Connect with us

Kerala

സ്വകാര്യ ടെലികോം കമ്പനികളും സി എ ജി ഓഡിറ്റിംഗിന് വിധേയമാകണം

Published

|

Last Updated

ന്യൂഡല്‍ഹി: സ്വകാര്യ ടെലികോം കമ്പനികളില്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന് (സി എ ജി) പരിശോധന നടത്താമെന്ന് സുപ്രീം കോടതി. സ്വകാര്യ ടെലികോം ഓപറേറ്റര്‍മാരുടെ വരവ് ചെലവുകള്‍ ഓഡിറ്റ് ചെയ്യാന്‍ സി എ ജിക്ക് അധികാരമുണ്ടെന്ന് കാണിച്ച് ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീം കോടതി ശരിവെച്ചു. ഹൈക്കോടതി വിധിക്കെതിരെ കമ്പനികള്‍ നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍ അധ്യക്ഷനായ ബഞ്ച്.
പ്രകൃതി വിഭവങ്ങളും പൊതു ഉടമസ്ഥതയിലുള്ള സംവിധാനങ്ങളുമാണ് സ്വകാര്യ കമ്പനികള്‍ ഉപയോഗിക്കുന്നത്. അതുകൊണ്ട് അവ പാര്‍ലിമെന്ററി നിയന്ത്രണത്തിന് വിധേയമാകേണ്ടതാണ്. സി എ ജി ഓഡിറ്റിംഗ് അനിവാര്യമാകുന്നത് ഈ പശ്ചാത്തലത്തിലാണെന്നും ബഞ്ച് നിരീക്ഷിച്ചു. സ്വകാര്യ ടെലികോം കമ്പനികളും സെല്ലുലാര്‍ ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുമാണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. പൊതു സ്വകാര്യ പങ്കാളിത്തമുള്ള പദ്ധതികളില്‍ നിന്നു ലഭിക്കുന്ന വരുമാനം എത്രയെന്ന് കമ്പനികള്‍ സര്‍ക്കാറിനെ അറിയിക്കണമെന്ന നിലപാട് കോടതിയെ കേന്ദ്രം അറിയിച്ചിരുന്നു. സ്വകാര്യ വൈദ്യുതി കമ്പനികളില്‍ സി എ ജി ഓഡിറ്റിംഗ് വേണമെന്ന് ഡല്‍ഹിയില്‍ ഭരണത്തിലിരുന്നപ്പോള്‍ ആം ആദ്മി പാര്‍ട്ടി നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശത്തിനെതിരെ കമ്പനികള്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളുകയായിരുന്നു. ഇപ്പോള്‍ ടെലികോം കമ്പനികളെക്കൂടി സി എ ജിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ പരമോന്നത കോടതി പച്ചക്കൊടി കാണിച്ചതോടെ കൂടുതല്‍ സ്വകാര്യ മേഖലകള്‍ ഓഡിറ്റിംഗ് പരിധിയിലേക്ക് വരുമെന്ന വിലയിരുത്തല്‍ ശക്തമാകുകയാണ്.