Connect with us

Editorial

കാട്ടുതീ: അന്വേഷണം സമഗ്രമാകട്ടെ

Published

|

Last Updated

വയനാട്ടിലെ കാട്ടുതീ മനുഷ്യസൃഷ്ടിയാണെന്ന് വനം വകുപ്പ് വിജിലന്‍സ് സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം 16നാണ് വയനാട്ടിലെ മുത്തങ്ങ, തോല്‍പ്പെട്ടി മേഖലകളിലെ വിവിധ ഭാഗങ്ങളില്‍ കാട്ടുതീ പ്രത്യക്ഷപ്പെട്ടത്. ഇത് സ്വാഭാവിക തീപിടിത്തമല്ലെന്നും നിക്ഷിപ്ത താത്പര്യക്കാരുടെ കരങ്ങളാണ് ഇതിന് പിന്നിലെന്നും കാണിച്ചു മാര്‍ച്ച് 17ന് വനം വകുപ്പ് വിജിലന്‍സ് വിഭാഗം അഡീഷനല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ സി എസ് യാലക്കി വനം മന്ത്രിക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് കാട്ടുതീ പടര്‍ന്ന സാഹചര്യത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍ദേശം നല്‍കി. തദടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് പ്രാഥമിക നിഗമനം സ്ഥിരീകരിച്ചത്. തെളിവ് സഹിതം കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതില്‍ വനംവകുപ്പിന് പരിമിതികളുള്ളതിനാല്‍ തുടരന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്നും റപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു.
കാട്ടുതീ വയനാടന്‍ മലകളില്‍ പുതുമയല്ലെങ്കിലും കഴിഞ്ഞ മാസം ഒരേ സമയം പതിനഞ്ചോളം സ്ഥലങ്ങളിലാണ് തീപടര്‍ന്നത്. സംഭവത്തില്‍ വയനാട് നോര്‍ത്ത് വന മേഖലയിലെ ബേഗൂര്‍ റേഞ്ചിലെ 200 ഹെക്ടര്‍ ഭൂമിയും വയനാട് വന്യജീവിമസങ്കേതത്തിലുള്‍പ്പെട്ട തോല്‍പ്പെട്ടി റേഞ്ചിലെ 80 ഹെക്ടറും അടക്കം 417.83 ഹെക്ടര്‍ പ്രദേശത്തെ അഗ്നിബാധ ചാമ്പലാക്കി. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പ്രക്ഷോഭം നടന്നത് ഇതിന്റെ സമീപ പ്രദേശത്തായിരുന്നു. റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ വന മേഖല അഗ്നിക്കിരയാക്കുമെന്ന് പ്രക്ഷോഭ വേദികളില്‍ നിന്ന് മുന്നറിയിപ്പ് ഉയരുകയുമുണ്ടായി. വയനാട് കടുവാ സങ്കേതമാക്കുന്നതിനെതിരെയും ചില ഭാഗങ്ങളില്‍ നിന്ന് ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. മാവോയിസ്റ്റ് സ്വാധീനമുള്ള മേഖലകളുമുണ്ട് തീപിടിത്തമുണ്ടായതിനു സമീപം. കൊടും ചൂട് കാലത്ത് വനത്തില്‍ ഉണ്ടാകാറുള്ള സ്വാഭാവിക കാട്ടുതീ മുതലെടുത്ത്, ഇത്തവണ ബോധപൂര്‍വം കാട്ടുതീ ഉണ്ടാക്കാനുള്ള സാധ്യതയെക്കുറിച്ച് വനപാലകര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നുവത്രെ. ഇതെല്ലാമാണ് സംഭവം അട്ടിമറിയാണെന്ന നിഗമനത്തിലേക്ക് അധികൃതരെ എത്തിച്ചത്.
