Connect with us

International

മലേഷ്യന്‍ വിമാനം: എട്ടാം ദൗത്യവും ലക്ഷ്യം കണാതെ അവസാനിപ്പിച്ചു

Published

|

Last Updated

പെര്‍ത്ത്: തകര്‍ന്ന മലേഷ്യന്‍ വിമാനത്തിന് വേണ്ടി കടലിനടിയിലുള്ള തിരച്ചില്‍ മൂന്നില്‍ രണ്ട് ഭാഗവും പൂര്‍ത്തിയാക്കിയതായി പെര്‍ത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അന്വേഷണ ഏജന്‍സി അറിയിച്ചു.
എട്ടാമത്തെ ദൗത്യം പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ ലക്ഷ്യം വെക്കുന്ന പ്രദേശത്തെ മൂന്നില്‍ രണ്ട് ഭാഗവും പരിശോധിച്ചു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ വിമാനാവശിഷ്ടങ്ങളെ സംബന്ധിച്ച് യാതൊരു സൂചനകളും ലഭ്യമായിട്ടില്ല. യു എസ് അന്വേഷണ അന്തര്‍ജല വാഹനം, ബ്ലൂഫിന്‍ -21 ആണ് ഇപ്പോള്‍ പരിശോധനകള്‍ക്ക് നിയോഗിക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ ഘടിപ്പിച്ചിട്ടുള്ള സൈഡ് സ്‌കാന്‍ സോണാറിന്റെ സഹായത്തോടെ, നേരത്തെ ബ്ലാക്ക് ബോക്‌സ് ഉണ്ടെന്ന് സ്ഥിരീകരിച്ചിട്ടുള്ള ഭാഗങ്ങളില്‍ പരിശോധന പുരോഗമിക്കുകയാണ്. ഇന്നലെ രാവിലെയോടെ ബ്ലൂഫിന്‍ അതിന്റെ എട്ടാമത്തെ ദൗത്യവും പൂര്‍ത്തീകരിച്ചു. ഇതോടെ തകര്‍ന്ന മലേഷ്യന്‍ വിമാനത്തിനു വേണ്ടിയുള്ള തിരച്ചിലുകള്‍ 45 ാം ദിവസം പിന്നിട്ടു. ഒമ്പതാമത്തെ പരിശോധനാ ദൗത്യം പിന്നീട് പ്രഖ്യാപിക്കുമെന്ന് അന്വേഷണ ഏജന്‍സി വ്യക്തമാക്കി.
ഇന്നലെ നടന്ന പരിശോധനകള്‍ക്ക് പത്തോളം സൈനിക വിമാനങ്ങളും പതിനൊന്ന് കപ്പലുകളും സഹായത്തിനുണ്ടായിരുന്നു. ഏതാണ്ട് 49,491 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് പരിശോധന നടത്താനാണ് ആസ്‌ട്രേലിയന്‍ മാരിടൈം സുരക്ഷാ അതോറിറ്റി ഇന്നലെ ലക്ഷ്യമിട്ടിരുന്നത്. പെര്‍ത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് ഏതാണ്ട് 1,741 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് അന്വേഷണ കേന്ദ്രമായി നിശ്ചയിച്ചിട്ടുള്ളത്. തകര്‍ന്ന വിമാനത്തെ കുറിച്ചുള്ള ദുരൂഹതകള്‍ക്ക് ഇപ്പോഴും വിരാമമായിട്ടില്ല. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ്, അവശിഷ്ടങ്ങള്‍ എന്നിവ കണ്ടെത്താതെ ദുരൂഹതകള്‍ നീങ്ങില്ല. അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ 239 പേരുമായി യാത്ര പുറപ്പെട്ട മലേഷ്യന്‍ വിമാനം എം എച്ച് 370 മാര്‍ച്ച് എട്ടിനാണ് ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായത്.
അതിനിടെ, വിമാനദുരന്തത്തിനിരയായവരുടെ കുടുംബങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം ഉടന്‍ തന്നെ മലേഷ്യന്‍ എയര്‍ലൈന്‍സി വിതരണം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം മലേഷ്യന്‍ സര്‍ക്കാര്‍ അറിയിച്ചു.

 

Latest