Connect with us

Malappuram

പരിയങ്ങാട് മോരംപാടം പ്രദേശത്ത് ജലക്ഷാമം രൂക്ഷം

Published

|

Last Updated

കാളികാവ്: മധുമല കുടിവെള്ള പദ്ധതിയുടെ പമ്പിംഗ് സ്ഥലത്ത് ചെളി നിറഞ്ഞതിനാല്‍ കുടിവെള്ളം മുടങ്ങി.
ഗുണഭോക്താക്കള്‍ക്ക് വെള്ളം കിട്ടാതെ ദുരിതമായതിനെ തുടര്‍ന്ന് വെള്ളിയാഴ്ച പമ്പ് ഹൗസ് ഉപരോധിച്ചിരുന്നു. സി പി എം നേതൃത്വത്തിലാണ് പരിയങ്ങാട് പുഴയിലുള്ള പമ്പ് ഹൗസ് ഉപരോധിച്ചത്. ഉപരോധ സമരത്തെ തുടര്‍ന്ന് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ചെളി നീക്കം ചെയ്യാന്‍ തുടങ്ങിയത്.
പമ്പ് ഹൗസിന് താഴെ അണക്കെട്ട് കെട്ടി വെള്ളം തടഞ്ഞ് നിര്‍ത്തി പമ്പ് ഹൗസില്‍ എത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അണക്കെട്ട് നിര്‍മിക്കാതെയാണ് പുഴയിലെ വെള്ളം പമ്പ് ഹൗസില്‍ എത്തുന്നത്. തൊഴിലുറപ്പുകാര്‍ ചാക്കില്‍ മണല്‍ നിറച്ച് ഉണ്ടാക്കിയ തടയണയിലെ വെള്ളവും കുറഞ്ഞതോടെയാണ് പമ്പ് ഹൗസിലേക്കുള്ള നീരൊഴുക്ക് നിലച്ചത്.

20 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കുകളിലേക്ക് മിക്ക ദിവസവും എട്ട് മണിക്കൂറിലധികം നേരം വെള്ളം പമ്പ് ചെയ്തിരുന്നതോടെ പുഴയിലെ വെള്ളം പൂര്‍ണ്ണമായി വറ്റിത്തുടങ്ങി. ഇതോടെ പരിയങ്ങാട് മോരംപാടം പ്രദേശത്ത് ജലക്ഷാമം രൂക്ഷമായിരിക്കുകയാണ്.
128 കണക്ഷനുകളുള്ള മധുമല പദ്ധതിക്ക് വേണ്ടി പുഴ പൂര്‍ണ്ണമായി വറ്റിക്കുന്ന തരത്തില്‍ പമ്പിംഗ് നടത്തുന്നത് നാട്ടുകാര്‍ക്കിടയില്‍ അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. എല്‍ ഐ സി സഹായത്തോടെ 12 കോടി രൂപ മുടക്കി നിര്‍മിച്ച പദ്ധതിക്ക് വേണ്ടി വെള്ളം സംഭരിക്കാന്‍ അണക്കെട്ട് കെട്ടുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു നടപടിയും എടുത്തിട്ടില്ല. വെള്ളം പുഴയില്‍ നിന്ന് പമ്പിംഗ് നടത്തുന്നത് പൂര്‍ണ്ണമായി ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യാന്‍ കഴിയുന്നില്ല. 13 ലേറെ സ്ഥലങ്ങളില്‍ ജല വിതരണ പൈപ്പില്‍ നിന്ന് വന്‍തോതില്‍ വെള്ളം ചോരുന്നുണ്ട്.
ഒരു വര്‍ഷത്തോളമായി പള്ളിശ്ശേരി ബാലവാടിപ്പടിയിലും, പള്ളിശ്ശേരിക്കും വെന്‍തോടന്‍പടിക്കുമിടയിലുമുള്ള ചോര്‍ച്ച പരിഹരിക്കാന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതിനിടെ കാളികാവ് അങ്ങാടിയില്‍ പൈപ്പ് ലൈനില്‍ നിന്ന് ഒരടിയോളം വ്യാസത്തില്‍ വെള്ളം ചോരുന്നത് അധികൃതര്‍ അറിഞ്ഞ ഭാവം കൂടിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

രണ്ട് മാസത്തിലധികമായി ജല വിതരണം നടത്തുന്ന ദിവസങ്ങളില്‍ മുഴുവന്‍ ഇവിടെ വെള്ളം ചോരുന്നുണ്ട്. പൈപ്പിലെ ചോര്‍ച്ചക്ക് പരിഹാരം കാണാന്‍ തയ്യാറാകാത്തത് പദ്ധതിക്കെതിരെ നാട്ടുകാരില്‍ കടുത്ത അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്.

 

Latest