Connect with us

Gulf

കുടുംബ വിസാ നിയമത്തില്‍ മാറ്റമില്ലെന്ന് ദുബൈ; വരുമാന പരിധി 4,000 ദിര്‍ഹം

Published

|

Last Updated

ദുബൈ: കുടുംബ വിസാ നിയമത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് ദുബൈ താമസ കുടിയേറ്റ വകുപ്പ് അധികൃതര്‍ അറിയിച്ചു. ദുബൈയില്‍ 4,000 ദിര്‍ഹം വരുമാനമുള്ളവര്‍ക്ക് കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാം. വരുമാന പരിധി 10,000 ദിര്‍ഹമാക്കി ഉയര്‍ത്തിയെന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ല. താമസ കുടിയേറ്റ നിയമത്തില്‍ മാറ്റം വരുത്തുന്നത് ഫെഡറല്‍ ഭരണകൂടമാണ്. എന്തെങ്കിലും മാറ്റം ഉണ്ടെങ്കില്‍ അവര്‍ അറിയിക്കും. ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഏതാനും ദിവസം മുമ്പ് നിരവധി അപേക്ഷകരെ ഇമിഗ്രേഷന്‍ അധികൃതര്‍ മടക്കിയിരുന്നു. 10,000 ദിര്‍ഹം വരുമാന സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതേ സമയം, മറ്റ് എമിറേറ്റുകളില്‍ വരുമാന പരിധി വര്‍ധിപ്പിച്ചിരുന്നില്ല.

കുടുംബത്തെ കൊണ്ടുവരാന്‍ ആഗ്രഹിച്ച ആയിരക്കണക്കിനാളുകളെ ദുബൈയിലെ വാര്‍ത്തകള്‍ ആശങ്കപ്പെടുത്തിയിരുന്നു. വേള്‍ഡ് എക്‌സ്‌പോ 2020ന് മുന്നോടിയായി യു എ ഇയില്‍ ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും കുടുംബത്തെ കൂട്ടി ദുബൈയിലെത്തി ജീവിതം കരുപിടിപ്പിക്കാന്‍ കഴിയുമെന്നും ഉള്ള പ്രതീക്ഷയ്ക്ക് നാട്ടില്‍ മങ്ങലേറ്റിരുന്നു. മാത്രമല്ല, ആയിരക്കണക്കിന് കുടുംബങ്ങള്‍ നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യവുമുണ്ടായി.

ദുബൈയില്‍ മാത്രമാണ് പുതിയ നിയമം പ്രാബല്യത്തില്‍ വന്നിരിക്കുന്നത് എന്ന് അബുദാബിയില്‍ നിന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അബുദാബിയിലും ഷാര്‍ജയിലും മറ്റും 4,000 ദിര്‍ഹം വരുമാനമുള്ളവര്‍ക്ക് കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാന്‍ തടസമുണ്ടാവില്ലെന്ന് അറിയിപ്പുണ്ടായിരുന്നു. യു എ ഇയില്‍ ഏഴു ലക്ഷം കേരളീയരുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. അനൗദ്യോഗികമായി ഇത് ഇരട്ടിയോളം വരും. ഇതില്‍ ഭൂരിപക്ഷവും 18 മുതല്‍ 34 വരെ വയസുള്ളവരാണ്. അവരില്‍ പലര്‍ക്കും കുടുംബത്തെ ദുബൈയില്‍ എത്തിക്കണമെന്നുണ്ട്.