Connect with us

Ongoing News

കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഒഴിവില്ല: ശശി തരൂര്‍

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇപ്പോള്‍ ഒഴിവില്ലെന്ന് കേന്ദ്ര മന്ത്രി ശശി തരൂര്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മകള്‍ പ്രിയങ്കാ ഗാന്ധിക്ക് പാര്‍ട്ടിയില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ നല്‍കുന്നതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രിയങ്കാ ഗാന്ധിക്ക് പാര്‍ട്ടിയില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ നല്‍കണമെന്ന് ഒരു വിഭാഗം നേതാക്കള്‍ ശക്തമായി ആവശ്യപ്പെട്ടു വരുന്നതിനിടെയാണ് തരൂരിന്റെ അഭിപ്രായപ്രകടനം. കോണ്‍ഗ്രസില്‍ ഇപ്പോള്‍ അധ്യക്ഷയും ഉപാധ്യക്ഷനുമുണ്ട്. അവര്‍ അവരുടെ ഉത്തരവാദിത്വങ്ങള്‍ കൃത്യമായി ചെയ്യുന്നുമുണ്ട്. പ്രിയങ്കാ ഗാന്ധി അമേത്തിയിലും റായ്ബറേലിയിലും പ്രചാരണം നടത്തുന്നുണ്ട്. പ്രിയങ്ക അവരുടെ കോണ്‍ഗ്രസിലുള്ള പങ്കിന് സ്വയം നിയന്ത്രണം വെച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് വക്താവ് കൂടിയായ ശശി തരൂര്‍ പറഞ്ഞു.
എന്നാല്‍, പ്രിയങ്കാ ഗാന്ധി പ്രചാരണം നടത്തുന്ന രണ്ട് മണ്ഡലങ്ങളിലും കാര്യമായ ചലനം സൃഷ്ടിക്കാന്‍ സാധിച്ചതായി തരൂര്‍ അഭിപ്രായപ്പെട്ടു. ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്കെതിരെ വാരാണസി ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ പ്രിയങ്ക ഗാന്ധി ആഗ്രഹിച്ചിരുന്നുവെങ്കിലും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തടയുകയായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. ഇത് പ്രിയങ്ക നിഷേധിക്കുകയും ചെയ്തിരുന്നു. “തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്നത് എന്റെ വ്യക്തിപരമായ തീരുമാനമാണ്. മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നുവെങ്കില്‍ എന്റെ കുടുംബം ഒറ്റക്കെട്ടായി എന്നെ പിന്തുണക്കുമായിരുന്നു”വെന്നുമായിരുന്നു പ്രിയങ്ക ഇതേക്കുറിച്ച് പ്രതികരിച്ചത്.

Latest