Connect with us

Editorial

ജസ്റ്റിസ് രവികുമാറിന്റെ പിന്മാറ്റം

Published

|

Last Updated

നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സ് പുതുക്കിക്കിട്ടുന്നതിന് ബാര്‍ ഉടമകള്‍ നടത്തുന്ന പിന്നാമ്പുറ കളികളിലേക്ക് വിരല്‍ചൂണ്ടുന്നതാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് രവികുമാറിന്റെ പിന്മാറ്റം. സംസ്ഥാനത്തെ 731 ബാറുകളില്‍ നിലവാരിമില്ലെന്ന് സുപ്രീം കോടതി വിലയിരുത്തിയ 418 എണ്ണത്തിന്റെ ലൈസന്‍സ് പുതുക്കേണ്ടതില്ലെന്ന ഏപ്രില്‍ രണ്ടിലെ സര്‍ക്കാര്‍ ഉത്തരവിനെതിരെ ബാര്‍ ഉടമകള്‍ സമര്‍പ്പിച്ച ഹരജികളില്‍ വിധി പറയാനിരിക്കെയാണ്, ഹരജിക്കാര്‍ ഒരു അഭിഭാഷകന്‍ മുഖേന സ്വാധീനിക്കാന്‍ ശ്രമിച്ചതിന് ജഡ്ജി കേസില്‍ നിന്നും പിന്മാറിയത്. ഹരജിക്കാരില്‍ ഒരാളുടെ അഭിഭാഷകനായ അഡ്വ. കെ തവമണി തന്റെ വീട്ടിലെത്തി കേസിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും സ്വാധീനിക്കാനും ശ്രമിച്ചതായി ജസ്റ്റിസ് രവികുമാര്‍ കോടതിയില്‍ വ്യക്തമാക്കുകയുണ്ടായി.
സംസ്ഥാനത്ത് മദ്യനിരോധത്തിനായുള്ള ആവശ്യം ശക്തിയാര്‍ജിക്കുകയും മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുടെ ജനപിന്തുണ വര്‍ധിച്ചു വരികയും ചെയ്യവേ, ബാറുകള്‍ക്ക് നിയന്ത്രണമില്ലാതെ അനുമതി നല്‍കുന്ന നയമാണ് കാലാകാലങ്ങളായി സര്‍ക്കാറുകള്‍ തുടര്‍ന്നു വരുന്നത്. അതിനിടെയാണ് സംസ്ഥാനത്ത് നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയതായി സി എ ജി കണ്ടെത്തിയത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ചട്ടങ്ങള്‍ മറികടന്നതായും സി എ ജി സുപ്രീംകോടതിയെ അറിയിച്ചു. ഇതടിസ്ഥാനത്തിലാണ് നിലവാരമില്ലാത്ത ബാറുകള്‍ക്കെതിരെ നടപടിയെടുക്കുകയും ലൈസന്‍സ് പുനഃപരിശോധിക്കുകയും ചെയ്യണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടത്. കെ പി സി സി യോഗത്തില്‍ പ്രശ്‌നം ചര്‍ച്ചക്ക് വന്നപ്പോള്‍ കോടതി നിര്‍ദേശം നടപ്പാക്കണമെന്ന് ചില നേതാക്കള്‍ ശക്തമായി വാദിച്ചതോടെ ആരോപണവിധേയമായ ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്താന്‍ പാര്‍ട്ടി നേതൃത്വം നിര്‍ബന്ധിതമായി. എന്നാല്‍ നിലവാരമില്ലാത്ത ബാറുകളില്‍ പലതിന്റെയും നടത്തിപ്പുകാര്‍ ചില മന്ത്രിമാരുടെയും യു ഡി എഫ് നേതാക്കളുടെയും സ്വന്തക്കാരായതിനാല്‍ ഉപാധികളോടെയെങ്കിലും അവക്ക് ലൈസന്‍സ് നല്‍കുന്നതിന് പാര്‍ട്ടിയില്‍ പിന്നെയും സമ്മര്‍ദങ്ങളുണ്ടായി. വി എം സുധീരനെയും പ്രതാപനെയും പോലുള്ള നേതാക്കളുടെ ചെറുത്തുനില്‍പ്പ് കാരണമാണ് അവരുടെ സമ്മര്‍ദങ്ങള്‍ ഇതുവരെ വിജയിക്കാതെ പോയത്. ഈ സാഹചര്യത്തിലായിരിക്കണം കോടതിയിലിരിക്കുന്ന കേസില്‍ ജഡ്ജിയെ സ്വാധീനിച്ചു വിധി അനുകൂലമാക്കാനുള്ള നീക്കം ബാര്‍ ഉടമകളില്‍ നിന്നുണ്ടായത്.
