Connect with us

Articles

മാന്ത്രികതയുടെ രാവണന്‍ കോട്ടകള്‍

Published

|

Last Updated

ദുഃഖ വെള്ളിയാഴ്ച ദിവസം മരിച്ച ഗാബോ മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റില്ല. അദ്ദേഹത്തിന്റെ മാന്ത്രികമായ വാക്കുകളും ഉയിര്‍ത്തെഴുന്നേറ്റില്ല. കാരണം, ജീവന്‍ തുടിച്ചു നില്‍ക്കുന്ന ആ വാക്കുകളുടെ ശ്വാസനിശ്വാസങ്ങള്‍ ഒരിക്കലും ഒരു കാരണവശാലും നിലച്ചിട്ടുണ്ടായിരുന്നില്ല, അവ ഇനിയുള്ള കാലം നിലക്കുകയുമില്ല. പല പുസ്തകങ്ങളും വായിച്ചു കൊണ്ടിരിക്കുമ്പോള്‍; എപ്പോഴാണിത് തീരുന്നത്, എങ്ങനെയാണിത് അവസാനിക്കുന്നത് എന്ന അദൃശ്യമായ ഒരുത്കണ്ഠ, പിറകില്‍ നാം അറിയാതെ തന്നെ നമ്മെ വേട്ടയാടിക്കൊണ്ടിരിക്കുന്നുണ്ടാകും. എന്നാല്‍, മാര്‍ക്വസിന്റെ നോവല്‍ പ്രത്യേകിച്ചും””ഏകാന്തതയുടെ നൂറ് വര്‍ഷങ്ങ”ളും “കോളറക്കാലത്തെ പ്രണയ”വും വായിക്കുമ്പോള്‍, ഇത് തീരാതിരിക്കട്ടെ, എനിക്കിനിയുള്ള കാലം മുഴുവനും ഇതിലെ ഓരോ അക്ഷരങ്ങള്‍, വാക്കുകള്‍, വരികള്‍, ഖണ്ഡികകള്‍, അധ്യായങ്ങള്‍, കല്‍പ്പനകള്‍, വിവരണങ്ങള്‍, വിശേഷണങ്ങള്‍, സങ്കല്‍പ്പനങ്ങള്‍, ദൃശ്യതകള്‍, അദൃശ്യതകള്‍, കഥാപാത്രങ്ങള്‍, അവരുടെ ബന്ധങ്ങള്‍, സ്‌നേഹങ്ങള്‍, പ്രണയങ്ങള്‍, വിദ്വേഷങ്ങള്‍, ഭീതികള്‍, സ്വപ്‌നങ്ങള്‍, അഗമ്യഗമനങ്ങള്‍, രഹസ്യങ്ങള്‍, സ്വകാര്യങ്ങള്‍, വിശ്വാസങ്ങള്‍, ചരിത്രങ്ങള്‍, പ്രതികാരങ്ങള്‍, നിസ്സഹായതകള്‍, ദൈവങ്ങള്‍, പിശാചുക്കള്‍, ആരാധനകള്‍, വിപ്ലവങ്ങള്‍, ചികിത്സകള്‍, മരുന്നുകള്‍, ലഹരികള്‍, കാമനകള്‍ എന്നിങ്ങനെ ഓരോന്നും വിസ്മയത്തിന്റെ ആയിരം പ്രപഞ്ചങ്ങള്‍ തീര്‍ത്തുകൊണ്ടേയിരിക്കും എന്ന പ്രതീക്ഷയാണ് വായനക്കാരനെ മുന്നോട്ടു നയിക്കുക. അവ എവിടെയാണ് തുടങ്ങുന്നത്, എവിടെയാണ് അവസാനിക്കുന്നത് എന്നറിയുകയേയില്ല. അതില്‍ കുട്ടിക്കാലമുണ്ട്, കൗമാരമുണ്ട്, യുവത്വമുണ്ട്, തീര്‍ച്ചയായും വാര്‍ധക്യവുമുണ്ട്. എന്നാല്‍, വാര്‍ധക്യത്തില്‍ അന്വേഷിക്കപ്പെടുന്ന ബാല്യവും കൗമാരവും യുവത്വവുമുണ്ട് എന്നതാണ് കൂടുതല്‍ കൗതുകകരം. മരണം നാം തന്നെ ഉണ്ടാക്കുന്നതും നിയന്ത്രിക്കുന്നതുമായ ഒരു പ്രവൃത്തിയായി ഒരിടത്ത് മാര്‍ക്വസ് നിര്‍വചിക്കുന്നുണ്ട്. ആത്മഹത്യ പോലും അതിന്റെ വിശദാംശങ്ങള്‍ വായിക്കുമ്പോള്‍ ഭാവനയുടെ ആകാശയാത്രയായി അനുഭവപ്പെടും.

