Connect with us

Kozhikode

കോഴിക്കോട് നഗരത്തില്‍ മേളകളുടെ വിഷുക്കാലം

Published

|

Last Updated

കോഴിക്കോട്: സമൃദ്ധിയുടെ വിഷുവിനെ വരവേല്‍ക്കാന്‍ കണിക്കൊന്നയുമായി നാടും മേളകളുമായി നഗരവും ഒരുങ്ങി. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവോരക്കച്ചവടവും വിഷുമേളകളും സജീവമാണ്.

കേരളത്തിലെ കൈത്തറി സഹകരണ സംഘത്തിന്റെ വിഷു ഹാന്റ്‌ലും എക്‌സ്‌പോയില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. കോഴിക്കോട് റീജ്യനല്‍ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി കോമ്പൗണ്ടിലാണ് കൈത്തറി വസ്ത്രപ്രദര്‍ശന മേള.
മേളയില്‍ ജില്ലയിലെ ഇരുപത്തി മൂന്ന് പ്രാഥമിക കൈത്തറി സഹകരണ സംഘങ്ങള്‍ക്ക് പുറമെ മറ്റു ജില്ലകളില്‍ നിന്നുള്ള എട്ട് കൈത്തറി സഹകരണ സംഘങ്ങളും ഹാന്റക്‌സും ഹാന്റ്‌വീവും പങ്കെടുക്കുന്നുണ്ട്.

ഖാദി ഗ്രാമോദ്യോഗ് കണിയൊരുക്കാനുള്ള കൃഷ്ണ വിഗ്രഹങ്ങളൊരുക്കി. വിവിധ വലിപ്പത്തിലുള്ള ആകര്‍ഷകമായ കണ്ണന്റെ വിഗ്രഹങ്ങളാണ് ഇവിടെയുള്ളത്. പാലക്കാടിലെ ഖാദിഗ്രാമം സഹകരണ സംഘമാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. രാജസ്ഥാന്‍ കരകൗശല ഉത്പന്നങ്ങളുടെ പ്രദര്‍ശനവുമായാണ് രാജസ്ഥാന്‍ ഗ്രാമീണ മേള നടക്കുന്നത്. കാശ്മീരി സാരികളും ജയ്പൂരിലെ പരമ്പരാഗത വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം മേളയിലുണ്ട്. മധ്യപ്രദേശ് കരകൗശല വികസന കോര്‍പറേഷന്റെ വിഷുമേള കോഴിക്കോട് കോര്‍പറേഷന്റെ മൃഗനയനി ഷോറൂമിലും പുരോഗമിക്കുകയാണ്. ചന്ദേരി, മഹേശ്വരി, ടസ്സര്‍ സില്‍ക്ക് സാരികളും ഹാന്റ് പ്രിന്റഡ് മെറ്റീരിയലുകളുമാണ് മൃഗനയനിയിലുള്ളത്.
നഗരത്തില്‍ ഓരോ മേളകളിലും തിരക്കുകൂടിവരുന്നതിനൊപ്പം തന്നെ വഴിയോര കച്ചവടക്കാരും സജീവമാണ്. പാവമണി റോഡിലാണ് തെരുവോര കച്ചവടം ഏറെയുള്ളത്. പാളയം പച്ചക്കറി മാര്‍ക്കറ്റ് വിഷു അടുത്തെത്തിയതോടെ നിന്നു തിരിയാനിടമില്ലാത്ത വിധം തിരക്കിലാണ്. പൊള്ളുന്ന വിലയാണ് പച്ചക്കറികള്‍ക്കെല്ലാം. മിഠായിത്തെരുവിലും കച്ചവടം പൊടിപൊടിക്കുകയാണ്. ഇന്ന് എല്ലായിടത്തും തിരക്ക് വര്‍ധിക്കാനാണ് സാധ്യത.

---- facebook comment plugin here -----

Latest