Connect with us

Editorial

ഇന്ത്യന്‍ യുവതയെ ലക്ഷ്യമിടുന്ന ലഹരി മാഫിയ

Published

|

Last Updated

മയക്കുമരുന്ന് മാഫിയയുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ ശക്തിയാര്‍ജിക്കുകയാണെന്നാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന വര്‍ധിതമായ മയക്കുമരുന്ന് വേട്ടകള്‍ നല്‍കുന്ന സൂചന. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഖത്തര്‍ എയര്‍വേയ്‌സിലെ സിംബാബ്‌വേ സ്വദേശിനിയായ ഒരു സ്ത്രീയില്‍ നിന്ന് ഇന്നലെ 10 കോടിയുടെ മയക്കു മരുന്ന് പിടിച്ചെടുക്കുകയുണ്ടായി. രഹസ്യ വിവരത്തെ തുടര്‍ന്ന് കസ്റ്റംസും ഇന്റലിജന്‍സും നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. കഴിഞ്ഞ മാസം 30ന് ഡല്‍ഹി നിസാമുദ്ദീന്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് 25 കോടി രൂപക്കുള്ള ഹെറോയിനുമായി ആന്ധ്രാ സ്വദേശി അനുമുളഗുണ്ടം സോമശേഖറിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏഴര കോടി രൂപയുടെ മയക്കുമരുന്നുമായി ദക്ഷിണാഫ്രിക്കന്‍ യുവതി മുംബൈ ഛത്രപതി വിമാനത്താവളത്തില്‍ പിടിയിലായത് ജനുവരി നാലിനാണ്. ഡല്‍ഹിയില്‍ ജനുവരി രണ്ടിന് 100 കോടി രൂപ വില വരുന്ന 47 കിലോ ഹെറോയിനും രണ്ട് കിലോ കൊക്കൈനും പിടിച്ചെടുക്കുകയുണ്ടായി.
അഫ്ഗാനിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് ലോബി ഇന്ത്യയെ ഇടത്താവളമാക്കിയതായും ജമ്മു കാശ്മീര്‍ വഴി ഇന്ത്യയിലേക്ക് മയക്കുമരുന്നുകളെത്തിച്ചു ഇവിടെ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് കടത്തുന്നതായും വാര്‍ത്തയുണ്ടായിരുന്നു. പഞ്ചാബിലെ അമൃത്‌സറിനു സമീപമുള്ള അതിര്‍ത്തി പ്രദേശത്തു നിന്ന് ഈ മാസം നാലിന് 65 കോടിയുടെ മയക്കുമരുന്നും ആയുധങ്ങളും ബി എസ് എഫ് പിടിച്ചെടുക്കുകയുമുണ്ടായി. അതിര്‍ത്തിയിലൂടെ മയക്കുമരുന്നും ആയൂധങ്ങളും കടത്തുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. മുമ്പും പലതവണ അതിര്‍ത്തിയില്‍ വന്‍മയക്കുമരുന്ന് വേട്ടകള്‍ നടന്നിട്ടുണ്ട്. അതിര്‍ത്തി സേനയുടെ കണ്ണ് വെട്ടിച്ചും മയക്കുമരുന്ന് കടത്തുന്നുണ്ട്. ഇന്നലെ തിരുവനന്തപുരത്ത് പിടിയിലായ യുവതിയുടെ കൈവശമുണ്ടായിരുന്ന മയക്കു മരുന്ന് സിംബാബ്‌വേയിലേക്ക് കൊണ്ടുപോകാനായി ഡല്‍ഹിയില്‍ നിന്ന് വാങ്ങിയതാണെന്നാണ് അവര്‍ അധികൃതരോട് വെളിപ്പെടുത്തിയത്. ഡല്‍ഹിയില്‍ പിടിയിലായ ആന്ധ്രാ സ്വദേശി സോമശേഖറിന് പിന്നില്‍ ജമ്മുകാശ്മീര്‍, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ മയക്കുമരുന്ന് ശൃംഖലയുണ്ടെന്നും അധികൃതര്‍ വെളിപ്പെടുത്തിയിരുന്നു.