161315075TM00107_85th_Annua

കവികളും യാചകരും പാട്ടുകാരും മിശിഹാക്കളും പോരാളികളും വഴക്കാളികളും അതിരുകളില്ലാത്ത യാഥാര്‍ഥ്യത്തിന്റെ ജൈവ/അജൈവ ഘടകങ്ങള്‍ നിറയെ ഉള്ളപ്പോള്‍ ഭാവനക്കായി നാം പ്രത്യേകം തപസ്സിരിക്കേണ്ടതില്ല എന്നാണ് ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്വസ് തന്റെ സാഹിത്യരചനയുടെ രഹസ്യത്തെ വെളിപ്പെടുത്തുന്നത്. കൊളംബിയയില്‍ ജനിച്ചു വളര്‍ന്ന അദ്ദേഹം തന്റെ എണ്‍പത്തിയേഴാം വയസ്സില്‍ മരിക്കുമ്പോള്‍ മെക്‌സിക്കോയിലായിരുന്നു താമസം. ലാറ്റിനമേരിക്കയുടെ ആസക്തികള്‍, അന്ധവിശ്വാസങ്ങള്‍, അക്രമവാഴ്ചകള്‍, അസമത്വങ്ങള്‍ എന്നിവ ചേര്‍ന്നും ചേരാതെയും നിര്‍മിച്ചെടുത്ത രാവണന്‍കോട്ടയായിരുന്നു മാര്‍ക്വസിന്റെ വാസസ്ഥലം എന്നു പറയുന്നതായിരിക്കും കൂടുതല്‍ യുക്തം. നാം ജീവിക്കുന്ന ജീവിതത്തെ നമ്മെക്കൊണ്ട് തന്നെ വിശ്വസിപ്പിച്ചെടുക്കുക എന്നതായിരുന്നു തന്റെ മേല്‍ നിയോഗിക്കപ്പെട്ട ബാധ്യത എന്നദ്ദേഹം കരുതി. തന്റെ മാതാപിതാക്കളുടെ പ്രണയത്തെ ആവിഷ്‌കരിച്ച “കോളറക്കാലത്തെ പ്രണയം” എന്ന അഭൂതപൂര്‍വമായ കൃതി രചിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് സ്വയം വിശ്വസിപ്പിക്കാനുള്ള ഈ പരിശോധനയായിരുന്നു. ഫ്‌ളോറെന്റിനോ അരീസോയും ഫെര്‍മിന ഡാസയും തമ്മിലുള്ള പ്രണയം ദശകങ്ങള്‍ യോജിക്കാന്‍ കഴിയാതെ പോയിട്ടും നിലനില്‍ക്കുന്നതിന്റെ പിന്നിലെ അസാമാന്യതകള്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ സാമാന്യ യാഥാര്‍ഥ്യം.

