Connect with us

Gulf

തെറ്റായ വാര്‍ത്ത: 'ഗാര്‍ഡിയന്‍' ശൈഖ് മുഹമ്മദിനോട് ക്ഷമാപണം നടത്തി

Published

|

Last Updated

ദുബൈ: യു എ ഇ വൈസ് പ്രിസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമുമായി ബന്ധപ്പെട്ട് സത്യസന്ധമല്ലാത്ത വാര്‍ത്ത പ്രസിദ്ധീകരിച്ച ബ്രിട്ടനിലെ ദ ഗാര്‍ഡിയന്‍ പത്രം മാപ്പ് പറഞ്ഞു.

ഗാര്‍ഡിയന്‍ പത്രത്തിന്റെ ഈ മാസം എട്ടിന് പുറത്തിറങ്ങിയ പതിപ്പിലാണ് ശൈഖ് മുഹമ്മദിനെക്കുറിച്ച് അവാസ്തവമായ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. യൂറോപ്പ് സന്ദര്‍ശിക്കുന്ന തന്റെ കുടുംബത്തിന് ഷോപ്പിംഗില്‍ സഹായിക്കാന്‍ 60 യുവതികളെ ആവശ്യമുണ്ടെന്ന് പറഞ്ഞ് ശൈഖ് മുഹമ്മദ് പരസ്യം ചെയ്തു എന്നതാണ് ഗാര്‍ഡിയന്‍ നല്‍കിയ വാര്‍ത്ത.

യുറോപ്പ് സന്ദര്‍ശിക്കുന്ന തന്റെ കുടുംബത്തെ സഹായിക്കാന്‍ 18നും 28നുമിടയില്‍ പ്രായമുള്ളതും സൗന്ദര്യവതികളുമായ യുവതികളെ പ്രതിദിനം 100 യൂറോ പ്രതിഫലവും സ്വകാര്യ വിമാനത്തില്‍ യാത്രയും ആഡംബര അപാര്‍ട്ടുമെന്റില്‍ താമസവും നല്‍കുമെന്ന് വ്യവസ്ഥയില്‍ ആവശ്യമുണ്ടെന്ന് പരസ്യം നല്‍കിയെന്നാണ് ഗാര്‍ഡിയന്‍ പത്രം വാര്‍ത്ത നല്‍കിയത്.

ശൈഖ് മുഹമ്മദിന്റെ പാലസ് ഇത്തരമൊരു പരസ്യം ചെയ്തിട്ടില്ലെന്ന് സ്ഥിരീകരിച്ചതിനാല്‍ തെറ്റായി വാര്‍ത്ത നല്‍കിയതില്‍ ഖേദിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്യുന്നു എന്നാണ് ഗാര്‍ഡിയന്‍ വാര്‍ത്ത തിരുത്തിക്കൊണ്ട് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്.

---- facebook comment plugin here -----

Latest