ഇന്ത്യയില്‍ മയക്കുമരുന്ന് ഉപഭോക്താക്കളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതായുള്ള യു എന്‍ റിപ്പോര്‍ട്ട് ചേര്‍ത്തു വായിക്കുമ്പോള്‍, രാജ്യത്തെ ഒരു ഇടത്താവളമായി ഉപയോഗപ്പെടുത്തുന്നതിലുപരി, നമ്മുടെ യുവ തലമുറയെ വിശിഷ്യാ വിദ്യാര്‍ഥി സമൂഹത്തെ മയക്കുമരുന്നിന്റെ അടിമകളാക്കാനുള്ള ഗൂഢനീക്കം ഇതിന് പിന്നിലുണ്ടെന്ന് സന്ദേഹിക്കേണ്ടതുണ്ട്. ദക്ഷിണേഷ്യയില്‍ ഏറ്റവും കൂടുതല്‍ ഹെറോയിന്‍ ഉപഭോഗം ഇന്ത്യയിലാണെന്നും ദക്ഷിണേഷ്യയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന 40 ടണ്‍ മയക്കുമരുന്നില്‍ 17 ടണ്ണും ഉപയോഗിക്കുന്നത് ഇന്ത്യക്കാരാണെന്നുമാണ് യു എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹെറോയിന് രാജ്യത്ത് ഏകദേശം മൂന്ന് ദശലക്ഷം ഉപഭോക്താക്കള്‍ ഉണ്ട്. ഇതിലേറെയും വിദ്യാര്‍ഥികളാണെന്നും ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.
ശത്രുരാജ്യത്തെ നശിപ്പിക്കാന്‍ മയക്കുമരുന്ന് ആയുധമാക്കിയുള്ള ഹീനതന്ത്രം പ്രയോഗിക്കപ്പെടാറുണ്ട്. മറ്റു ആയുധങ്ങളേക്കാളുപരി മാരകവും ഫലപ്രദവുമാണ്, മയക്കുമരുന്നിനടിമകളാക്കി അവിടുത്തെ ജനതയുടെ ചിന്താപരവും ക്രിയാത്മകവുമായ ശേഷി നശിപ്പിക്കുകയെന്നത്. ഈജിപ്ത്, ഇറാഖ് തുടങ്ങി ചില അറബ് രാഷ്ട്രങ്ങളില്‍ ഇസ്‌റാഈല്‍ ചാരസംഘടനയായ മൊസ്സാദ് ആപത്കരമായ ഈ തന്ത്രം പ്രയോഗിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. പ്രസ്തുത രാഷ്ട്രങ്ങളിലെ ധാര്‍മിക തകര്‍ച്ചയും മതമൂല്യങ്ങളില്‍ നിന്നുള്ള വ്യതിയാനവും ഇതിനെ സാധൂകരിക്കുന്നുമുണ്ട്. വികസന രംഗത്ത് സമീപകാലത്ത് ഇന്ത്യക്കുണ്ടായ വന്‍ പുരോഗതിയിലും വളര്‍ച്ചയിലും പല വികസിത രാഷ്ട്രങ്ങളും കടുത്ത അസംതൃപ്തരാണെന്നത് രഹസ്യമല്ല. ശത്രുരാജ്യങ്ങളെ നശിപ്പിക്കാന്‍ എത്ര മാരകവും ഹീനവുമായ തന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ മടിക്കാത്തവരാണ് ഇവയില്‍ പലരും. ഈ സാഹചര്യത്തില്‍ ക്രമാതീതമായി ഉയര്‍ന്ന, രാജ്യത്തെ മയക്കുമരുന്നിടപാടും യുവജനതയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ തകര്‍ക്കുന്ന വര്‍ധിതമായ മയക്കുമരുന്നുപയോഗവും അതീവ ഗൗരവത്തോടെ കാണേണ്ടതും അത് തടയാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്.

Latest