ കാണാതാക്കി… പിന്നെയാ.
അഭ്യന്തര വകുപ്പ്; ഉറപ്പ് ലഭിച്ചെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി.
ധനകാര്യ വകുപ്പിനായും പിടിവലി.
ഫേസ്ബുക്കില്‍ വന്ന ചില പോസ്റ്റുകളും അതിന് ലഭിച്ച രസകരമായ ചില കമന്റുകളുമാണിത്. ആഴ്ചകളോളം നീണ്ടുനിന്ന പ്രചാരണത്തിനൊടുവില്‍ വോട്ട് പെട്ടിയിലായി കേന്ദ്ര സേന കാവല്‍ നിന്നിട്ടും സോഷ്യല്‍ മീഡിയകളില്‍ ആരവമടങ്ങിയിട്ടില്ല. പോളിംഗ് ബൂത്ത് വരെ കണ്ട ആവേശം ഇപ്പോള്‍ കമന്റായും ഷെയറായും ലൈക്കായും പ്രവഹിക്കുന്നത് ഫേസ്ബുക്കിലാണ്. സമീപ കാലത്തൊന്നും കാണാത്ത വിധം പ്രായഭേദമന്യേ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളെ ആശ്രയിക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ഈ സാധ്യത മുന്നില്‍ കണ്ട് സ്ഥാനാര്‍ഥികളും പാര്‍ട്ടികളും ഇത് പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. കേരളത്തിലെ സാധ്യതകള്‍ വിലയിരുത്തിയും ഭാവിപ്രധാനമന്ത്രിയെ പ്രവചിച്ചും ഫേസ്ബുക്കില്‍ അരങ്ങു തകര്‍ക്കുകയാണ് ഓരോരുത്തരും.
ചിലര്‍ സ്വന്തം അഭിപ്രായമായി സര്‍വേ ഫലങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
പാര്‍ട്ടി നിലപാടുകള്‍ തന്ത്രപരമായി അവതരിപ്പിക്കുന്നവര്‍ എതിരാളികളെ കണക്കിന് പ്രഹരിച്ചാണ് മുന്നേറുന്നത്. ഉരുളക്കുപ്പേരി പോലെ മറുപടി നല്‍കിയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന സ്റ്റാറ്റസുകള്‍ പോസ്റ്റ് ചെയ്തും ഫേസ്ബുക്ക് ഇപ്പോഴും തിരഞ്ഞെടുപ്പ് മയത്തില്‍ തന്നെയാണ്.
താന്‍ വിവാഹിതനാണെന്ന ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയുടെ പത്രികയിലെ വെളിപ്പെടുത്തലാണ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിലെ സജീവ ചര്‍ച്ച. മോദിക്ക് വിവാഹ മംഗളങ്ങള്‍ നേര്‍ന്ന വി ടി ബലറാം എം എല്‍ എയുടെ പോസ്റ്റുമായി ബന്ധപ്പെട്ട് പൊരിഞ്ഞ പോരാണ് ഫേസ്ബുക്കില്‍ നടക്കുന്നത്. ബലറാമിനെ അഭിനന്ദിച്ചവരും തെറി വിളിച്ചവരും എഫ് ബിയിലുണ്ട്. തങ്ങളുടെ നേതാവിനെതിരെയുള്ള ആരോപണത്തിന്
“മോദിയുടെ ക്ലീന്‍ ചിറ്റിന് സ്റ്റേ ഇല്ല” എന്ന വാര്‍ത്തയാണ് ബി ജെ പി പ്രവര്‍ത്തകര്‍ പ്രതിരോധിക്കാന്‍ ഉപയോഗിക്കുന്നത്. അതോടൊപ്പം കാമുകിയോടൊപ്പം കറങ്ങി നടക്കുന്ന രാഹുലും ശശി തരൂരിന്റെ സുഹൃദ്ബന്ധങ്ങളുമൊക്കെ ബി ജെ പി വിഷയമാക്കിയിട്ടുണ്ട്.
“മലപ്പുറത്തെ പോളിംഗ് കുറവ്, ലീഗ് കേന്ദ്രങ്ങളില്‍ അമ്പരപ്പ്” എന്ന പോസ്റ്റിന് “സൈനബ മെയ് പതിനാറ് മുതല്‍ തട്ടം ഇടേണ്ടി വരും ആളുകള്‍ കാണാതിരിക്കാന്‍ വേണ്ടിയെങ്കിലും” എന്നാണ് മറുപടിയായി നല്‍കിയിരിക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം യു ഡി എഫ് ശക്തിപ്പെടും എന്ന കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ പ്രസ്താവനക്ക് പി സി ജോര്‍ജും ആന്റോ ആന്റണിയും തമ്മിലുള്ള കലഹമാണ് മറുപടിയായി പോസ്റ്റ് ചെയ്തിരിക്കുന്നത്.
എ എ പിക്ക് വോട്ട് ചെയ്ത സി പി എം അഖിലേന്ത്യാ സെക്രട്ടറി പ്രകാശ് കാരാട്ടിനെയും ഫേസ്ബുക്കില്‍ വെറുതെ വിട്ടിട്ടില്ല. ഈ തിരഞ്ഞെടുപ്പില്‍ ഏറെ ഉപയോഗപ്പെടുത്തിയ ടി പി ചന്ദ്രശേഖരന്റെ പടത്തിനൊപ്പം വിട… ഇനി അടുത്ത തിരഞ്ഞെടുപ്പിന് കാണാം… എന്ന പോസ്റ്റ് രാഷ്ട്രീയ കേരളത്തിന്റെ സമീപകാല യാഥാര്‍ഥ്യങ്ങളെ തുറന്നു കാണിക്കുന്നതാണ്.
ഫലം വരുന്ന മെയ് പതിനാറ് വരെ ഫേസ് ബുക്കില്‍ അഭിപ്രായങ്ങളും നിലപാടുകളും മറുപടിയും സ്റ്റാറ്റസായും കമന്റായും അരങ്ങു തകര്‍ക്കും. വിധിനിര്‍ണയത്തിന് ശേഷം അടുത്ത യുദ്ധം തുടങ്ങും.

Latest