വയനാടിന്റെ മൊത്തം ഭൂവിസ്തൃതിയുടെ 70 ശതമാനം വനമേഖലയാണ്. സംസ്ഥാനത്തെ മൊത്തം വനവിസ്തൃതിയുടെ 13 ശതമാനം വരുമിത്. വയനാടിനെ പൊതിഞ്ഞുനില്‍ക്കുന്ന ഹരിതവനങ്ങളാണ് ഇവിടുത്തെ കുളിര്‍മയുള്ള കാലാവസ്ഥയുടെ രഹസ്യം. ദക്ഷിണേന്ത്യന്‍ കാലാവസ്ഥയെ നിര്‍ണയിക്കുന്നതിലും വയനാടന്‍ വനഭൂമിക്ക് മുഖ്യ പങ്കുണ്ട്. ഒരേസമയം പതിനഞ്ചിടങ്ങളില്‍ ആളിപ്പടര്‍ന്ന കാട്ടുതീയില്‍ അമൂല്യമായ ജൈവസമ്പത്തുകളാണ് നശിച്ചത്. മുന്‍കാലങ്ങളിലെ പരിസ്ഥിതി നശീകരണം മൂലമുണ്ടായ കാലാവസ്ഥാ മാറ്റത്തില്‍ കേരളം ഇപ്പോള്‍ തന്നെ ചുട്ടു പൊള്ളുകയാണെന്നിരിക്കെ, ഇനിയും കാടുകള്‍ വന്‍തോതില്‍ നശിക്കുന്നത് വേനല്‍ച്ചൂട് കൂടുതല്‍ അസഹ്യമാക്കും. ഈ സാഹചര്യത്തില്‍ സാമൂഹികദ്രോഹികളാണിതിന് പിന്നിലെന്ന വനംവകുപ്പ് വിജിലന്‍സിന്റെ നിഗമനം അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്.
കാടിനു തീവെച്ചത് മനുഷ്യരാണെങ്കില്‍, അതാരാണെന്നതിന്റെ സൂചന പോലും വനം വിജിലന്‍സിന് ലഭിച്ചിട്ടില്ലെന്നാണ് മന്ത്രിക്കു സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്. വനം വകുപ്പിന്റെ അന്വേഷണത്തിനു പുറമെ, വയനാട്ടിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇതുമായി ബന്ധപ്പെട്ടു രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അടിസ്ഥാനത്തില്‍ പോലീസും നിരവധി പേരെ ചോദ്യം ചെയ്‌തെങ്കിലും മതിയായ തെളിവകളൊന്നും ലഭ്യമായിട്ടില്ല. അതുകൊണ്ടായിരിക്കണം ക്രൈം ബ്രാഞ്ച് അന്വേഷണത്തിന്റെ ആവശ്യകത റപ്പോര്‍ട്ടില്‍ ഊന്നിപ്പറഞ്ഞത്. മുന്‍വര്‍ഷങ്ങളിലെ കാട്ടുതീക്ക് പിന്നിലും ചില സന്ദേഹങ്ങളുണ്ടായിരുന്നെങ്കിലും തെളിവ് ലഭിക്കായ്കയാല്‍ ആ കേസുകള്‍ എഴുതിത്തള്ളുകയാണുണ്ടായത്. വ്യാപകമായ നാശങ്ങള്‍ക്കിടയാക്കിയ ഇത്തവണത്തെ അഗ്നിബാധയും എഴുതിത്തള്ളുന്ന കേസുകളുടെ പട്ടികയില്‍ ഇടം പിടിക്കാതിരിക്കാന്‍ സമഗ്രമായ അന്വേഷണത്തിന് സര്‍ക്കാര്‍ സന്നദ്ധമാകേണ്ടതുണ്ട്. പ്രത്യുത സാമുഹികദ്രോഹികള്‍ തുടര്‍ന്നും ഇത്തരം വിനാശകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുനിയുകയും നമ്മുടെ കാടും ജൈവ സമ്പത്തും നാമാവശേഷമാകുകയും ചെയ്യും.

Latest