Connect with us

Kerala

ആലപ്പുഴ ജില്ലാ കലക്ടറെ മാറ്റാന്‍ എല്‍ ഡി എഫ് പ്രക്ഷോഭം ശക്തമാക്കുന്നു

Published

|

Last Updated

ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും പ്രചാരണ ചൂട് അതേ പടി നിലനിര്‍ത്താനുള്ള തയ്യാറെടുപ്പിലാണ് ആലപ്പുഴയിലെ ഇടതുപക്ഷ നേതൃത്വം. ഒരു ഭാഗത്ത് വോട്ടിന്റെ കണക്ക്കൂട്ടലുകള്‍ നടത്തുമ്പോഴും പ്രചാരണ ഘട്ടത്തില്‍ ജില്ലാ വരണാധികാരിയായ കലക്ടര്‍ക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ സജീവമാക്കി അണികളുടെ ആവേശം നിലനിര്‍ത്താനാണ് മുന്നണിയുടെ ശ്രമം.
ഇടതുമുന്നണി സമര്‍പ്പിച്ച തിരഞ്ഞെടുപ്പ് പരാതികളില്‍ നടപടി വൈകിക്കുന്ന ജില്ലാ കലക്ടര്‍ക്കെതിരെ കടുത്ത സമരവുമായി ഇടതു മുന്നണി രംഗത്തുവന്നു കഴിഞ്ഞു. 16ന് നടക്കുന്ന കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും ജില്ലാ കലക്ടര്‍ എന്‍ പത്മകുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ടാണ്. യു ഡി എഫ് നടത്തിയ തിരഞ്ഞെടുപ്പ് ചട്ടലംഘനങ്ങള്‍ അതാത് സമയങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ക്കും നല്‍കിയിട്ടും ഒന്നില്‍ പോലും നടപടിയുണ്ടായില്ലെന്ന് ഇടതുമുന്നണി തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി ജി സുധാകരന്‍ എം എല്‍ എ, പ്രസിഡന്റ് പി തിലോത്തമന്‍ എം എല്‍ എ എന്നിവര്‍ ആരോപിച്ചു.
യു ഡി എഫ് സ്ഥാനാര്‍ഥി കെ സി വേണുഗോപാലിന്റെ നേട്ടങ്ങള്‍ വിവരിച്ച് തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് വിതരണം ചെയ്ത പ്രസിദ്ധീകരണത്തില്‍ ജില്ലാ കലക്ടറുടെ ചിത്രം ഉള്‍പ്പെടുത്തിയത് ചട്ടലംഘനമാണെന്ന് കാട്ടി ഇതിന്റെ വിതരണം തടയണമെന്നാവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.
പ്രചാരണത്തിന്റെ തുടക്കത്തില്‍ തന്നെ സംസ്ഥാന പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രസിദ്ധീകരിച്ച സംസ്ഥാന സര്‍ക്കാറിന്റെ ബുക്ക്‌ലെറ്റുകള്‍ വ്യാപകമായി യു ഡി എഫുകാര്‍ വീടുകള്‍ തോറും വിതരണം ചെയ്തതിനെതിരെയും ഇടതു മുന്നണി കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ വരണാധികാരിഅച്ചടിച്ച് നല്‍കിയ രേഖകളില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി സി ബി ചന്ദ്രബാബുവിന്റെ ഇനീഷ്യല്‍ തെറ്റായാണ് അച്ചടിച്ചിരുന്നത്. ഇതടക്കം പതിനേഴോളം പരാതികളും ചട്ടലംഘനങ്ങളുമാണ് ജില്ലാ കലക്ടര്‍ എന്‍ പത്മകുമാറിന് നല്‍കിയത്.
ഇതിലൊന്നും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് കലക്ടറെ നീക്കണമെന്നാവശ്യപ്പെട്ട് ഇടതുമുന്നണി സമരത്തിനിറങ്ങിയിരിക്കുന്നത്. ഏറ്റവുമൊടുവില്‍ തിരഞ്ഞെടുപ്പ് ദിവസം കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ ടി ഇതിഹാസ് ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനും ജെ എസ് എസ് നേതാവ് കെ ആര്‍ ഗൗരിയമ്മയെ അവഹേളിക്കുന്ന പ്രസിദ്ധീകരണം വിതരണം ചെയ്യുന്നതിനുമായി ഉപയോഗിച്ചതിനെതിരെയും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല.
കലക്ടര്‍ യു ഡി എഫിനുവേണ്ടി വിടുപണി ചെയ്യുകയാണെന്നാണ് ഇടതുമുന്നണിയുടെ ആരോപണം. കലക്ടര്‍ക്കെതിരെ കോടതിയെ സമീപിക്കാനും സി പി എം ആലോചിക്കുന്നുണ്ട്. ജില്ലാ ഭരണകൂടത്തിനെതിരെ ഇടതുമുന്നണി പ്രഖ്യാപിച്ചിട്ടുള്ള സമരം വരും ദിനങ്ങളില്‍ ജില്ലയുടെ വികസന പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, ശാന്തമായ അന്തരീക്ഷത്തില്‍ ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ നേതൃത്വം നല്‍കിയ ജില്ലാ കലക്ടര്‍ക്കെതിരെ ഭീഷണിയുമായി രംഗത്തുവന്ന ജി സുധാകരന്‍ എം എല്‍ എ യുടെ നടപടി ധിക്കാരപരമാണന്ന് ഡി സി സി പ്രസിഡന്റ് എ എ .ഷുക്കൂര്‍ ആരോപിച്ചു.
തിരഞ്ഞെടുപ്പ് പരാജയം മുന്നില്‍ കണ്ട് സുധാകരന്‍ നടത്തുന്ന ഇത്തരം ജല്‍പ്പനങ്ങള്‍ രാഷ്ട്രീയ മര്യാദയില്ലായ്മയാണ്. മുന്‍ കാലങ്ങളെ അപേക്ഷിച്ച് സുതാര്യമായി ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടന്നിരിക്കെ, തന്റെ ഇംഗിതങ്ങള്‍ക്കനുസരിച്ച് ജില്ലാ കലക്ടര്‍ നിന്നുകൊടുക്കാത്തതിലുളള അസഹിഷ്ണുത മൂലമാണ് ഭീഷണിയുമായി സുധാകരന്‍ രംഗത്തുവന്നിട്ടുളളതെന്ന് ഷുക്കൂര്‍ ആരോപിച്ചു.
താന്‍ മന്ത്രിയായിരുന്നപ്പോള്‍ കീഴ് ഉദ്യോഗസ്ഥരോട് കല്‍പ്പിച്ചു കാര്യങ്ങള്‍ നടത്തിയിരുന്നു എന്നതിന്റെ തെളിവാണ്, മന്ത്രി അല്ലാതിരുന്നിട്ടും തന്റെ ശൈലി സുധാകരന് മറക്കാന്‍ കഴിയാത്തത്. യാഥാര്‍ഥ്യം ഉള്‍ക്കൊളളാന്‍ സുധാകരന്‍ ഇനിയെങ്കിലും തയ്യാറാകണമെന്ന് ഷുക്കൂര്‍ ആവശ്യപ്പെട്ടു.

 

Latest