Connect with us

Kozhikode

സമസ്ത പണ്ഡിത സമ്മേളനം നാളെ

Published

|

Last Updated

കോഴിക്കോട് : മുസ്‌ലിം കൈരളിക്ക് മത വൈജ്ഞാനിക സാമൂഹിക മേഖലകളില്‍ ഒമ്പത് പതിറ്റാണ്ടോളം കാലം വ്യക്തമായ നേതൃത്വം നല്‍കിയ സമസ്തയുടെ ആഭിമുഖ്യത്തില്‍ നാളെ കോഴിക്കോട്ട് വിപുലമായ പണ്ഡിത സമ്മേളനം നടക്കുന്നു.
വിശ്വാസം, കര്‍മം, ആത്മീയം എന്നീ മൂന്ന് സെഷനുകളിലായി പഠനം, ചര്‍ച്ച, പ്രമേയം, പ്രഭാഷണം എന്നിവ സമ്മേളനത്തില്‍ നടക്കും. നബി(സ്വ)യും അനുചരന്‍മാരും പകര്‍ന്നു തന്ന യഥാര്‍ത്ഥ ഇസ്‌ലാമിക വിശ്വാസത്തെ സമൂഹത്തിന് പഠിപ്പിച്ചും വിശ്വാസ വൈകൃതങ്ങളെയും മതപരിഷ്‌കരണ വാദങ്ങളെയും ശക്തമായി പ്രതിരോധിച്ചും പ്രവര്‍ത്തിച്ചു വരുന്ന പണ്ഡിത സഭയാണ് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ.
സംഘടനയുടെ രൂപവത്കരണ ലക്ഷ്യത്തില്‍ നിന്നും അണു അളവ് വ്യതിചലിക്കാതെ പൂര്‍വീകരുടെ പാതയില്‍ പ്രസ്ഥാനത്തെ വഴി നടത്താന്‍ മുന്നില്‍ നടന്ന താജുല്‍ ഉലമയുടെ വിയോഗത്തിനു ശേഷം നടക്കുന്ന ജനറല്‍ ബോഡിയുടെ ഭാഗമായാണ് പണ്ഡിത സമ്മേളനം നടക്കുന്നത്.
ജില്ലാ മുശാവറ അംഗങ്ങള്‍ക്ക് പുറമെ ജില്ല മുശാവറ തെരഞ്ഞെടുത്ത പണ്ഡിതരും പ്രതിനിധികളായുള്ള സമ്മേളനത്തില്‍ ജംഇയ്യതുല്‍ ഉലമാ പ്രസിഡന്റ് എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, കെ പി ഹംസ മുസ്‌ലിയാര്‍, സയ്യിദ് അലി ബാഫഖി, ഇ സുലൈമാന്‍ മുസ്‌ലിയാര്‍, എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, എ പി മുഹമ്മദ് മുസ്‌ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. കാലത്ത് പത്ത് മണിക്ക് കോഴിക്കോട് മര്‍കസ് കോംപ്ലക്‌സ് ഓഡിറ്റോറിയത്തില്‍ ആരംഭിക്കുന്ന സമ്മേളനം അടുത്ത മൂന്ന് വര്‍ഷം കേരളത്തില്‍ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പുതിയ സാരഥികളെ തിരഞ്ഞെടുക്കും.