Connect with us

National

തദ്ദേശ തിരഞ്ഞെടുപ്പ്: സീമാന്ധ്രയില്‍ ടി ഡി പി, തെലങ്കാനയില്‍ കോണ്‍ഗ്രസ്

Published

|

Last Updated

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ സീമാന്ധ്രയില്‍ കോണ്‍ഗ്രസിനെ തൂത്തുവാരി ടി ഡി പിക്ക് തിളക്കമാര്‍ന്ന വിജയം. 13 ജില്ലകളിലെ തദ്ദേശവാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഒരിടത്തും കോണ്‍ഗ്രസ് വിജയിച്ചില്ല. അതേസമയം, തെലങ്കാനയില്‍ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടുകയും ചെയ്തു. തെലങ്കാനയില്‍ ഫലം പ്രഖ്യാപിച്ച 16 മുന്‍സിപ്പാലിറ്റികളില്‍ കോണ്‍ഗ്രസ് വിജയിച്ചു. ഒരിടത്ത് ലീഡ് ചെയ്യുകയുമാണ്.

അഞ്ച് കോര്‍പറേഷനുകളും 58 മുന്‍സിപ്പാലിറ്റികളും പിടിച്ചാണ് ചന്ദ്രബാബു നായിഡു നേതൃത്വം നല്‍കുന്ന തെലുങ്കുദേശം പാര്‍ട്ടി സീമാന്ധ്രയില്‍ വെന്നിക്കൊടി പാറിച്ചത്. വൈ എസ് ആര്‍ കോണ്‍ഗ്രസ രണ്ട് കോര്‍പ്പറേഷനുകളും 16 മുന്‍സിപ്പാലിറ്റികളും പിടിച്ചു. 18 നഗരങ്ങളില്‍ തൂക്കുസഭയാണ് നിലവില്‍ വരുന്നത്. 1446 വാര്‍ഡുകളില്‍ ടി ഡി പി ജയിച്ചപ്പോള്‍ 852 വാര്‍ഡുകളില്‍ വൈ എസ് ആര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടു.

തെലങ്കാനയില്‍ കോണ്‍ഗ്രസ് 525 സീറ്റുകളിലും തെലങ്കാന രാഷ്ട്രീയ സമിതി 313 സീറ്റുകളിലും വിജയിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥികളാണ് 355 സീറ്റുകള്‍ നേടിയത്. ടി ഡി പി – ബി ജെ പി സഖ്യത്തിന് 162 സീറ്റുകള്‍ ലഭിച്ചു. ടി ആര്‍ എസ് ഒരു കോര്‍പ്പറേഷനും ഒന്‍പത് മുന്‍സിപ്പാലിറ്റികളും സ്വന്തമാക്കിയപ്പോള്‍ ടി ഡി പി – ബി ജെ പി സഖ്യം ഏഴ് മുന്‍സിപ്പാലിറ്റികളും മജ്‌ലിസേ ഇത്തിഹാദുല്‍ മുസ് ലിമീന്‍, ബഹുജന്‍ സമാജ് വാദി പാര്‍ട്ടികള്‍ ഒരു സീറ്റ് വീതവും നേടി.

 

Latest