Connect with us

Ongoing News

സെപ്തംബറോടെ സെക്രട്ടേറിയറ്റ് സമ്പൂര്‍ണ ഇ-ഓഫീസ്

Published

|

Last Updated

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ എല്ലാ വകുപ്പുകളിലും സെപ്തംബര്‍ മാസത്തോടെ ഇ-ഓഫീസ് സംവിധാനം നടപ്പാക്കും. ആദ്യഘട്ടമായി 17 വകുപ്പുകള്‍ ജൂലൈ മാസത്തോടെ ഇ-ഓഫീസിലേക്ക് മാറും. ഈ വര്‍ഷം അവസാനത്തോടെ 400 ഓളം സേവനങ്ങള്‍ ഓണ്‍ലൈനാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ ഇ-ഗവേണന്‍സ് പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്യുന്നതിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓരോ വകുപ്പിലും സെക്രട്ടറിയും വകുപ്പധ്യക്ഷനുള്‍പ്പെട്ട ഒരു സമിതി രൂപവത്കരിച്ച് ഇ-ഓഫീസ് പ്രവര്‍ത്തന പുരോഗതി വിലയിരുത്തണം. അവശേഷിക്കുന്ന ഫയലുകള്‍ സ്‌കാന്‍ ചെയ്ത് ഡിജിറ്റലൈസ് ചെയ്യാന്‍ നടപടി സ്വീകരിക്കും. അടുത്തവര്‍ഷം ഫെബ്രുവരി അവസാനത്തോടെ സെക്രട്ടേറിയറ്റ്് വകുപ്പുകള്‍ക്ക് കീഴിലുള്ള അനുബന്ധ വകുപ്പുകളിലും ഇ-ഗവേണന്‍സ് നടപ്പില്‍ വരുത്താവുന്ന വിധത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. ജില്ലാ ആസ്ഥാനങ്ങളില്‍ ഇ-ഗവേണന്‍സ് നടപ്പാക്കാന്‍ അക്ഷയ കേന്ദ്രങ്ങളുടെ സേവനം പ്രയോജനപ്പെടുത്താം. സേവനാവകാശ നിയമത്തിന് കീഴിലുള്ള എല്ലാ സേവനങ്ങളും പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനില്‍ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. ട്രഷറി നടപടിക്രമങ്ങള്‍ ലഘൂകരിക്കാനും ഇ-ഗവേണന്‍സിലൂടെ കഴിയുമെന്നും യോഗം ചൂണ്ടിക്കാട്ടി. വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷണ്‍, അഡീഷനല്‍ ചീഫ് സെക്രട്ടറിമാര്‍, മറ്റ് ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

Latest