Connect with us

Kerala

മുസ്‌ലിം ലീഗ് മന്ത്രിമാര്‍ മാറിയേക്കും

Published

|

Last Updated

തിരൂരങ്ങാടി: മുസ്‌ലിം ലീഗ് മന്ത്രിമാര്‍ക്ക് മാറ്റത്തിന് സാധ്യത. കഴിഞ്ഞ വ്യാഴാഴ്ച്ച ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ ഇത് സംബന്ധമായി ചര്‍ച്ച വന്നിരുന്നുവെങ്കിലും അന്തിമ തീരുമാനമെടുത്തിരുന്നില്ല. പി കെ അബ്ദുര്‍റബ്ബ്, ഡോ. എം കെ മുനീര്‍, വി കെ ഇബ്രാഹീംകുഞ്ഞ് എന്നിവര്‍ക്കാണ് മാറ്റത്തിന് സാധ്യത.

എന്നാല്‍ മഞ്ഞളാംകുഴി അലി, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ വകുപ്പുകളില്‍ മാറ്റം വരാനും ഇടയുണ്ട്. അബ്ദുര്‍റബ്ബിന് പകരം വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തേക്ക് കോട്ടക്കല്‍ എം എല്‍ എയായ എം പി അബ്ദുസ്സമദ് സമദാനിയെയാണ് പരിഗണിക്കുന്നത്. എന്നാല്‍ പ്രദേശികമായി സമദാനി മന്ത്രിയാകുന്നതില്‍ വലിയ എതിര്‍പ്പുള്ളതിനാല്‍ അബ്ദുര്‍റഹ്മാന്‍ രണ്ടത്താണിക്കും ചിലപ്പോള്‍ നറുക്ക് വീണേക്കാം.
വള്ളിക്കുന്ന് എം എല്‍ എയായ അഡ്വ. കെ എന്‍ എ ഖാദറിന്റെ പേരും ഈ വകുപ്പിലേക്ക് കേള്‍ക്കുന്നുണ്ട്. എം കെ മുനീര്‍ സ്ഥാനം ഒഴിയുന്ന പക്ഷം സി മമ്മൂട്ടിയെയാണ് പരിഗണിക്കാന്‍ കൂടുതല്‍ സാധ്യത. വി കെ ഇബ്രാഹീംകുഞ്ഞിനെ മാറ്റാന്‍ ആവശ്യമുണ്ടെങ്കിലും തെക്കന്‍ കേരളത്തില്‍ നിന്നുള്ള ആളെന്ന പരിഗണന വെച്ച് അദ്ദേഹത്തെ നിലനിര്‍ത്താന്‍ തന്നെയാണ് സാധ്യത.
അതേ സമയം തെക്കന്‍ ജില്ലക്കാരനായ ടി എ അഹ്മദ് കബീറിനെ മന്ത്രിയാക്കണമെന്ന് ചിലര്‍ക്ക് അഭിപ്രായമുണ്ടെങ്കിലും അദ്ദേഹം മലപ്പുറം ജില്ലയെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്നതിനാല്‍ ഇബ്രാഹീംകുഞ്ഞിന്റെ സീറ്റ് ഇളകാന്‍ സാധ്യതയില്ല.
മഞ്ഞളാംകുഴി അലിയെ മാറ്റുന്നില്ലെങ്കിലും വകുപ്പുകളില്‍ കാര്യമായ മാറ്റം വരുമെന്നാണ് അറിയുന്നത്. പി കെ കുഞ്ഞാലിക്കുട്ടിയുടെ ചില വകുപ്പുകള്‍ അലിക്ക് നല്‍കി അലിയുടെ പ്രധാന വകുപ്പ് കുഞ്ഞാലിക്കുട്ടിക്ക് നല്‍കാനും ഇടയുണ്ട്. യു ഡി എഫ് മന്ത്രിമാരില്‍ മാറ്റം ഉണ്ടാകുന്നതിന്റെ ഭാഗമായാണ് ലീഗ് മന്ത്രിമാരും മാറുന്നത്. വ്യാഴാഴ്ച നടന്ന മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ മദ്യ നിരോധം സംബന്ധച്ചാണ് കൂടുതല്‍ ചര്‍ച്ച നടന്നത്. മന്ത്രിമാരുടെ മാറ്റം ചര്‍ച്ചക്ക് വന്നുവെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അടുത്ത ദിവസം യോഗം ചേരുമെന്നാണ് അറിയുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മന്ത്രിമാര്‍ മാറുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

Latest