Connect with us

Articles

തിരഞ്ഞെടുപ്പില്‍ പെയ്ഡ് ന്യൂസിന്റെ സ്വാധിനം

Published

|

Last Updated

 സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കഡ്ജു പ്രസ് കൗണ്‍സില്‍ ചെര്‍മാന്‍ സ്ഥാനം എറ്റെടുത്തതിന് ശേഷം നടന്ന അന്വേഷണങ്ങളാണ് ഇന്ത്യന്‍ മാധ്യമ രംഗത്തെ പെയ്ഡ് ന്യൂസ് സമ്പ്രദായങ്ങളെ കുറിച്ചുളള ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. ഇതിനു ശേഷം പ്രസ് കൗണ്‍സില്‍ അംഗങ്ങളെ വെച്ച് അന്വേഷണം നടത്തിയ ചെയര്‍മാന്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ നല്‍കുന്ന പെയ്ഡ് ന്യൂസ് സംഭവങ്ങള്‍ പുറത്തു കൊണ്ടുവരികയുണ്ടായി. ഇതേ തുടര്‍ന്നാണ് അച്ചടി മാധ്യമങ്ങള്‍ക്കുള്ളതു പോലെ ദൃശ്യമധ്യമങ്ങള്‍ക്കായി ഒരു മീഡിയ കൗണ്‍സില്‍ രാജ്യത്ത് വേണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നത്. എന്നാല്‍ ഭരണ പ്രതിപക്ഷ കക്ഷികള്‍ നിലപാടിനോട് മുഖം തിരിച്ചതോടെ മീഡിയ കൗണ്‍സില്‍ യാഥാര്‍ഥ്യമായില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പെയ്ഡ് ന്യൂസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇപ്പോള്‍ സജീവമാണ്. രാജ്യഭരണം പിടിച്ചടക്കാന്‍ എന്തിനും തയ്യാറായി നില്‍ക്കുന്ന സംഘ്പരിവാര്‍ ശക്തികള്‍ തന്നെയാണ് പെയ്ഡ് ന്യൂസ് രംഗത്തും മുന്നിലുള്ളതെന്ന് ഇതിനകം തെളിയിക്കപ്പെട്ടുകഴിഞ്ഞു. ഇതുവരെ 198 പരാതികളാണ് പെയ്ഡ് ന്യൂസുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനു ലഭിച്ചത്. ഇവയെല്ലാം തന്നെ ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ ഉത്തേരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പരാതികളാണ്. തിരെഞ്ഞടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുന്നതോടെ ഇനിയും പരാതികള്‍ ഉണ്ടാകാന്‍ തന്നെയാണ് സാധ്യത.
ലോക്‌സഭാ തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് നടത്തുന്ന സര്‍വേകളില്‍ ഭൂരിപക്ഷവും പെയ്ഡ് ന്യൂസാണെന്നും ഇതിനകം തെളിക്കപ്പെട്ടു കഴിഞ്ഞു. പാര്‍ട്ടികളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ആവശ്യത്തിനു പണം നല്‍കി ഇഷ്ടമുള്ള വാര്‍ത്തകള്‍ പുറത്തു വിടുന്ന സമ്പ്രദായം രാജ്യത്ത് തുടക്കം കുറിച്ചിട്ട് അധികകാലമായിട്ടില്ല. തുടങ്ങിയിട്ട് കുറച്ചു കാലം മാത്രമേ ആയിട്ടുള്ളുവെങ്കിലും ഇതിന്റെ അലയൊലികള്‍ സൃഷ്ടിക്കുന്ന തരംഗം ഏറെ വലുതാണ്. ഇപ്പോള്‍ നടന്നുവരുന്ന തിരഞ്ഞടുപ്പുകളില്‍ പെയ്ഡ് ന്യൂസിനു വേണ്ടി മാത്രം ഓരോ സംസ്ഥാനത്തെയും രാഷ്ട്രീയ പാര്‍ട്ടികള്‍ മുടക്കുന്നത് അനേകം കോടികളാണ്. