Connect with us

Kollam

കുര്യോട്ടുമല ബഫല്ലോ ബ്രീഡിംഗ് ഫാം 'ഹൈടെക്കി'ലേക്ക്‌

Published

|

Last Updated

കൊല്ലം: കാര്‍ഷിക മുന്നേറ്റത്തിന്റെ കൊടിയടയാളമായി തലയുയര്‍ത്തി നില്‍ക്കുന്ന കൊല്ലത്തെ കുര്യോട്ടുമല ബഫല്ലോ ബ്രീഡിംഗ് ഫാം ഇനി “ഹൈടെക്കി”ലേക്ക്. മനുഷ്യാധ്വാനമില്ലാതെ പൂര്‍ണമായും യന്ത്രവത്കൃത സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഹൈടെക് ഫാമായാണ് കുര്യോട്ടുമലയിലെ ഫാമിനെ ഉയര്‍ത്താന്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ 13ാം ധനകാര്യ കമ്മീഷന്റെ ഗ്രാന്റോടുകൂടി 20 കോടി രൂപ ചെലവഴിച്ചാണ് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ പുതിയ ഫാം സമുച്ചയം യാഥാര്‍ഥ്യമാകുന്നത്.

അത്യുത്പാദന ശേഷിയുള്ള 300 പശുക്കളെ വളര്‍ത്തുകയാണ് ഹൈടെക് ഫാമിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ഹൈടെക് ഫാമിന്റെ ചുറ്റുമതില്‍ നിര്‍മാണം തുടങ്ങി. ബാക്കിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ടെന്‍ഡര്‍ അംഗീകരിച്ചിട്ടുണ്ട്. കറവ ഷെഡുകള്‍, കിടാരി ഷെഡുകള്‍, കന്നുകുട്ടി കൂടാരം, പ്രസവ കൂടാരം, ചെനപ്പശു ഷെഡ് എന്നിങ്ങനെ ഏഴ് ഗോശാലകളാണ് ഇപ്പോള്‍ ഫാമിലുള്ളത്.
ഫാം മെസഞ്ചറും മൂന്ന് മോനിട്ടറും സഹിതം വിദേശ രാജ്യങ്ങളിലെ ഫാമുകളോട് കിടപിടിക്കുന്ന ഹൈടെക്ക് രീതിയിലുള്ള ഫാമിന്റെ നിര്‍മാണം ഹൗസിംഗ് ബോര്‍ഡാണ് ഏറ്റെടുത്തിരിക്കുന്നത്. ഹൈടെക്കായി ഉയരുന്നതോടെ ഫാമിലെ പശുക്കളുടെ കറവ പൂര്‍ണമായും യന്ത്ര സാമഗ്രികളുടെ സഹായത്താലായിരിക്കും. തമിഴ്‌നാട്ടിലെ മാട്ടുപ്പെട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ഫാമിനോട് കിടപിടിക്കുന്ന വിധത്തിലുള്ളതായിരിക്കും കുര്യോട്ട്മല ഹൈടെക്ക് ഫാം. പശുക്കളെ തൊഴുത്തില്‍ കെട്ടിയിട്ട് വളര്‍ത്തുന്ന രീതി മാറ്റി പുറത്ത് മേയാന്‍ വിടുന്ന രീതിയാണ് അനുവര്‍ത്തിക്കുക. ഫാം ഉത്പന്നങ്ങളുടെ വിപണന കേന്ദ്രവും ഹൈടെക്ക് മോഡലിലാക്കും.
വിദേശികളും സ്വദേശികളുമായ സന്ദര്‍ശകര്‍ക്ക് താമസിക്കാനുള്ള കോട്ടേജുകളും ഫാമില്‍ ഒരുക്കുന്നുണ്ട്. സുസജ്ജമായ ചുറ്റുമതില്‍, ഭംഗിയുള്ള കവാടം, വാഹന പാര്‍ക്കിംഗ് സൗകര്യം എന്നിവയും ഒരുക്കും. കഴിഞ്ഞ ഫെബ്രുവരിയില്‍ ദിവസവും 480 ലിറ്റര്‍ പാലാണ് ഇവിടെ ഉത്പാദിപ്പിച്ചത്. ഇത് ഇപ്പോള്‍ 675 ലിറ്ററായി ഉയര്‍ന്നിട്ടുണ്ട്. ഹൈടെക്ക് ആയി ഉയര്‍ത്തുന്നതോടെ ഫാമിലെ പ്രതിദിന പാല്‍ ഉത്പാദനം 1,000 ലിറ്ററാക്കി വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