castro and marquez

പത്രപ്രവര്‍ത്തനത്തിലും ചലച്ചിത്ര നിരൂപണത്തിലുമായാണ് അദ്ദേഹം എഴുത്താരംഭിച്ചത്. ഇടതുപക്ഷത്തോടെന്നതു പോലെ, സിനിമയോടുള്ള ആസക്തിയും അദ്ദേഹം വിടാതെ നിലനിര്‍ത്തി. ചിലിയന്‍ ചലച്ചിത്രകാരനായ മിഗ്വില്‍ ലിറ്റിന്‍ ഒളിവിലിരുന്നു കൊണ്ട് സിനിമയെടുത്തതിനെക്കുറിച്ചാണ് മാര്‍ക്വസിന്റെ ക്ലാന്റസ്റ്റിന്‍ ഇന്‍ ചിലി (ആരുമറിയാതെ ചിലിയില്‍)എന്ന വിഖ്യാത പുസ്തകം. ഫൗണ്ടേഷന്‍ ഓഫ് ന്യൂ ലാറ്റിനമേരിക്കന്‍ സിനിമ എന്ന പ്രസ്ഥാനത്തിന് തന്നെ അദ്ദേഹം രൂപം നല്‍കി. ക്യൂബന്‍ കമ്യൂണിസ്റ്റ് വിപ്ലവ നേതാവും ദീര്‍ഘകാലം ഭരണാധികാരിയുമായിരുന്ന ഫിദല്‍ കാസ്‌ട്രോയുമായി അഗാധമായ സൗഹൃദമാണ് മാര്‍ക്വസിനുണ്ടായിരുന്നത്. തന്റെ കൃതികളുടെ ആദ്യ വായനക്കാരനായി പോലും അദ്ദേഹം കരുതിയിരുന്നത് ഫിദലിനെയായിരുന്നു. ഫിദലുമായുള്ള ഈ വിടാത്ത സൗഹൃദത്തിന്റെ പേരില്‍ സൂസന്‍ സൊണ്ടാഗ് മുതല്‍ മരിയോ വെര്‍ഗാസ് ലോസ വരെയുള്ളവര്‍ മാര്‍ക്വസിനെ വിമര്‍ശിക്കുകയും ചെയ്തു. 1959 ജനുവരിയില്‍ ബാറ്റിസ്റ്റ ഭരണകൂടത്തെ വിപ്ലവത്തിലൂടെ കാസ്‌ട്രോയുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് ഗറില്ലകള്‍ പുറത്താക്കുമ്പോള്‍ അത് റിപ്പോര്‍ട്ട് ചെയ്യാനായി പത്രപ്രവര്‍ത്തകനായ മാര്‍ക്വസ് നേരിട്ട് ഹവാനയിലെത്തിയിരുന്നു. പിന്നീട് കുറച്ചു കാലം ക്യൂബന്‍ വാര്‍ത്താ ഏജന്‍സിയായ പ്രന്‍സാ ലാറ്റിനയുടെ ലേഖകനായും അദ്ദേഹം പ്രവര്‍ത്തിച്ചു. കാസ്‌ട്രോയുമായുള്ള സൗഹൃദം മാര്‍ക്വസിനെ ഏതെങ്കിലും തരത്തിലുള്ള സങ്കുചിതത്വത്തില്‍ തളച്ചിട്ടു എന്ന് ആര്‍ക്കും ആരോപിക്കാനാകില്ല. അദ്ദേഹത്തിന്റെ സുഹൃത്തുക്കളില്‍ അമേരിക്കന്‍ പ്രസിഡായിരുന്ന ബില്‍ ക്ലിന്റനും ഉള്‍പ്പെടും. ക്ലിന്റനും മോണിക്ക ലെവിന്‍സ്‌കിയും ഉള്‍പ്പെട്ട ലൈംഗികാപവാദത്തെ മാനുഷികമായ തലത്തില്‍ പരിഗണിക്കാന്‍ മാര്‍ക്വസിനെ പ്രേരിപ്പിച്ചത് മനുഷ്യ ജീവിതം എന്ന സങ്കീര്‍ണ വ്യവഹാരത്തെ സംബന്ധിച്ച അദ്ദേഹത്തിന്റെ നിശ്ചയങ്ങളായിരുന്നു എന്നതും മനസ്സിലാക്കേണ്ട താണ്. വെനിസ്വേലയിലെ മഹാനായ നേതാവ് ഹ്യൂഗോ ഷാവേസിനെ സംബന്ധിച്ചും ആദരവോടെയും കൃതകൃത്യതയോടെയും മാര്‍ക്വസ് എഴുതി. വിയറ്റ്‌നാം മുതല്‍ ചിലി വരെ അമേരിക്കയുടെ ലോക പൊലീസ് ചമയലിനെതിരെയും യുദ്ധോത്സുകതക്കെതിരെയും അദ്ദേഹം വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ടു. ഏറെക്കാലം ഇത് കാരണം, അദ്ദേഹത്തിന് അമേരിക്കന്‍ വിസ നിഷേധിക്കപ്പെട്ടു.