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് കേരളം, പശ്ചിമ ബംഗാള്‍, ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവ മാറ്റി നിര്‍ത്തിയാല്‍ മറ്റ് ഓരോ സംസ്ഥാനത്തും ശരാശരി 200 കോടി രൂപ പെയ്ഡ് ന്യൂസിനു വേണ്ടി ചെലവഴിക്കുന്നതായി മുന്‍ പ്രസ് കൗണ്‍സില്‍ അംഗവും പെയ്ഡ് ന്യൂസിനെക്കുറിച്ചു പഠിക്കാന്‍ 2011ല്‍ നിയോഗിച്ച കമ്മിറ്റിയുടെ ചെയര്‍മാനുമായ ശ്രീനിവാസ റെഡ്ഢി പറയുന്നു. കേരളം മാത്രമാണ് ഇതിനൊരപവാദമെന്നും അദ്ദേഹം പറയുന്നു. കേരളത്തില്‍ നിന്ന് പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ച ബി ജെ പി സ്ഥാനാര്‍ഥിയായ ശോഭാ സുരേന്ദ്രന്‍ മാത്രമാണ് പെയ്ഡ് ന്യൂസുമായി ബന്ധപ്പെട്ട് എം പി വീരേന്ദ്രകുമാറിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. എന്നാല്‍ തിരഞ്ഞടുപ്പ് കമ്മിഷന്‍ ഇപ്പോള്‍ പരിഗണിച്ച 198 കേസുകളില്‍ ഈ പരാതി ഇല്ല. രാഷ്ട്രിയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും ചരിത്രം മഹത്വവത്കരിക്കുന്നതിനും വിഴുപ്പലക്കുന്നതിനുമായി മാധ്യമങ്ങള്‍ കോടികളാണ് വാങ്ങുന്നത്. ഇത് മാധ്യമ സംസ്‌കാരത്തെയും മാധ്യമ അച്ചടക്കത്തെയും സാരമായി ബാധിക്കുന്നു എന്ന തിരിച്ചറിവ് ഉണ്ടാകേണ്ടതാണ് എന്നാല്‍ ഇത്തരം ഒരു തിരിച്ചറിവ് ഉണ്ടാകുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ഇന്ത്യയിലെ പ്രമുഖ പത്രപ്രവര്‍ത്തകര്‍ക്കും പത്രങ്ങള്‍ക്കും തിരെഞ്ഞടുപ്പു കാലം ചാകരയാണ്. പത്ര സമ്മേളനങ്ങളില്‍ വിലപിടിപ്പുളള വസ്തുക്കളാണ് സൗജന്യമായി ലഭിക്കുന്നത്. തമിഴ്‌നാട്ടില്‍ അടുത്തു നടന്ന പത്രസമ്മേളനത്തില്‍ വിവാദ സ്ഥാനാര്‍ഥിയായ മുന്‍ കേന്ദ്ര മന്ത്രി മുന്തിയ തരം മൊബൈല്‍ ഫോണും എല്‍ സി ഡി ടി വിയുമാണ് പാരിതോഷികമായി നല്‍കിയത്. പത്രസമ്മേളനങ്ങളില്‍ നോട്ടുകള്‍ നിറച്ച കവറുകള്‍ കൈമാറുന്നതും ഇപ്പോള്‍ നിത്യമാണ്. പത്രമുതലാളിമാര്‍ക്ക് പരസ്യങ്ങളും പത്രപ്രവര്‍ത്തകര്‍ക്ക് യഥേഷ്ടം സൗജന്യങ്ങളും ലഭിക്കുമ്പോള്‍ ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എങ്ങോട്ടോ ചാഞ്ഞുപോകുന്ന കാഴ്ച യാഥാര്‍ഥ്യമായി തുടങ്ങിയിരിക്കുന്നു. ഇതുകൊണ്ടുതന്നെയാണ് ഒരു വലിയ കുറ്റകൃത്യത്തിന് നേതൃത്വം നല്‍കിയ ഒരു വ്യക്തിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നതും ഗുജറാത്ത് എന്ന സംസ്ഥാനത്തെ രാജ്യത്തെ ഏറ്റവും നല്ല പ്രദേശമായി വാഴ്ത്തുന്നതും. സത്യം ഇതില്‍ നിന്നെല്ലാം എത്രയോ അകലെയാണെങ്കിലും മാധ്യമങ്ങള്‍ ഇതിനു നേരെ മുഖം തിരിക്കുകയാണ്; വ്യക്തിപൂജ നടത്തുകയാണ്. ഇതിലൂടെ വികൃതമാകുന്നത് ജനാധിപത്യപരമായ അറിവിന്റെ നിഷേധമാണ്.
