Connect with us

Kerala

കടകംപള്ളിയില്‍ സലീംരാജ് പ്രതി; കളമശ്ശേരിയില്‍ ഒഴിവാക്കി

Published

|

Last Updated

തിരുവനന്തപുരം/കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജ് ഉള്‍പ്പെട്ട കളമശ്ശേരി, കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ സി ബി ഐ സംഘം പ്രാഥമിക അന്വേഷണം നടത്തി എഫ് ഐ ആര്‍ സമര്‍പ്പിച്ചു. കടകംപള്ളിയിലെ തട്ടിപ്പില്‍ സലീംരാജിനെ പ്രതിചേര്‍ത്തിട്ടുണ്ടെങ്കിലും കളമശ്ശേരി ഭൂമി തട്ടിപ്പില്‍ നിലവില്‍ പ്രതിയാക്കിയിട്ടില്ല.
27 പേരാണ് കടകംപള്ളി തട്ടിപ്പിലെ പ്രതികള്‍. ഇവരില്‍ സലീംരാജ് 21-ാം പ്രതിയാണ്. കളമശ്ശേരിയില്‍ നടന്ന തട്ടിപ്പില്‍ 2007ല്‍ തൃക്കാക്കര വില്ലേജ് ഓഫീസര്‍, വില്ലേജ് ഓഫീസിലെ ജീവനക്കാര്‍, ഭൂമി തട്ടിപ്പില്‍ ആരോപണവിധേയരായ മുഹമ്മദലി, അബ്ദുല്‍ മജീദ്, സലാം കാട്ടിപ്പറമ്പ് എന്നിവരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. സി ബി ഐയുടെ തിരുവനന്തപുരം യൂനിറ്റാണ് രണ്ട് കേസുകളും അന്വേഷിക്കുന്നത്. ഇനി വിശദമായ അന്വേഷണം നടത്തിയ ശേഷമാകും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. വ്യാജരേഖ ചമക്കല്‍, വഞ്ചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇരു കേസുകളുടെയും അന്വേഷണം സി ബി ഐ ഏറ്റെടുത്തത്. പരാതിയില്‍ പേരുണ്ടായിട്ടും കളമശ്ശേരി പോലീസ് സമര്‍പ്പിച്ച പ്രാഥമിക എഫ് ഐ ആറിലും സലീംരാജിനെ ഒഴിവാക്കിയിരുന്നു.
സോളാര്‍ വിവാദം കത്തിനില്‍ക്കെയാണ് സലീംരാജുമായി ബന്ധപ്പെട്ട ഭൂമി ഇടപാട് കേസും പുറത്താകുന്നത്. സലീംരാജും സഹോദരി ഭര്‍ത്താവ് അബ്ദുല്‍ മജീദും ചേര്‍ന്ന് വ്യാജ രേഖകള്‍ ചമച്ച് 1.16 ഏക്കര്‍ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നതാണ് കളമശ്ശേരിയിലെ കേസ്. തിരുവനന്തപുരത്ത് കടകംപള്ളി വില്ലേജിലെ 44.5 ഏക്കര്‍ ഭൂമി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജ രേഖകളുണ്ടാക്കി തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് രണ്ടാമത്തേത്.
കടകംപള്ളി വില്ലേജില്‍ നടന്ന തട്ടിപ്പില്‍ സലീംരാജിന്റെ പങ്ക് സൂചിപ്പിച്ച് എ ഡി ജി പി സെന്‍കുമാറും ജില്ലാ കലക്ടറും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിയല്‍ എസ്‌റ്റേറ്റ്- ഉദ്യോഗസ്ഥ കൂട്ടുകെട്ടിലൂടെ വ്യാജ തണ്ടപ്പേര് തയാറാക്കിയും കോടതി വിധികള്‍ ദുര്‍വ്യാഖ്യാനം ചെയ്തും 44.5 ഏക്കര്‍ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന് കലക്ടര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
നൂറ്റിയമ്പതോളം പേരുടെ കൈവശമുള്ള ഭൂമിയാണ് വ്യാജ തണ്ടപ്പേരുണ്ടാക്കി തട്ടിയെടുക്കാന്‍ ശ്രമിച്ചത്. ഇത് പരിഗണിച്ച് വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ നല്‍കി. 2013 മെയ് 23 നാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്. കളമശ്ശേരിയിലെ ഭൂമി തട്ടിപ്പ് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനാണ് ഡി ജി പിക്ക് കത്ത് നല്‍കിയത്. ഇതിലും വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ നല്‍കി. സംസ്ഥാന പോലീസിലെ ഉദ്യോഗസ്ഥനെന്ന നിലയില്‍ സലീംരാജിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് വകുപ്പ് തല അന്വേഷണവും നടത്തി.
സലീംരാജും സഹോദരീഭര്‍ത്താവ് അബ്ദുല്‍ മജീദും ചേര്‍ന്ന് വ്യാജരേഖകള്‍ ചമച്ചു 1.16 ഏക്കര്‍ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് ഇടപ്പള്ളി പത്തടിപ്പാലം ആഞ്ഞിക്കാത്തു വീട്ടില്‍ ശരീഫയുടെയും പരാതി.
വര്‍ഷങ്ങളായി കരമടച്ചു വരുന്ന ഭൂമിയുടെ കരമടക്കാന്‍ റവന്യു അധികാരികള്‍ ഇപ്പോള്‍ അനുവദിക്കുന്നില്ലെന്നും വസ്തു എളങ്ങല്ലൂര്‍ സ്വരൂപത്തിന്റെ പേരിലാണെന്നും ഭൂമിയില്‍ തങ്ങള്‍ക്ക് അവകാശമില്ലെന്നുമുള്ള മറുപടിയാണ് ലഭിക്കുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.