Connect with us

Kerala

ബാര്‍ ലൈസന്‍സ്: ഹൈക്കോടതി ഉത്തരവ് സ്വാഗതാര്‍ഹം - കാന്തപുരം

Published

|

Last Updated

കോഴിക്കോട് : ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാന്‍ സര്‍ക്കാറിനോട് നിര്‍ദ്ദേശിക്കാനാവില്ലെന്ന ഹൈകോടതി ഉത്തരവ് സ്വാഗതാര്‍ഹമാണെന്ന് സമസ്ത കേരള ജംഇയ്യകൃതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു.

മദ്യം ഉണ്ടാക്കുന്ന സാമൂഹികവും സാമ്പത്തികവും ആരോഗ്യപരവുമായ ദുരിതങ്ങളെ പരിഗണിച്ചുകൊണ്ട് സമ്പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന മദ്യത്തിന്റെ പതിനഞ്ചു ശതമാനവും കേരളത്തിലേക്കാണ് കയറ്റിഅയക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്തെ അഭ്യന്തര ഉല്‍പാദനത്തിന് പുറമെയാണ് ഇത്രയും മദ്യം സംസ്ഥാനത്തേക്ക് ഒഴുകുന്നത്.
കേരളത്തില്‍ വര്‍ധിച്ചുവരുന്ന ആത്മഹത്യാ നിരക്ക്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍, വാഹനപകടങ്ങളുടെ വര്‍ധനവ് തുടങ്ങിയവക്ക് സംസ്ഥാനത്തെ മദ്യ ഉപഭോഗത്തിലുള്ള വര്‍ധനവാണ് പ്രധാന കാരണമെന്നാണ് സര്‍ക്കാര്‍ തന്നെ നിയമിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ സര്‍പ്പിച്ച റിപ്പോര്‍ട്ട് കണ്ടെത്തിയിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് ഇപ്പോള്‍ സര്‍ക്കാരിന്റെ മുന്നിലുണ്ട്.

മദ്യവില്‍പനയില്‍ നിന്ന് സര്‍ക്കാരിന് ലഭിക്കുന്ന വരുമാനം പൂര്‍ണമായും ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതാര്‍ഹമാണ്. ആ പ്രസ്താവനയുടെ അന്തസ്സത്ത ഉള്‍ക്കൊണ്ടുകൊണ്ടുള്ള സമഗ്രമായ മദ്യനയം രൂപപ്പെടുത്താനുള്ള ഇച്ഛാശക്തി സര്‍ക്കാര്‍ കാണിക്കുമോ എന്നാണറിയേണ്ടത്. നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങളും മറ്റും അടച്ചുപൂട്ടാന്‍ ആവശ്യത്തിലധികം ധൃതി കാണിക്കുന്ന സര്‍ക്കാരുകള്‍ തന്നെയാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പൊതു ഖജനാവിന് നഷ്ടം ഉണ്ടാക്കുന്ന മദ്യ വ്യവസായത്തോട് അന്യായമായി പ്രതിപത്തി കാണിക്കുന്നത് എന്നത് വിരോധാഭാസമാണ്-കാന്തപുരം പറഞ്ഞു.

Latest