Connect with us

Ongoing News

പത്മനാഭസ്വാമി ക്ഷേത്രം:പുതിയ ഭരണ സമിതി നാളെ പരിശോധനക്കായി എത്തും

Published

|

Last Updated

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രഭരണത്തിന് സുപ്രീം കോടതി നിയോഗിച്ച പുതിയ ഭരണസമിതിയുടെ ആദ്യ യോഗം ഇന്നലെ ചേര്‍ന്നു. കണക്കുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ യോഗം തീരുമാനിച്ചു. ഇതിനായി സമിതി അംഗങ്ങള്‍ നാളെ ക്ഷേത്രത്തിനകത്ത് പ്രവേശിക്കും. ക്ഷേത്രത്തിലെ അക്കൗണ്ടുകള്‍ സര്‍ക്കാര്‍ പ്രതിനിധി ബിജു പ്രഭാകറും, സമിതി അധ്യക്ഷയുടെ പ്രതിനിധി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എസ് വിജയകുമാറും ചേര്‍ന്ന് പരിശോധിക്കും. വരവ്‌ചെലവ് കണക്കുകള്‍, നടവരവ്, ബേങ്കുകളിലെ ഇടപാട്, ജീവനക്കാരടെ എണ്ണം തുടങ്ങിയവയാണ് പ്രധാനമായും പരിശോധിക്കുക. പഴയ സമിതിയുടെ വിലയിരുത്തലുകളും ഇടക്കാല സമിതിയുടെ റിപ്പോര്‍ട്ടും നിലവില്‍ ക്ഷേത്രത്തിലുള്ള കാര്യങ്ങളും താരതമ്യം ചെയ്ത ശേഷം ഇവ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കും. പ്രാഥമിക കാര്യങ്ങള്‍ക്കായിരിക്കും പരിശോധനയില്‍ പ്രാധാന്യം നല്‍കുക.

സമിതി അധ്യക്ഷ ജില്ലാ അഡീഷനല്‍ ജഡ്ജി കെ പി ഇന്ദിരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സര്‍ക്കാര്‍ പ്രതിനിധിയായി ചുമതലയേറ്റ തിരുവനന്തപുരം ജില്ലാ കലക്ടര്‍ ബിജു പ്രഭാകറും, ജില്ലാ ജഡ്ജിയുടെ പ്രതിനിധിയായി ഭരണ സമിതിയില്‍ നിയമിതനായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എസ് വിജയകുമാറും, മരുതമ്പാടി നാരായണന്‍ പത്മനാഭന്റെ പ്രതിനിധിയായി പഞ്ചഗത്ത് നമ്പിയും, ക്ഷേത്ര തന്ത്രി തരണനല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാടുമാണ് യോഗത്തില്‍ പങ്കെടുത്തത്. മതപരമായ ചടങ്ങുകള്‍ കാരണം യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പെരിയനമ്പി പ്രതിനിധിയെ അയച്ചത്.
എന്നാല്‍ പെരിയനമ്പി ഉള്‍പ്പെടെ ഭരണസമിതിയിലെ മുഴുവന്‍ അംഗങ്ങളും പങ്കെടുക്കാത്തതിനാല്‍ പ്രധാന തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും വലിയ നമ്പിയുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച ശേഷമേ ക്ഷേത്രകാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കൂവെന്നും തുടര്‍ന്ന് മാധ്യമങ്ങളോട് സംസാരിച്ച സമിതിയിലെ സര്‍ക്കാര്‍ പ്രതിനിധി ബിജു പ്രഭാകര്‍ പറഞ്ഞു. ഭരണപരമായ കാര്യങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ തന്നെ ആചാരങ്ങള്‍ക്ക് ഒരു ഭംഗവും വരാത്തരീതിയിലാകും സമിതിയുടെ പ്രവര്‍ത്തനം. സമിതിയംഗങ്ങള്‍ ആദ്യം ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലെ ക്ഷേത്രം ഓഫീസില്‍ അല്‍പ സമയം ചെലവഴിച്ച ശേഷമാണ് ക്ഷേത്രത്തിനകത്ത് യോഗം ചേര്‍ന്നത്. യോഗം ഒന്നര മണിക്കൂര്‍ നീണ്ടു.
അതേ സമയം ക്ഷേത്രം എക്‌സിക്യൂട്ടിവ് ഓഫീസറായി നിയമിതനായ കെ എന്‍ സതീഷ് ഇതുവരെ ചുമതലയേറ്റിട്ടില്ല. ആന്ധ്രയില്‍ തിരഞ്ഞെടുപ്പ് നിരീക്ഷകനായ അദ്ദേഹത്തെ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയിട്ടില്ല.
കാരണം ആന്ധ്രയില്‍ തെലങ്കാന മേഖലയില്‍ മാത്രമാണ് തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയായത്. സീമാന്ധ്രയില്‍ അടുത്ത ഘട്ടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക.

 

---- facebook comment plugin here -----

Latest