കറന്നെടുക്കുന്ന പാല്‍ കവറിലാക്കി തനിമയോടെ വിപണിയിലെത്തിക്കുന്ന കുര്യോട്ട്മല ഫാം ഫ്രഷ് മില്‍ക്ക് അടുത്ത മാസം വിപണിയിലെത്തും. ഒരു രാസപ്രക്രിയക്കും വിധേയമാക്കാതെ കറന്നെടുത്താലുടന്‍ പാല്‍ അര ലിറ്ററിന്റെ കവറുകളില്‍ നിറക്കുന്ന പുത്തന്‍ ധവളവിപ്ലവത്തിനാണ് ഇവിടെ തുടക്കമാകുന്നത്.
കുര്യോട്ടുമല ബഫല്ലോ ബ്രീഡിംഗ് ഫാമില്‍ നിന്നും പാല്‍ കവറുകളില്‍ നിറക്കുന്നത് യന്ത്ര സംവിധാനത്തിലാണ്. ഇതിനാവശ്യമായ പാക്കിംഗ് മെഷീനും കൂളിംഗ് സിസ്റ്റവും ഫാമില്‍ സ്ഥാപിച്ചുകഴിഞ്ഞു. നിലവില്‍ ആളുകള്‍ രാവിലെയും വൈകുന്നേരവും ക്യൂ നിന്നാണ് പാല്‍ വാങ്ങുന്നത്. വാഹനങ്ങളില്‍ പാല്‍ എത്തിക്കുകയും ചെയ്യുന്നുണ്ട്. ലിറ്ററിന് 36 രൂപയാണ് മറ്റ് പാലിന് വിപണിയിലെ വില. എന്നാല്‍ ഫാമിലെ പാലിന് 32രൂപയാണ് വില. കവറില്‍ നിറക്കുന്ന ചെലവ് കഴിച്ചാല്‍ പോലും വിപണി വിലയേക്കാള്‍ കുറഞ്ഞ വിലക്ക് ഫാം പാല്‍ വില്‍ക്കാന്‍ കഴിയുമെന്നതും വിപണന സാധ്യതകള്‍ വര്‍ധിപ്പിക്കാന്‍ സഹായകരമാകും.
1981 ലാണ് കുര്യോട്ട്മലയില്‍ ബഫല്ലോ ബ്രീഡിംഗ് ഫാം പ്രവര്‍ത്തനമാരംഭിച്ചത്. 2003 മുതല്‍ ഫാമില്‍ വൈവിധ്യവത്കരണം നടപ്പാക്കി. പശു, ആട്, കോഴി, മുയല്‍, കാട എന്നിവയെയാണ് ഇപ്പോള്‍ ഫാമില്‍ വളര്‍ത്തുന്നത്. മൊത്തം 215 കന്നുകാലികളാണ് ഫാമിലുള്ളത്. ഇവയില്‍ കറവ പശുക്കള്‍ 90 ഉം കിടാരികള്‍ 35 ഉം കിടാവുകള്‍ 33 ഉം ആണുള്ളത്. 95 മുയലുകളുണ്ട്. ആഴ്ചയില്‍ നാലായിരം കോഴിക്കുഞ്ഞുങ്ങളെ വിരിയിപ്പിക്കാന്‍ ശേഷിയുള്ള ഒരു ഹാച്ചറിയും ഇവിടെയുണ്ട്. ആട്ടിന്‍ കൂടുകള്‍ നവീകരിച്ച് 200 ആടുകളെ വളര്‍ത്തി കൂടുതല്‍ ആടുകളെ വില്‍പ്പനക്ക് സജ്ജമാക്കും. കറവ ഷെഡില്‍ റബ്ബര്‍ മാറ്റ്, ഓട്ടോമാറ്റിക് കുടിവെള്ള സംവിധാനം എന്നിവ സ്ഥാപിക്കും. ഫാമിലെ കന്നുകാലികള്‍ക്ക് ആവശ്യമായ പോഷക ഗുണമുള്ള കാലിത്തീറ്റ ലഭ്യമാക്കുന്നതിന് കാലിത്തീറ്റ ഫാക്ടറി ആരംഭിക്കും. കുറ്റാലം കുളിരരുവി, ചിത്രശലഭ പാര്‍ക്ക്, തെന്മല ഇക്കോ ടൂറിസം എന്നിവയുമായി ബന്ധപ്പെടുത്തി ഫാം ടൂറിസം പദ്ധതിയും കുര്യോട്ട്മലയില്‍ നടപ്പാക്കുന്നുണ്ട്.
ഹൈടെക്ക്് ആട് ഫാമും പദ്ധതിയില്‍ പെടുന്നു. ആധുനിക റൂഫിംഗും സ്ലാറ്റ് ഫ്‌ളോറുകളുമുള്ള ആട് ഫാം പദ്ധതി പൂര്‍ത്തീകരണ ഘട്ടത്തിലാണ്. ഇതിലൂടെ ഉയര്‍ന്ന തോതിലുള്ള മാംസവും ആട്ടിന്‍പാലും ഉത്പാദിപ്പിക്കാനുള്ള ഹൈടെക്ക് സാങ്കേതിക വിദ്യ ഫാമില്‍ യാഥാര്‍ഥ്യമാകും.

Latest