Connect with us

International

മലേഷ്യന്‍ വിമാനത്തിനുള്ള തിരച്ചില്‍ ഒരു വര്‍ഷം നീളും

Published

|

Last Updated

മലേഷ്യന്‍ വിമാനത്തിനുള്ള
തിരച്ചില്‍ ഒരു വര്‍ഷം നീളും

ക്വാലാലംപൂര്‍: കാണാതായ മലേഷ്യന്‍ വിമാനത്തിനായുള്ള തിരച്ചില്‍ എട്ട് മുതല്‍ 12 വരെ മാസം നീണ്ടേക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി. എം എച്ച് 370 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ദക്ഷിണ ഇന്ത്യന്‍ സമുദ്രത്തില്‍ കണ്ടെത്താനാകുമെന്ന ആത്മവിശ്വാസം ഇപ്പോഴുമുണ്ടെന്നും തിരച്ചില്‍ പ്രക്രിയ ഏകോപിപ്പിക്കുന്ന റിട്ടയേര്‍ഡ് എയര്‍ ചീഫ് മാര്‍ഷല്‍ ആംഗസ് ഹൂസ്റ്റണ്‍ പറഞ്ഞു. ദുരന്തത്തിനിരയായ വിമാനത്തിന് എന്ത് സംഭവിച്ചുവെന്ന് അറിയാനുള്ള അവകാശം ഇരകളുടെ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ഉണ്ട്. എന്ത് സംഭവിച്ചുവെന്ന് അറിയാന്‍ ലോകവും കാത്തിരിക്കുകയാണ്. അതു കൊണ്ട് എത്ര ദുഷ്‌കരമായാലും തിരച്ചില്‍ തുടരുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
അതിനിടെ, വിമാനം അപ്രത്യക്ഷമായെന്ന് റഡാര്‍ വിവരങ്ങള്‍ കാണിക്കുന്ന സമയവും യഥാര്‍ഥ രക്ഷാപ്രവര്‍ത്തനം തുടങ്ങിയ സമയവും തമ്മില്‍ നാല് മണിക്കൂര്‍ വ്യത്യാസമുണ്ടെന്ന് മലേഷ്യന്‍ ഗതാഗത മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 01:38ന് കാണാതായ വിമാനത്തിനായുള്ള തിരച്ചില്‍ തുടങ്ങുന്നത് 5.30നാണ്. ഇത് ഗുരുതരമായ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. ക്വാലാലംപൂരിലെ വ്യോമ സുരക്ഷാ വിഭാഗം സിംഗപ്പൂരുമായും ഹോംഗ്‌കോംഗുമായും ബന്ധപ്പെട്ടതൊഴിച്ചാല്‍ ഈ സമയത്തിനിടക്ക് ഒന്നും നടന്നിട്ടില്ല.
ഇത്തരം വിമാനങ്ങളുടെ യഥാര്‍ഥ സ്ഥാനം കൃത്യമായി അടയാളപ്പെടുത്തുന്ന സംവിധാനം കുറ്റമറ്റതാക്കണമെന്ന സന്ദേശമാണ് ഈ ദുരന്തം തരുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇത്തരത്തില്‍ ബന്ധം നഷ്ടപ്പെട്ട രണ്ട് വിമാനങ്ങളുടെ കാര്യത്തിലും സ്ഥാനം കൃത്യമായി നിര്‍ണയിക്കാന്‍ സാധിച്ചില്ലെന്നും മലേഷ്യന്‍ അധികൃതര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ കുറ്റസമ്മതം നടത്തുന്നു. ഈ അനിശ്ചിതത്വമാണ് തിരച്ചില്‍ ഇത്രമാത്രം സങ്കീര്‍ണമാക്കിയത്.

Latest