Connect with us

Ongoing News

ഐ പി എല്‍ നാളെ മുതല്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റിന്റെ ഏഴാം സീസണിന് നാളെ അബൂദബിയില്‍ തുടക്കം. എട്ട് ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റിലെ ഉദ്ഘാടന മത്സരം നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലാണ്. രാത്രി 8.00ന് സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്‌സമയം.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍ റൈസേഴ്‌സ്, ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്, പഞ്ചാബ് കിംഗ്‌സ് ഇലവന്‍, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് എന്നിങ്ങനെയാണ് മറ്റ് ടീമുകള്‍. ദുബൈയിലും ഇന്ത്യയിലുമായി രണ്ട് ഘട്ടമായാണ് ഇത്തവണ ടൂര്‍ണമെന്റ്. രാജ്യം പൊതുതിരഞ്ഞെടുപ്പിന്റെ തിരക്കിലായതാണ് കാരണം. ജൂണ്‍ ഒന്നിനാണ് ഫൈനല്‍.സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിരമിച്ചതിന് ശേഷമുള്ള ആദ്യ ഐ പി എല്ലിനാണ് നാളെ തുടക്കമാകുന്നത്. വാതുവെപ്പ് വിവാദത്തിന്റെ അലയൊലികള്‍ ഇനിയും അടങ്ങിയിട്ടില്ല. സുനില്‍ ഗവാസ്‌കര്‍ സുപ്രീം കോടതി നിര്‍ദേശ പ്രകാരം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബി സി സി ഐ) താത്കാലിക പ്രസിഡന്റായും ഐ പി എല്ലിന്റെ താത്കാലിക ചുമതലക്കാരനായും പ്രവര്‍ത്തിക്കുന്നു എന്നതും പ്രത്യേകതയാണ്. മുന്‍കാലത്തില്‍ നിന്നും വിഭിന്നമായി ക്രിക്കറ്റിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന വിധമാകും ഐ പി എല്‍. ചിയര്‍ലീഡേഴ്‌സും മത്സരത്തിന് ശേഷമുള്ള പാര്‍ട്ടിയും ഉണ്ടാകില്ല. കളിക്കാര്‍ താമസിക്കുന്ന ഹോട്ടല്‍ മുറികള്‍ സൂക്ഷ്മനിരീക്ഷണത്തിലായിരിക്കും. എല്ലാം കൊണ്ടും പിഴവറ്റ ഐ പി എല്‍ സീസണാണ് ഗവാസ്‌കര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍, ദുബൈയിലെ വേദികള്‍ അധോലോകത്തിന്റെ വാതുവെപ്പ് കേളികള്‍ക്ക് മുമ്പ് ഇടത്താവളമൊരുക്കിയിരുന്നുവെന്നത് തലവേദന തന്നെയാണ്.