Connect with us

Ongoing News

വര്‍ഗീയവാദികള്‍ ശ്രമിക്കുന്നത് വിഭജനകാലത്തെ അന്തരീക്ഷം സഷ്ടിക്കാന്‍: കാന്തപുരം

Published

|

Last Updated

കല്‍പ്പറ്റ: വിഭജനകാലത്തെ സാമൂഹിക അന്തരീക്ഷം പുനഃസൃഷ്ടിക്കാനാണ് വര്‍ഗീയശക്തികള്‍ ശ്രമിക്കുന്നതെന്നും ന്യൂനപക്ഷങ്ങളെ ഈ രാജ്യത്തിന് ആവശ്യമില്ലന്ന ധിക്കാരപരമായ നിലപാടാണ് ഇവര്‍ സ്വീകരിക്കുന്നതെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. എസ് വൈ എസ് അറുപതാം വാര്‍ഷിക പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു.
ഏക സിവില്‍കോഡും രാമക്ഷേത്രവും വീണ്ടും തിരഞ്ഞെടുപ്പ് അജണ്ടയാക്കിയതിന് പിന്നിലെ താത്പര്യം ഇതാണ് വ്യക്തമാക്കുന്നത്. മതേതര ഇന്ത്യയില്‍ എല്ലാ മതങ്ങളും ഒറ്റക്കെട്ടായാണ് ഇത്തരെ നീക്കങ്ങളെയും ആഹ്വാനങ്ങളേയും തള്ളികളഞ്ഞത്. ഒരു മതത്തിന്റേത് മാത്രമാണ് ഇന്ത്യ എന്ന തരത്തിലുള്ള വാദങ്ങള്‍ അര്‍ഥമില്ലാത്തതാണ്. വര്‍ഗീയതയെ ചെറുക്കാന്‍ ആവശ്യമായ സമഗ്ര പദ്ധതികള്‍ക്ക് പകരം താത്കാലിക ലാഭത്തിന് വേണ്ടി വര്‍ഗീയ പ്രവണതകളെ ഉപയോഗപ്പെടുത്താനുള്ള ചില മതേതര പാര്‍ട്ടികളുടെ ശ്രമം എന്തു കൊണ്ടും ആത്മഹത്യാപരമാണ്. വര്‍ഗീയതക്കെതിരായ ദീര്‍ഘകാല പ്രതിരോധത്തെ അത് ദുര്‍ബലപ്പെടുത്തും. നിരുത്തരവാദപരവും വൈകാരികവുമായ പ്രചാരണങ്ങളിലൂടെ വര്‍ഗീയത ശക്തിപ്പെടുത്തുന്ന നീക്കങ്ങള്‍ക്കെതിരെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും പൊതുജനവും ജാഗ്രത കാണിക്കണം.
രാജ്യത്തിന്റെ പൊതു നന്‍മക്കും വികസനത്തിനും വേണ്ടി പരസ്പരം വിട്ടുവീഴ്ചകള്‍ ചെയ്ത് യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്താനും പൗരന്‍മാരോടുള്ള കടമ നിര്‍വഹിക്കാനും മതേതര പാര്‍ട്ടികള്‍ തയ്യാറാകണമെന്നും അല്ലാത്തപക്ഷം രാജ്യത്തിന്റെ ഭാവി അപകടത്തിലാവുമെന്നും കാന്തപുരം പറഞ്ഞു. കേരളത്തിലെ മുസ്‌ലിംകളുടെ സാമുദായിക ബോധത്തെ നന്മക്ക് വേണ്ടി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞു എന്നതാണ് സമസ്തയുടെയും എസ് വൈ എസ് പോലുള്ള സംഘടനകളുടെയും ഏറ്റവും വലിയ നേട്ടമെന്നും ഈ മാതൃക രാജ്യവ്യാപകമായി നടപ്പിലാക്കാനുള്ള പിരിശ്രമത്തിലാണ് സുന്നി സംഘടനകളെന്നും അദ്ദേഹം പറഞ്ഞു.

Latest