Connect with us

International

അഫ്ഗാന്‍ തിരഞ്ഞെടുപ്പ്: ആദ്യ ഫലങ്ങള്‍ അബ്ദുല്ലക്ക് അനുകൂലം

Published

|

Last Updated

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ ആദ്യ ഫലങ്ങള്‍ മുന്‍ വിദേശകാര്യ മന്ത്രി അബ്ദുല്ല അബ്ദുല്ലക്ക് അനുകൂലം. 26 പ്രവിശ്യകളിലായി അഞ്ച് ലക്ഷം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 41.9 ശതമാനം വോട്ടുകളും അബ്ദുല്ല നേടി. തൊട്ടടുത്ത എതിരാളി അഷ്‌റഫ് ഖാനിക്ക് ലഭിച്ചത് 37.6 ശതമാനം വോട്ടുകളാണ്. ഹാമിദ് കര്‍സായിയുടെ പിന്‍ഗാമിയാകുമെന്ന് വിലയിരുത്തപ്പെട്ട മറ്റൊരു മുന്‍ വിദേശകാര്യ മന്ത്രി സല്‍മാഇ റസൂലിന് വെറും 9.8 ശതമാനം വോട്ടുകളേ ഇതുവരെ ലഭിച്ചിട്ടുള്ളൂ.

ഈ മാസം അഞ്ചിന് നടന്ന അഫ്ഗാന്‍ പ്രസിഡന്‍് തിരഞ്ഞെടുപ്പില്‍ 34 പ്രവിശ്യകളിലായി എഴുപത് ലക്ഷം സമ്മതിദായകരാണ് വോട്ടവകാശം വിനിയോഗിച്ചത്. ഏപ്രില്‍ 24ഓട് കൂടിയേ വോട്ടെണ്ണല്‍ പൂര്‍ത്തിയായി അന്തിമ ഫലം പുറത്തുവരികയുള്ളൂ. അന്തിമ ഫലം പുറത്തുവരുമ്പോള്‍ ഒരു സ്ഥാനാര്‍ഥിക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ മേയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തേണ്ടിവരും.

അതേസമയം, വോട്ടെണ്ണല്‍ തുടരുന്ന സാഹചര്യത്തില്‍ ആര് പ്രസിഡന്റാകുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തമായ സൂചനകള്‍ പറയാനാകില്ലെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. വിദൂര സ്ഥലങ്ങളില്‍ നിന്നുള്ള ബാലറ്റുകള്‍ ഇപ്പോള്‍ തലസ്ഥാനമായ കാബൂളില്‍ എത്തിച്ചേര്‍ന്നിട്ടില്ല.