Connect with us

Education

പ്ലസ്‌വണ്‍ ഏകജാലകപ്രവേശം: ഓണ്‍ലൈന്‍ അപേക്ഷകള്‍ 26 മുതല്‍ സ്വീകരിക്കും

Published

|

Last Updated

തിരുവനന്തപുരം: ഏകജാലകസംവിധാനം വഴിയുള്ള പ്ലസ്‌വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഈമാസം 26 മുതല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷകര്‍ക്ക് സ്വന്തമായോ അല്ലെങ്കില്‍ പത്താംതരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടര്‍ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും പ്രദേശത്തെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കമ്പ്യൂട്ടര്‍ സൗകര്യവും പ്രയോജനപ്പെടുത്താം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂണ്‍ രണ്ടാണ്. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാനും അപേക്ഷയുടെ പ്രിന്റ്ഔട്ടും അനുബന്ധരേഖകളും സഹിതം വെരിഫിക്കേഷനായി ജില്ലയിലെ ഏതെങ്കിലും സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സമര്‍പ്പിക്കേണ്ടത്. ട്രയല്‍ അലോട്ട്‌മെന്റ് ജൂണ്‍ 11നും ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 18നും നടക്കും. മുഖ്യഘട്ടത്തിലെ രണ്ട് അലോട്ട്‌മെന്റുകളുടെ 95 ശതമാനത്തോളം സീറ്റുകളില്‍ പ്രവേശനം ഉറപ്പാക്കി ജൂലൈ ഒമ്പതിന് പ്ലസ്‌വണ്‍ ക്ലാസുകള്‍ ആരംഭിക്കും. ഇതിനുശേഷം പുതിയ അപേക്ഷകള്‍ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തിയായിരിക്കും പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുക. മുന്‍വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ ഓരോ ബാച്ചിലും 50 കുട്ടികളെന്ന ക്രമത്തില്‍ നിജപ്പെടുത്തിയായിരിക്കും ഈവര്‍ഷത്തെ പ്ലസ്‌വണ്‍ പ്രവേശനമെന്ന് മന്ത്രി പി കെ അബ്്ദുര്‍റബ്ബ് അറിയിച്ചു.
നിലവില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്ലാത്ത 148 പഞ്ചായത്തുകളില്‍ പുതിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ അനുവദിക്കും. കൂടാതെ പ്ലസ്‌വണ്‍ പഠനത്തിനായി സീറ്റുകള്‍ അപര്യാപ്തമായ ജില്ലകളില്‍ പ്രത്യേകിച്ചും എറണാകുളം മുതല്‍ വടക്കോട്ടുള്ള എട്ട് ജില്ലകളില്‍ ഹൈസ്‌കൂളുകള്‍ അപ്‌ഗ്രേഡ് ചെയ്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളോ അല്ലെങ്കില്‍ നിലവിലെ സ്‌കൂളുകളില്‍ അധികബാച്ചുകളോ അനുവദിക്കും. ഹൈക്കോടതി നിര്‍ദേശപ്രകാരം തെക്കന്‍ ജില്ലകളില്‍ പുതിയ സ്‌കൂളുകള്‍/അധികബാച്ചുകള്‍ അനുവദിക്കുന്ന കാര്യം പരിശോധിക്കും. പുതുതായി അനുവദിക്കുന്ന ഹയര്‍ സെക്കന്‍ഡറി ബാച്ചുകളിലേക്കുള്ള പ്രവേശനവും ഏകജാലകത്തിന്റെ മുഖ്യഘട്ടത്തില്‍ നടത്തും. സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം രണ്ടുഘട്ടങ്ങള്‍ ഉള്‍പ്പടെ ഓണ്‍ലൈന്‍ സംവിധാനത്തിലായിരിക്കും. ഒന്നാംഘട്ട രജിസ്‌ട്രേഷന്‍ ഈമാസം 20 മുതല്‍ ജൂണ്‍ അഞ്ചുവരെയും രണ്ടാംഘട്ട രജിസ്‌ട്രേഷന്‍ ജൂണ്‍ 11 മുതല്‍ ജൂണ്‍ 19 വരെയുമായിരിക്കും. ജൂണ്‍ 24ന് ആദ്യ അലോട്ട്‌മെന്റും ജൂണ്‍ 30ന് അവസാന അലോട്ട്‌മെന്റും നടക്കും. ആദ്യഘട്ടത്തില്‍ സ്‌പോര്‍ട്‌സില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികള്‍ അവരുടെ സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ അതത് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. രണ്ടാംഘട്ടത്തില്‍ പ്ലസ്‌വണ്‍ പ്രവേശനത്തിന് യോഗ്യത നേടുന്ന വിദ്യാര്‍ഥികള്‍ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പ്രവേശനം ലഭിക്കുന്നതിന് അവരുടെ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഏകജാലകപ്രവേശനത്തിന്റെ മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റിന് മുമ്പായി സ്‌പോര്‍ട്‌സ് ക്വാട്ടക്കായി രണ്ടു പ്രത്യേക അലോട്ട്‌മെന്റുകള്‍ നടത്തും.

 

 

Latest