ജഡ്ജിമാരെ സ്വാധീനിച്ചു വിധിന്യായം അനുകൂലമാക്കാനുള്ള ശ്രമങ്ങള്‍ മുമ്പും നടന്നിട്ടുണ്ട്. സ്വാശ്രയ വിദ്യാഭ്യാസ ബില്‍ കേരള ഹൈക്കോടതിയിലെ ചീഫ് ജസ്റ്റീസിന്റെ ബഞ്ച് പരിഗണിക്കുന്നതിനു മുമ്പ് പ്രസ്തുത ജഡ്ജി സ്വാശ്രയ മുതലാളിമാരുടെ ആതിഥ്യം സ്വീകരിച്ച് വിനോദ കേന്ദ്രങ്ങളില്‍ വിഹരിക്കുന്നതിന്റെ ചിത്രങ്ങള്‍ മീഡിയകളില്‍ വന്നതാണ്. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെതിരെയുള്ള ഹരജി പരിഗണിക്കുന്നതില്‍ നിന്ന് തുടരെത്തുടരെ നാല് ജഡ്ജിമാര്‍ പിന്മാറിയത് സമ്മര്‍ദം മുലമാണെന്ന ആരോപണമുയര്‍ന്നിരുന്നു. ജഡ്ജിമാര്‍ ചെയ്ത സത്യപ്രതിജ്ഞയുടെ ലംഘനമാണിതെന്നും അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ജസ്റ്റിസ് കൃഷ്ണയ്യര്‍ ഗവര്‍ണര്‍ക്കും ചീഫ് സെക്രട്ടറിക്കും കത്തയക്കുകയുമുണ്ടായി. സോളാര്‍ കേസ് പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജിമാരായ എസ് എസ് സതീശ് ചന്ദ്രന്‍, വി കെ മോഹനന്‍ എന്നിവരെ മാറ്റിയ നടപടിയും ദിരൂഹമായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി സിംഗിള്‍ ബഞ്ചില്‍ നിന്ന് പല തവണ സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശങ്ങള്‍ ഉയരുകയും അതേച്ചൊല്ലി ഒരു മന്ത്രി ജഡ്ജിമാരെ ആക്ഷേപിക്കുകയും ചെയ്തതിന്റെ പിറകെയാണ് അവരെ മാറ്റിയത്.
രാജ്യത്ത് അഴിമതി സാര്‍വത്രികമാകുകയും ഭരണാധികാരികള്‍ അതിന്റെ വക്താക്കളായി അധഃപതിക്കുകയും ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് അല്‍പ്പമെങ്കിലും പ്രതീക്ഷ നീതിപീഠങ്ങളിലാണ്. ലൈംഗികാപവാദങ്ങളും അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ജഡജിമാരുടെ പേരുകളും ഉയര്‍ന്നു വരുന്നുണ്ടെങ്കിലും കോടതികളിലുള്ള വിശ്വാസ്യതക്ക് ഇന്നും കാര്യമായി ഉലച്ചില്‍ സംഭവിച്ചിട്ടില്ല. ന്യായാധിപന്മാരെ വിലക്കെടുക്കാനുള്ള സാമൂഹികവിരുദ്ധരുടെയും നിയമലംഘകരുടെയും ആസൂത്രിത ശ്രമം വിജയം കണ്ടാല്‍ രാജ്യത്ത് സത്യത്തിനും നീതിക്കും ഇടമില്ലാതാകുകയും ജനങ്ങളുടെ അവസാനത്തെ പ്രതീക്ഷ അസ്തമിക്കുകയും ചെയ്യും. നീതിപീഠങ്ങളും ന്യായാധിപന്മാരും ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നാണ് ജസ്റ്റിസ് രവികുമാറിന്റെ പിന്മാറ്റത്തിനിട വരുത്തിയ സംഭവങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്.