രാജ്യത്തെ ഭൂരിപക്ഷം മാധ്യമ പ്രവര്‍ത്തകരും മാധ്യമങ്ങളും പെയ്ഡ് ന്യൂസിന്റെ വക്താക്കളല്ല. വിശേഷിച്ചും അച്ചടി മാധ്യമങ്ങള്‍. അച്ചടി മാധ്യമങ്ങള്‍ താരതമ്യേന ഇക്കാര്യത്തില്‍ മിതത്വം പാലിക്കുമ്പോള്‍ ടെലിവിഷന്‍ രംഗം പെയ്ഡ് ന്യൂസ് സമ്പ്രദായത്തിന്റെ തരംഗം തന്നെ സൃഷ്ടിച്ചുകഴിഞ്ഞു. മാധ്യമങ്ങള്‍ക്ക് പണം നല്‍കിയാല്‍ ഏത് വാര്‍ത്തയും എങ്ങനെയും വളച്ചൊടിക്കാമെന്ന് ഈ മാധ്യമങ്ങളുടെ സഹായത്തോടെ ഫാസിസ്റ്റ് ശക്തികള്‍ കാണിച്ചു തരുന്നു. ഇത്തരം പ്രവണതകളെ നിയന്ത്രിക്കാന്‍ വേണ്ടിയാണ് പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ മാര്‍ക്കണ്ഡേയ കഡ്ജു മീഡിയ കൗണ്‍സില്‍ എന്ന ആശയം മുന്നോട്ട് വെച്ചത്. ഇത്തരം സാഹചര്യങ്ങളില്‍ പത്രപ്രവര്‍ത്തകരും അവരുടെ സംഘടനകളും എന്ത് നിലപാടുകളാണ് സ്വീകരിക്കുന്നത് എന്നതും പ്രസക്തമാണ്. ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂനിയന്‍ കഴിഞ്ഞ ചില വര്‍ഷങ്ങളിലായി ഈ വിഷയവുമിയി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ സംഘടിപ്പിച്ചതായി പ്രസിഡന്റ് എസ് എന്‍ സിന്‍ഹ പറയുന്നു.
തിരെഞ്ഞടുപ്പില്‍ ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നത് നരേന്ദ്ര മോദിയെയും കോണ്‍ഗ്രസ് (പുറത്ത് പറയുന്നില്ലെങ്കിലും) രാഹുല്‍ ഗാന്ധിയെയുമാണ്. എന്നാല്‍ ഈ രണ്ട് പാര്‍ട്ടികളുടെയും നേതാക്കള്‍ക്കോ അനുയായികള്‍ക്കോ ഇല്ലാത്ത താത്പര്യം മാധ്യമങ്ങള്‍ പ്രകടിപ്പിക്കുന്നു. നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയാക്കാന്‍ ചില ചാനലുകാര്‍ ഇപ്പോള്‍ മല്‍സരിക്കുകയാണ്. മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന ചര്‍ച്ചകള്‍ പലപ്പോഴും അവതാരകന്റെ രാഷ്ട്രീയ ഇച്ഛക്കനുസരിച്ച് മാത്രമാണ് നീങ്ങാറുള്ളത്. അവതാരകന്റെ അഭിപ്രയത്തെ ഖണ്ഡിക്കാനുളള സമയം ചര്‍ച്ചയില്‍ പങ്കെടുക്കാറുള്ളവര്‍ക്ക് ലഭിക്കാറില്ല. എന്നാല്‍ “മോദിക്കാര്‍”ക്ക് സമയം നല്‍കാന്‍ ഇവര്‍ക്കൊരു മടിയുമില്ല. ഹിന്ദി ചാനലുകള്‍ ഈ രംഗത്തെ തങ്ങളുടെ “കഴിവ്” ഇതിനകം തെളിയിച്ചുകഴിഞ്ഞു. ഇതിനെ മാധ്യമ ഫാസിസം എന്നല്ലാതെ എന്താണ് വിളിക്കുക?