പത്രപ്രവര്‍ത്തനവും ഒളിവുമായി ലോകം ചുറ്റിയ മാര്‍ക്വസ് 1958ലാണ് കൊളംബിയയില്‍ തിരിച്ചെത്തിയത്. ബാല്യകാല സഖിയായ മെര്‍സിഡസ് ബാര്‍ച്ചയെ വിവാഹം ചെയ്തു. റോഡ്രിഗോ, ഗൊണ്‍സാലോ എന്നീ രണ്ട് ആണ്‍ മക്കളാണവര്‍ക്ക്. 1960കളില്‍ “ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍” എഴുതുമ്പോള്‍ ആ കുടുംബം പട്ടിണിയുടെ വക്കത്തെത്തി(മൂലധനം എഴുതുമ്പോള്‍ മാര്‍ക്‌സിന്റെ കുടുംബമെന്നതു പോലെ). പതിനെട്ട് മാസം കൊണ്ടാണ് പുസ്തകം എഴുതിത്തീര്‍ത്തത്. എന്നാല്‍, അര്‍ജന്റീനയിലെ പ്രസാധകര്‍ പുസ്തകം പ്രസിദ്ധീകരിച്ച് ഒരാഴ്ച കൊണ്ടു തന്നെ എണ്ണായിരം പ്രതികള്‍ വിറ്റഴിഞ്ഞു. പിന്നീടുള്ള അമ്പത് വര്‍ഷം കൊണ്ട് ഇരുപത്തഞ്ച് ഭാഷകളിലായി ഈ പുസ്തകത്തിന്റെ മൂന്ന് കോടി പ്രതികളാണ് ലോകസാഹിത്യകുതുകികള്‍ വാങ്ങി നെഞ്ചോട് ചേര്‍ത്തത്. 1982ല്‍ ഈ പുസ്തകത്തിന്റെ പേരില്‍ അദ്ദേഹത്തിന് നൊബേല്‍ സമ്മാനം ലഭ്യമായി. നൊബേല്‍ സാഹിത്യ സമ്മാനം വര്‍ഷാവര്‍ഷം ഓരോരുത്തര്‍ക്ക് ലഭിക്കുന്നുെവങ്കിലും, അത് ടാഗോറിനും പാബ്ലോ നെരൂദക്കും മാര്‍ക്വസിനും ഓര്‍ഹന്‍ പാമുക്കിനും പോലെ ചിലര്‍ക്ക് ലഭിക്കുമ്പോള്‍ പിന്നീടുള്ള കാലം മുഴുവനും അതോര്‍മിക്കപ്പെടുകയും വാഴ്ത്തപ്പെടുകയും ചെയ്യുന്നതും സവിശേഷമായി രേഖപ്പെടുത്തേണ്ട കാര്യമാണ്.

