Connect with us

Ongoing News

ലോകകപ്പിനുള്ള 30 അംഗ സാധ്യതാ സ്‌ക്വാഡ്:ജര്‍മനിക്ക് യുവത്വം

Published

|

Last Updated

goreഫ്രാങ്ക്ഫര്‍ട്ട്: ഫിഫ ലോകകപ്പിനുള്ള 30 അംഗ സാധ്യതാ സ്‌ക്വാഡിനെ ജര്‍മനി പ്രഖ്യാപിച്ചു. കോച്ച് ജോക്വം ലോ യുവരക്തത്തിനാണ് പ്രാമുഖ്യം നല്‍കുന്നത്. ഷാല്‍ക്കെയുടെ പത്തൊമ്പതുകാരന്‍ ലിയോന്‍ ഗോരെസ്‌ക, പതിനെട്ടുകാരന്‍ മാക്‌സ് മെയെര്‍ എന്നിവര്‍ ഇടം പിടിച്ചു. ബൊറൂസിയ ഡോട്മുണ്ടിന്റെ എറിക് ഡം, സാംഡോറിയയുടെ മുസ്താഫി, ഫ്രീബര്‍ഗിന്റെ മതിയാസ് ജിന്റര്‍ എന്നീ യുവതാരങ്ങളും ജോക്വം ലോയുടെ ശ്രദ്ധയില്‍പ്പെട്ടു. അതേ സമയം, ഇറ്റാലിയന്‍ ക്ലബ്ബ് ഫിയോറന്റീനയില്‍ പരുക്ക് കാരണം തിരിച്ചടി നേരിട്ട സ്‌ട്രൈക്കര്‍ മരിയോ ഗോമസിനെ തഴഞ്ഞു. ലാസിയോയുടെ വെറ്ററന്‍ സ്‌ട്രൈക്കര്‍ മിറോസ്ലാവ് ക്ലോസെയെയും പരുക്ക് കാരണം സീസണില്‍ ഭൂരിഭാഗവും പുറത്തിരുന്ന റയല്‍മാഡ്രിഡ് അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ സമി ഖെദീറയെയും സാധ്യതാ ലിസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്.
2010 ലോകകപ്പിന് മുമ്പും ജോക്വം ലോ യുവാക്കള്‍ക്ക് പ്രാമുഖ്യമുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. അത് ഫലം ചെയ്തു, ജര്‍മനി മൂന്നാം സ്ഥാനം നേടി.
ജര്‍മന്‍ ബുണ്ടസ് ലിഗയിലെ അരങ്ങേറ്റ സീസണ്‍ തന്നെ ഗംഭീരമാക്കിയാണ് ഗോരെസ്‌കയും മാക്‌സ് മെയറും ദേശീയ ടീമിലേക്ക് കാലൂന്നിയത്.
ഗ്രൂപ്പ് ജിയില്‍ ഘാന, പോര്‍ച്ചുഗല്‍, അമേരിക്ക ടീമുകള്‍ക്കൊപ്പമാണ് ജര്‍മനിയുടെ ആദ്യ റൗണ്ട്.
അടുത്താഴ്ച പോളണ്ടിനെതിരെ സൗഹൃദ മത്സരം കളിച്ചതിന് ശേഷം 25 ലേക്ക് ടീം ചുരുങ്ങും. 21ന് ഇറ്റലിയിലെ ട്രെയ്‌നിംഗ് ക്യാമ്പിന് ശേഷം ജൂണ്‍ രണ്ടിന് അന്തിമ 23 അംഗ സ്‌ക്വാഡിനെ ജോക്വം ലോ പ്രഖ്യാപിക്കും.
