Connect with us

Business

സൂചിക കുതിച്ചു; രൂപയുടെ തളര്‍ച്ച തുടരുന്നു

Published

|

Last Updated

ഓഹരി വിപണി മികവ് കാത്തു സൂക്ഷിച്ചു. നിഫ്റ്റി ഏപ്രില്‍ സെറ്റില്‍മെന്റ് ഓപ്പറേറ്റര്‍മാരില്‍ പിരിമുറുക്കം സൃഷ്ടിച്ചെങ്കിലും വാരാവാസാനം നേരിയ നേട്ടത്തിലാണ് ദേശീയ സൂചിക. ബോംബെ സെന്‍സെക്‌സ് 22,939 പോയിന്റ് വരെ കയറി റെക്കോര്‍ഡ് സ്ഥാപിച്ചു.
നിഫ്റ്റിക്ക് സൂചിക 6869.85 പോയിന്റ് വരെ ഉയര്‍ന്ന് എക്കാലത്തെയും ഉയര്‍ന്ന തലം ദര്‍ശിച്ചു. എന്‍ എസ് ഇ സൂചികക്ക് 6,869 റേഞ്ചില്‍ കനത്ത വില്‍പ്പനസമ്മര്‍ദത്തെ അഭിമുഖീകരിക്കേണ്ടി വന്നു. ധനകാര്യസ്ഥാപനങ്ങളും ഓപറേറ്റര്‍മാരും ഈ അവസരത്തില്‍ കനത്ത വില്‍പ്പനക്ക് രംഗത്ത് ഇറങ്ങി. ഫണ്ടുകളുടെ ഈ നീക്കം മൂലം റെക്കോര്‍ഡ് നിരക്കില്‍ നിന്ന് സൂചിക ക്ലോസിംഗ് വേളയില്‍ 6,782 ലേക്ക് താഴ്ന്നു. ഈ വാരം നിഫ്റ്റിക്ക് തളര്‍ച്ച നേരിട്ടാല്‍ 6746-6710 ല്‍ താങ്ങ് പ്രതീക്ഷിക്കാം. അതേ സമയം ആദ്യ തടസ്സം 6,843 ലാണ്. ഇത് മറികടന്നാല്‍ 6904-6940 വരെ ഉയരാം.
തിരഞ്ഞടുപ്പിന്റെ ആവേശം വിപണിക്ക് കരുത്ത് നല്‍കി. എന്നാല്‍ കാലാവസ്ഥാ വകുപ്പ് മണ്‍സൂണിനെ കുറിച്ച് നടത്തിയ പ്രവചനം ഓഹരി നിക്ഷേപകരെ വാരാവസാനം ലാഭമെടുപ്പിനു പ്രേരിപ്പിച്ചു.
മഴ ചുരുങ്ങുമെന്ന സൂചന കൃഷിയെ ബാധിക്കും. ഉത്പാദനം കുറഞ്ഞാല്‍ പണപ്പെരുപ്പത്തിനും കാരണമാകും. നാളെയും ബുധനാഴ്ചയുമായി രണ്ട് ദിവസത്തെ യോഗത്തിനുള്ള ഒരുക്കത്തിലാണ് അമേരിക്കന്‍ കേന്ദ്ര ബേങ്ക്. യു എസ് ഫെഡ്‌റിസര്‍വിന്റെ നീക്കങ്ങളെ ഉറ്റുനോക്കുകയാണ് ധനകാര്യസ്ഥാപനങ്ങള്‍. ഡൗ ജോണ്‍സ് വാരാന്ത്യം 16,361 ലും എസ് ആന്‍ഡ് പി ഇന്‍ഡക്‌സ് 1863 ലും നാസ്ഡാക് 4071 ലുമാണ്.
മുന്‍ നിര ഓട്ടോ ഓഹരിയമായ എം ആന്‍ഡ് എം ഏഴ് ശതമാനത്തില്‍ അധികം മുന്നേറി. എല്‍ ആന്‍ഡ് റ്റിയും ബി എച്ച് ഇ എല്‍ ആറ് ശതമാനത്തോളം മികവ് കാണിച്ചു. എസ് ബി ഐ, എച്ച് ഡി എഫ് സി, ഐ സി ഐ സി ഐ, ടാറ്റാ സ്റ്റീല്‍, ഹിന്‍ഡാല്‍ക്കോ, കോള്‍ ഇന്ത്യ തുടങ്ങിയവയും ശ്രദ്ധിക്കപ്പെട്ടു. അതേ സമയം റിലയന്‍സ്, ഒ എന്‍ ജി സി, ഇന്‍ഫോസീസ്, ഐ റ്റി സി, വിപ്രോ, റ്റി സി എസ് തുടങ്ങിയവക്ക് തിരിച്ചടി നേരിട്ടു.
കഴിഞ്ഞ വാരം ഇന്ത്യന്‍ മാര്‍ക്കറ്റ് നാല് ദിവസം മാത്രമേ പ്രവര്‍ത്തിച്ചുള്ളു. മെയ് ഒന്ന് അവധിയായതിനാല്‍ ഈ വാരവും ഇടപാടുകള്‍ നാല് ദിവസങ്ങളിലായി ഒതുങ്ങും.
വിനിമയ വിപണിയില്‍ യു എസ് ഡോളറിനു മുന്നില്‍ രൂപയുടെ തളര്‍ച്ച തുടരുന്നു. വാരാന്ത്യം രൂപ 60.63 ലാണ്. വിദേശ ഫണ്ടുകള്‍ പോയ വാരം 1645.01 കോടി രൂപ വിലമതിക്കുന്ന ഓഹരികള്‍ ശേഖരിച്ചു. വിദേശ ഫണ്ടുകള്‍ പോയ വാരം 1645.01 കോടി രൂപ വില മതിക്കുന്ന ഓഹരികള്‍ ശേഖരിച്ചു.
ബോംബെ സൂചിക 22,939 വരെ ഉയര്‍ന്ന് റെക്കോര്‍ഡ് സ്ഥാപിച്ചു. വ്യാപാരാന്ത്യം സൂചിക റെക്കോര്‍ഡ് നിലവാരത്തില്‍ നിന്ന് 251 പോയിന്റ് കുറഞ്ഞ് 22,688 ലാണ്.

---- facebook comment plugin here -----

Latest