Gabriel-Garcia-3

ഭാവനയിലുള്ള തെക്കേ അമേരിക്കന്‍ ഗ്രാമമായ മക്കോണ്ടോയിലാണ് കഥ നടക്കുന്നത്. ബുവെണ്ടിയ കുടുംബത്തിന്റെ പല തലമുറകളുടെ കഥയാണ് ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍. വിചാരണകളും പ്രതിസന്ധികളും, അവിഹിത ബന്ധങ്ങള്‍, ജനനങ്ങള്‍, മരണങ്ങള്‍ അങ്ങനെ കൂടിക്കുഴഞ്ഞു കിടക്കുന്ന ഇതിവൃത്തം. ലാറ്റിനമേരിക്കന്‍ ഗ്രാമീണ നഗരങ്ങളുടെ മുഴുവന്‍ നിഴല്‍ വീണ നാട്ടിടവഴികളും വീടകങ്ങളും വീട്ടിടനാഴികളും അതില്‍ പ്രതിഫലിച്ചു. കാലത്തെ സാക്ഷി നിര്‍ത്തിക്കൊണ്ട് സാക്ഷാത്കരിക്കപ്പെട്ടു. മുഴുവന്‍ മാനവരാശിയും വായിക്കേണ്ട സത്യവേദപുസ്തകം പോലെ സുപ്രധാനമായ സാഹിത്യകൃതിയായി ഈ പുസ്തകം സ്വയം സാക്ഷ്യപ്പെടുത്തുന്നു. പക്ഷേ, മാര്‍ക്വസ് ഇതൊക്കെ നിസ്സാരമായാണ് എടുക്കുന്നത്. ഈ പുസ്തകം മുഴുവനും തമാശകളാണ്. അടുത്ത സുഹൃത്തുക്കള്‍ക്കുള്ള ചില രഹസ്യസൂചനകളാണിതിലുള്ളത്. ഈ സുഹൃത്തുക്കള്‍ ഇത് വിശദീകരിക്കേണ്ട പൗരോഹിത്യ വൃത്തി ഏറ്റെടുത്ത് സ്വയം പരിഹാസ്യരാകുന്നു എന്നാണദ്ദേഹം ആത്മവിമര്‍ശം നടത്തുന്നത്. മാജിക്കല്‍ റിയലിസം എന്ന അത്യത്ഭുതകരമായ സാഹിത്യശൈലിക്ക് മാര്‍ക്വസ് നല്‍കിയ സംഭാവനകള്‍ അതിമഹത്തരമാണ്. യൂറോപ്പിലും വടക്കെ അമേരിക്കയിലും നിശ്ചയിക്കപ്പെട്ടിരുന്ന ലോക സാഹിത്യത്തിന്റെ ഗുരുത്വകേന്ദ്രത്തെ മാറ്റിപ്പടര്‍ത്താനും ഗാബോക്ക് സാധിച്ചത് ഈ കൃതിയിലൂടെയാണ്. കമിതാവ് വീട്ടുപടിക്കല്‍ പ്രത്യക്ഷപ്പെടുമ്പോള്‍, മഞ്ഞ ചിത്രശലഭങ്ങള്‍ കൊണ്ട് ശിരസ്സിനു ചുറ്റും പ്രഭാവലയം തീര്‍ത്തതു പോലുള്ള നാടോടിക്കഥകള്‍ ലോകത്തിനു മുഴുവനും സ്വന്തമായി. വാഴക്കാ യുദ്ധങ്ങള്‍, ഗ്രീക്ക് യുദ്ധം പോലെ ഇതിഹാസങ്ങളായി പരിണമിച്ചു. അറേബ്യനും ഇന്ത്യനും ആഫ്രിക്കനുമായ സംസ്‌കാരങ്ങള്‍ മിശ്രിതമായ യൂറോപ്യന്‍ അധിനിവേശത്തിന്റെ മായാത്ത മുറിപ്പാടുകളും പുതിയ കൊളോണിയലിസവും ലോകത്തെ ത്രസിപ്പിക്കുന്ന ആഖ്യാനങ്ങളിലൂടെ നമ്മുടെ ആന്തരിക സ്വത്വങ്ങളായി മാറി.

ഇന്‍ എവിള്‍ അവര്‍, ദ ഓട്ടം ഓഫ് ദ പാട്രിയാര്‍ക്ക്, ദ ജനറല്‍ ഇന്‍ ഹിസ് ലാബിറിന്ത്, ഓഫ് ലവ് ആന്‍ഡ് അദര്‍ ഡെമണ്‍സ് എന്നിവയാണ് മാര്‍ക്വസിന്റെ മറ്റു നോവലുകള്‍. അസംഖ്യം ചെറുകഥകള്‍, നോവെല്ലകള്‍, മറ്റു പുസ്തകങ്ങള്‍ എന്നിവയും അദ്ദേഹത്തിന്റെതായിട്ടുണ്ട്. ഭാഷയും സാഹിത്യവും ഭാവുകത്വവും മാറ്റിപ്പണിത മാര്‍ക്വസ് ലോകത്തെ തന്നെ ഒരര്‍ഥത്തില്‍ മാറ്റിപ്പണിയുകയായിരുന്നു എന്നും നിരീക്ഷിക്കാം. ദുരിതം അനുഭവിക്കുമ്പോഴും, ഹിംസ അനുഭവിക്കുമ്പോഴും ഏകാധിപത്യം അനുഭവിക്കുമ്പോഴും തടവ് അനുഭവിക്കുമ്പോഴും ആത്മഹത്യക്ക് വിട്ടുകൊടുക്കാതെ നമ്മെ ജീവിക്കാന്‍ പ്രേരിപ്പിക്കും വിധം അത് നമ്മുടെ ലോകക്കാഴ്ചയെയും ജീവിതക്കാഴ്ചയെയും മാറ്റിപ്പണിതു. അങ്ങനെ നമുക്ക് ജീവിതത്തെ തിരിച്ചു തന്നു. ഗാബോ ഇല്ലാത്ത കാലത്തെ ഏകാന്തതയുടെ നൂറായിരം വര്‍ഷങ്ങളില്‍ മാനവരാശിക്ക് കൂട്ടായി അദ്ദേഹത്തിന്റെ മാന്ത്രികത നിറഞ്ഞ വാക്കുകള്‍ കൂട്ടായുണ്ടല്ലോ. വിട.

 

gpramachandran@gmail.com

 

---- facebook comment plugin here -----

Latest