Connect with us

Kerala

എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനം മലപ്പുറത്ത്

Published

|

Last Updated

 

എസ് വൈ എസ് 60ാം വാര്‍ഷിക മഹാ സമ്മേളനത്തിന് ആദര്‍ശ കൈരളിയുടെ ഹൃദയ ഭൂമിയായ മലപ്പുറം സാക്ഷ്യം വഹിക്കും. 2015 ഫെബ്രുവരി 27,28 മാര്‍ച്ച് 1 തീയ്യതികളിലായി താജുല്‍ ഉലമ നഗരിയിലാണ് സമ്മേളനം.
വ്യത്യസ്ഥവും വൈവിധ്യവും വിപുലവുമായ പരിപാടികളോടെ “സമര്‍പ്പിത യൗവ്വനം, സാര്‍ത്ഥക മുന്നേറ്റം” എന്ന പ്രമേയത്തിലാണ് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വാര്‍ഷിക സമ്മേളന പരിപാടികള്‍ നടക്കുന്നത്. കര്‍മധന്യമായ അറുപതാണ്ടിന്റെ വിപ്ലവവീര്യവുമായി പുകമഞ്ഞു പാറുന്ന ചുരത്തിനപ്പുറത്തേക്കെത്തിയ മുസ്‌ലിം കേരളത്തിന്റെ മുന്നണിപോരാളികള്‍ എസ് വൈ എസ് അറുപതാം വാര്‍ഷിക പ്രഖ്യാപന സമ്മേളനവും വയനാടിന്റെ ചരിത്രത്തോടൊപ്പം ചേര്‍ത്തു.

v അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ വാര്‍ഷികാഘോഷ പ്രഖ്യാപനം നടത്തി. നഗരിയും സദസ്സും തക്ബീര്‍ മുഴക്കിയാണ് സമ്മേളനം ഏറ്റെടുത്തത്. സമ്മേളന ലോഗോയും പ്രകാശനം ചെയ്തു. ഏറെ സമരചരിത്രവും അതിലേറെ സമ്പന്നമായ മത സാംസ്‌കാരിക നവോത്ഥാന പാരമ്പര്യവുമുള്ള മലപ്പുറത്തേക്ക് മഹാസമ്മേളനമെത്തുന്നതിന്റെ ആവേശത്തിലായിരുന്നു നഗരിയും പരിസരവും. സുന്നി കൈരളിയുടെ വിജയവും പ്രതീക്ഷയും പ്രത്യാശയുമായ യുവജന പ്രസ്ഥാനമായ എസ് വൈ എസിന്റെ അറുപതാം വാര്‍ഷിക സമ്മേളനം പ്രാസ്ഥാനിക ചരിത്രത്തിലെ മറ്റൊരു മുന്നേറ്റമാകുന്നതിന്റെ കരുത്താണ് കല്‍പ്പറ്റയിലെത്തിയ പതിനായിരങ്ങളുടെ സാനിധ്യം തെളിയിച്ചത്. സംസ്ഥാനത്തെ 125 സോണുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് പ്രഖ്യാപന സമ്മേളനത്തില്‍ പങ്കെടുത്തത്. അറുപതിന്റെ കരുത്തില്‍ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും സ്പര്‍ശിക്കുന്ന കര്‍മപദ്ധതികളോടെയാണ് സമ്മേളന പ്രഖ്യാപനം നടന്നത്. കേരളത്തിലെ മുസ്‌ലിം സമൂഹം ഇന്നുവരെ നേടിയ മുഴുവന്‍ മുന്നേറ്റങ്ങള്‍ക്കും ശില പാകിയ എസ് വൈ എസിന്റെ അറുപതാം വാര്‍ഷികവും അനുബന്ധ പരിപാടികളും സമുദായത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനുള്ള ഇന്ധനം കൂടിയാവും. തിരുവനന്തപുരത്ത് തുടങ്ങുന്ന സാന്ത്വന കേന്ദ്രം സംഘടനയുടെ സേവനമേഖലയിലെ മറ്റൊരു നാഴികകല്ലാണ്. ആതുരസേവനത്തിനും ജീവകാരുണ്യ പ്രവര്‍ത്തനത്തിനും ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ക്കുമായി സമ്മേളന കാലയളവില്‍ പ്രത്യേക പദ്ധതികള്‍ നടക്കും. യുവാക്കളുടെ ഊര്‍ജം സമൂഹത്തിന് മാതൃകാപരമായി വിനിയോഗിക്കാനുള്ള ഇടപെടലുകളും ഇക്കാലയളവില്‍ നടക്കും. മലപ്പുറത്ത് ചരിത്രം തീര്‍ക്കുന്ന സംഗമത്തിനായി ഒരുങ്ങിയുണരുന്ന സുന്നികുടുംബം കേരളത്തിന് പുതുമയുള്ള സമ്മേളന കാഴ്ച്ചകള്‍ കൂടി സമ്മാനിക്കും. ഇതിനായുള്ള പ്രതിജ്ഞയോടെയാണ് പ്രവര്‍ത്തകര്‍ ചുരമിറങ്ങിയത്. പുതിയൊരു സമ്മേളന സംസ്‌കാരത്തിന്റെ പ്രഖ്യാപനം കൂടിയാണ് നടന്നത്.
കല്‍പ്പറ്റ ബൈപ്പാസ് റോഡിന് സമീപത്തെ പ്രത്യേകം തയ്യാറാക്കിയ നഗരിയില്‍ വൈകുന്നേരം നാലു മണിയോടെ സയ്യിദ് യൂസുഫുല്‍ ബുഖാരി പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന പരിപാടികള്‍ക്ക് തുടക്കമായി. എസ് വൈ എസ് സുപ്രീം കൗണ്‍സില്‍ അംഗം സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്‍മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി പദ്ധതി അവതരിപ്പിച്ചു. എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബൂഖാരി, കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍, വി പി എം ഫൈസി വില്ല്യാപ്പള്ളി, പ്രൊഫ എ കെ അബ്ദുല്‍ ഹമീദ്, കെ അബ്ദുല്‍ കലാം മാവൂര്‍ സംസാരിച്ചു.

 

Latest