Connect with us

Kerala

കടകംപള്ളി ഭൂമി തട്ടിപ്പ്: റീസര്‍വേ നടത്താന്‍ തീരുമാനം

Published

|

Last Updated

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് നടന്ന കടകംപള്ളി വില്ലേജില്‍ മൂന്നാഴ്ചക്കുള്ളില്‍ റീ സര്‍വേ നടത്തുമെന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍. ഭൂമിതട്ടിപ്പിനിരയായ 44 ഏക്കര്‍ ഭൂമിയിലുള്ള 147 കുടുംബങ്ങള്‍ക്ക് കരമടക്കുന്നത് പുന:സ്ഥാപിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍, കോടതി ഉത്തരവുകള്‍ എതിരായില്ലെങ്കില്‍ ഈ മാസം 25നുള്ളില്‍ തീരുമാനമെടുക്കുമെന്ന് ജില്ലാ കലക്ടര്‍ ഉറപ്പ് നല്‍കി. ഭൂമി തട്ടിപ്പിനിരയായ കടകംപള്ളി ഭൂമിയുടെ ഉടമസ്ഥരില്‍ നിന്ന് വില്ലേജ് ഓഫീസില്‍ കരം എടുക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് തട്ടിപ്പിനിരയായവരുമായി ജില്ലാ കലക്ടര്‍ ബിജുപ്രഭാകര്‍ ചര്‍ച്ച നടത്തിയത്.
കരം സ്വീകരിക്കരുതെന്ന ഒരുത്തരവും നിലവിലില്ലെന്ന് സ്ത്രീകളടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടി. റവന്യൂ സെക്രട്ടറിയോടും അഡ്വക്കറ്റ് ജനറലിനോടും ഇക്കാര്യം ചര്‍ച്ച ചെയ്ത ശേഷം ഉടന്‍ തീരുമാനമെടുക്കുമെന്നായിരുന്നു കലക്ടറുടെ മറുപടി. ശാശ്വതപരിഹാരമെന്ന നിലക്ക് റവന്യൂ സര്‍വേ വകുപ്പ് ഉദ്യോഗസ്ഥരുള്‍പ്പെട്ട പ്രത്യേക സംഘത്തെനിയോഗിച്ച് റീസര്‍വേ നടത്തും. എത്ര വര്‍ഷമായി കരമടച്ചുവരുന്നുവെന്ന് തെളിയിക്കുന്ന രേഖകള്‍ സഹിതം അപേക്ഷ നല്‍കുന്നവര്‍ക്കായിരിക്കും വീണ്ടും കരമടക്കുന്നതിന് അനുമതി നല്‍കുക.
നിലവില്‍ കരമടക്കുന്നതിനെതിരായി സര്‍ക്കാറില്‍ നിന്നോ ഹൈക്കോടതിയില്‍ നിന്നോ യാതൊരു ഉത്തരവും നിലവിലില്ല. വിശദമായ പരിശോധനക്കുശേഷം കരമടച്ചു കൊണ്ടിരുന്ന ഭൂവുടമകള്‍ക്ക് തത്സ്ഥിതി തിരിച്ചുകൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കും. അതേസമയം, തന്റെ ഉത്തരവ് ഹൈക്കോടതി ഉത്തരവുകള്‍ക്കും വിധികള്‍ക്കും അനുസരിച്ച് ഭേദഗതി ചെയ്യുമെന്നും കലക്ടര്‍ വ്യക്തമാക്കി. കലക്ടറുടെ നിര്‍ദേശം പരാതിക്കാരും കടകംപള്ളി ഭൂസംരക്ഷണസമിതിയും അംഗീകരിക്കുകയായിരുന്നു. കടകംപള്ളി ഭൂമി തട്ടിപ്പുകേസില്‍ സി ബി ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ കരം സ്വീകരിക്കുന്നത് കടകംപളളി വില്ലേജ് ഓഫീസ് നിര്‍ത്തിവെച്ചിരുന്നു. ഇതേത്തുടര്‍ന്ന് തട്ടിപ്പിനിരയായ കുടുംബങ്ങള്‍ വില്ലേജ് ഓഫീസ് ഉപരോധിച്ചു. ജില്ലാ കലക്ടറുമായി ചര്‍ച്ച നടത്തി പ്രശ്‌നപരിഹാരമുണ്ടാക്കാമെന്ന ജനപ്രതിനിധികളുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ സമരം അവസാനിപ്പിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടറുമായി ഇന്നലെ ചര്‍ച്ച നടന്നത്. മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജ് ഉള്‍പ്പെട്ട കടകംപള്ളി ഭൂമിതട്ടിപ്പ് കേസില്‍ സി ബി ഐ പ്രാഥമിക പരിശോധന തുടങ്ങിയിട്ടുണ്ട്.

 

Latest