Connect with us

National

ഇറോം ശര്‍മിളയെ 27ന് ഡല്‍ഹി കോടതിയില്‍ ഹാജരാക്കും

Published

|

Last Updated

ഇംഫാല്‍: സായുധ സേനക്ക് അമിതാധികാരം നല്‍കുന്ന നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മരണം വരെ ഉപവസിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ചാനു ശര്‍മിളക്ക്് മെയ് 27ന് ഡല്‍ഹികോടതിയില്‍ ഹാജരാകാന്‍ അനുമതി. ഉപവസിക്കുന്ന ഇവര്‍ക്കെതിരെ ആത്മഹത്യാ ശ്രമത്തിനാണ് കേസ് എടുത്തിട്ടുള്ളത്. തന്നെ കോടതിയില്‍ ഹാജരാകാന്‍ അനുവദിക്കണമെന്ന് ശര്‍മിള ആവശ്യപ്പെടുകയായിരുന്നു. ഇംഫാല്‍ ഈസ്റ്റ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ശര്‍മിളയുടെ ആവശ്യം അംഗീകരിച്ചത്.
1958ലെ സായുധസേനാ (പ്രത്യേകാധികാര) നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 2000 നവംബര്‍ 4നാണ് ശര്‍മിള അനിശ്ചിതകാല ഉപവാസം ആരംഭിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 309 അനുസരിച്ചാണ് ശര്‍മിളക്കെതിരെ പോലീസ് കേസെടുത്തത്. ഒരാളെ വിചാരണ കൂടാതെ ഒരു വര്‍ഷം വരെ തടങ്കലിലിടാന്‍ നിയമം അധികാരം നല്‍കുന്നുണ്ട്. അത് കഴിഞ്ഞാല്‍ തടവ് ഒരു വര്‍ഷം കൂടി നീട്ടാവുന്നതുമാണ്. ഓരോ വര്‍ഷത്തിന്റെ അവസാനത്തിലും ശര്‍മിളയെ പോലീസ് മോചിപ്പിക്കാറുമുണ്ട്. ജയില്‍ മോചിതയായതിന്റെ അടുത്ത ദിവസം അവര്‍ ഉപവാസം തുടങ്ങും. പോലീസ് അവരെ വീണ്ടും അറസ്റ്റ് ചെയ്യും. 2006ല്‍ ശര്‍മിള വിമാനത്താവളത്തില്‍ നിന്നും പോലീസിനെ വെട്ടിച്ച് ഉപവാസത്തിനായി ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ എത്തിയിരുന്നു. വാര്‍ത്താ ചാനലുകള്‍ ശര്‍മിളയുടെ ഡല്‍ഹി സാനിധ്യം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മാത്രമാണ് പോലീസ് വിവരം അറിഞ്ഞത്.