അതേ സമയം, പരുക്കുള്ള മരിയോ ഗോമസിനെ തഴഞ്ഞപ്പോള്‍ സമി ഖെദീറയെ പരിഗണിച്ച നടപടിയെ ലോ ന്യായീകരിച്ചു. സമി ആരോഗ്യം വീണ്ടെടുക്കും. അച്ചടക്കത്തോടെ പരിശീലന മുറകളിലേര്‍പ്പെടുന്ന സമിയില്‍ ലോകകപ്പ് കളിക്കാനുള്ള അഭിനിവേശം കാണുന്നുണ്ടെന്നും ലോ.
ഗോള്‍വല കാക്കാന്‍ ബയേണ്‍ മ്യൂണിക്കിന്റെ മാനുവല്‍ ന്യൂവര്‍ തന്നെയാണ് ഒന്നാമന്‍. ബൊറൂസിയ ഡോട്മുണ്ടിന്റെ റൊമാന്‍ വീഡെന്‍ഫെല്ലര്‍, ഹാനോവറിന്റെ റോന്‍ റോബര്‍ട് സീലര്‍ എന്നീ ഗോള്‍ കീപ്പര്‍മാരും ഇടം പിടിച്ചു.
പ്രതിരോധ നിര താര സമ്പന്നമാണ്.
ജര്‍മന്‍ ചാമ്പ്യന്‍മാരായ ബയേണില്‍ നിന്ന് ഫിലിപ് ലാം, ജെറോം ബോട്ടെംഗ്, ജര്‍മനിയിലെ രണ്ടാം സ്ഥാനക്കാരായ ബൊറൂസിയ ഡോട്മുണ്ടിന്റെ എറിക് ഡം, മാറ്റ് ഹമ്മല്‍സ്, മാര്‍സെല്‍ ഷ്‌മെല്‍സര്‍, ആഴ്‌സണലിന്റെ പെര്‍ മെര്‍റ്റെസാക്കര്‍, സാംഡോറിയയുടെ ഷ്‌കോദ്രന്‍ മുസ്താഫി, ഷാല്‍ക്കെയുടെ ബെനെഡിക്ട് ഹോവിഡെസ്, ഹാംബര്‍ഗിന്റെ മാര്‍സെല്‍ ജാന്‍സെന്‍ എന്നിവര്‍.
മധ്യനിര ആരെയും കൊതിപ്പിക്കും. ബയേണ്‍ മ്യൂണിക്കിന്റെ ബാസ്റ്റ്യന്‍ ഷൈ്വന്‍സ്റ്റിഗര്‍, മരിയോ ഗോസെ, ടോണി ക്രൂസ്, തോമസ് മുള്ളര്‍, ആഴ്‌സണലിന്റെ മെസുറ്റ് ഒസില്‍, ലുകാസ് പൊഡോള്‍സ്‌കി, ചെല്‍സിയുടെ ആന്ദ്രെ ഷുറെല്‍, ബൊറൂസിയ ഡോട്മുണ്ടിന്റെ മാര്‍കോ റ്യൂസ്, ബയെര്‍ ലെവര്‍കൂസന്റെ ലാര്‍സ് ബെന്‍ഡര്‍, ഷാല്‍ക്കെയുടെ ജൂലിയന്‍ ഡ്രാക്‌സലര്‍, ലിയോണ്‍ ഗോരെസ്‌ക, മാക്‌സ് മെയര്‍, ഫ്രീബര്‍ഗിന്റെ മതിയാസ് ജിന്റര്‍, റയലിന്റെ സമി ഖെദീറ. ഇവരില്‍ ആരെ തഴയണമെന്നത് ജോക്വം ലോയെ വിഷമവൃത്തത്തിലാക്കും.
മുന്നേറ്റ നിരയില്‍ മിറോസ്ലാവ് കോസെക്കൊപ്പം ഹോഫെന്‍ഹെയിമിന്റെ കെവിന്‍ വോളന്‍ഡിനെയും പരിഗണിച്ചു.
ക്ലോസെ ലോകകപ്പ് ചരിത്രത്തില്‍ ഇടം പിടിച്ച താരമാണ്. പ്രായമേറും തോറും കളം വാഴാനുള്ള ത്വരയാണ് അയാളില്‍ കാണുന്നത്. ബ്രസീലില്‍ ക്ലോസെയുടെ കാലില്‍ നിന്നും തലയില്‍ നിന്നും ഗോളുകള്‍ പിറക്കുക തന്നെ ചെയ്യും – ജോക്വം ലോ പറയുന്നു.

Latest