ആന്ധ്ര പ്രദേശില്‍ മാത്രം ഇതിനകം പെയ്ഡ് ന്യൂസിനുവേണ്ടി 300 കോടി രൂപയാണ് ചെലവഴിച്ചതെന്ന് ഇവിടുത്തെ പത്രപ്രവത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം യാഥാര്‍ഥ്യങ്ങള്‍ ആരെങ്കിലും ചൂണ്ടിക്കാട്ടിയാല്‍ അവര്‍ക്ക് അരവിന്ദ് കെജ്‌രിവാളിന്റെ നിലയാകും വരിക. ഈയിടെ ദേശീയ മാധ്യമങ്ങള്‍ക്ക് നേരെ കെജ്‌രിവാള്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ വിവാദമായിരുന്നു. ഈ വിവാദത്തെ തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടിയുടെ പല പ്രസ്താവനകളും പത്രക്കാര്‍ മുക്കിയതായി പ്രചാരണം വന്നു. സത്യം വിളിച്ചുപറയുമ്പോള്‍ മാധ്യമങ്ങള്‍ പലതും അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല. തങ്ങള്‍ മാത്രമാണ് ശരി എന്ന മാധ്യമങ്ങളുടെ നിലപാട് ജനാധിപത്യത്തിന്റെ നിലവിലെ സ്ഥിരതയെ ദുര്‍ബലമാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പത്രങ്ങള്‍ക്ക് അനേകം പേജ് പരസ്യങ്ങളും പത്രപ്രവര്‍ത്തകര്‍ക്ക് പല വിധ ഔദാര്യങ്ങളും ലഭിക്കുമ്പോള്‍ ഇതൊന്നും ആവശ്യമില്ലാത്ത വലിയൊരു വിഭാഗം മാധ്യമ പ്രവര്‍ത്തകരുമുണ്ട്. എന്നാല്‍ പഴി കേള്‍ക്കുമ്പോള്‍ എല്ലാവരെയും ഉള്‍പ്പെടുത്താറാണ് പതിവ്. വിവാദ നായകന്‍മാരും അഴിമതിക്കാരും ക്രിമിനലുകളും ഫാസിസ്റ്റുകളും ജനങ്ങളുടെ കണ്ണില്‍ കുറ്റവാളികളല്ലാതെയായി മാറുന്ന കാഴ്ചയാണ് പെയ്ഡ് ന്യൂസ് എന്ന കെണി ഒരുക്കി വെച്ചിരിക്കുന്നത്.
നൂറ് കോടിയിലധികം ജനസംഖ്യയുള്ള ഇന്ത്യയില്‍ ഇപ്പോള്‍ 24 മണിക്കുറും പ്രവര്‍ത്തിക്കുന്ന അഞ്ഞൂറോളം ചാനലുകളുണ്ട്. എഴുപതിനായിരത്തിലധികം അച്ചടി മാധ്യമങ്ങളും. ഇവയുടെ സ്വാധീനവലയത്തിനു പുറമെയാണ് സോഷ്യല്‍ മീഡിയകള്‍. സോഷ്യല്‍ മീഡിയകളുടെ സ്വാധീനവലയത്തിനപ്പുറത്താണ് ഗ്രാമീണ ജനതയായ സാധാരണ ടെലിവിഷന്‍ പ്രേക്ഷകര്‍. അച്ചടി മാധ്യമങ്ങളും ടെലിവിഷനും തന്നെയാണ് ഇന്നും സാധാരണക്കാരുടെ വിവരങ്ങള്‍ അറിയാനുളള ആശ്രയം. ഇതിനെ പരമാവധി ചൂഷണം ചെയ്യുക എന്ന ദൗത്യമാണ് കോര്‍പറേറ്റുകളും ഫാസിസ്റ്റുകളും ആള്‍ദൈവങ്ങളും ഏറ്റെടുത്തിരിക്കുന്നത്.
ഇതില്‍ ഒരു പരിധി വരെ വിജയിക്കാന്‍ ഇവര്‍ക്കായിട്ടുണ്ട്. ജനാധിപത്യത്തിന്റെ നാലാം തൂണായി കരുതുന്ന മാധ്യമങ്ങള്‍ ഇപ്പോഴെത്തെ നില തുടര്‍ന്നാല്‍ അതൊരു രാജ്യത്തിന്റെ മരണമണിയായി തീരാന്‍ അധിക കാലം വേണ്ട. ഈ പ്രവണത ശരിയാണോ എന്ന ചിന്തയും നിലപാടുകളുടെ വ്യക്തതയും ഉണ്ടാകേണ്ടത് മാധ്യമങ്ങളുടെ ഭാഗത്ത് നിന്നു തന്നെയാണ്.

Latest