Connect with us

Articles

ഇത് ഉമ്മന്‍ ചാണ്ടിയുടെ വിജയം

Published

|

Last Updated

പ്രതിച്ഛായയെല്ലാം നഷ്ടപ്പെട്ട് പ്രതീക്ഷയേതുമില്ലാതെ തിരഞ്ഞെടുപ്പിനെ നേരിടാന്‍ യു ഡി എഫ് കളത്തിലിറങ്ങിയപ്പോള്‍ തന്നെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു: “വിജയമായാലും പരാജയമായാലും തിരഞ്ഞെടുപ്പ് ഫലം ഈ സര്‍ക്കാറിന്റെ വിലയിരുത്തലാകും.” 12 സീറ്റ് വിജയവുമായി യു ഡി എഫ് മുന്നിലെത്തുമ്പോള്‍ ഉമ്മന്‍ ചാണ്ടിക്ക് ആശ്വാസം കൊള്ളാം. സരിത മുതല്‍ സലീം രാജ് വരെയും രമേശ് ചെന്നിത്തല മുതല്‍ വി എം സുധീരന്‍ വരെയും പല പ്രശ്‌നങ്ങളും കോണ്‍ഗ്രസിനെയും യു ഡി എഫിനെയും അലട്ടിയിട്ടും ജനങ്ങള്‍ മുന്നണിയെ കൈവിട്ടില്ല.
പക്ഷേ, ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവനക്കു പിന്നില്‍ വലിയ രാഷ്ട്രീയമുണ്ട്. മുഖ്യമന്ത്രിയുടെ താത്പര്യത്തിനെതിരായാണ് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയാക്കിയത്. അതും എന്‍ എസ് എസ് നേതൃത്വം ഉയര്‍ത്തിയ സമുദായ സന്തുലിതാവസ്ഥ സംരക്ഷിക്കാന്‍. വി എം സുധീരനെ കെ പി സി സി പ്രസിഡന്റാക്കിയത് ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും എതിര്‍പ്പ് അവഗണിച്ചായിരുന്നു. രണ്ട് നടപടികളും ഹൈക്കമാന്‍ഡ് ഉമ്മന്‍ ചാണ്ടിക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് കനത്ത പരാജയം ഉണ്ടായാല്‍ നേട്ടം സുധീരനിലേക്ക് പോകരുതെന്ന് കരുതിയാവണം തിരഞ്ഞെടുപ്പ് ഫലം തന്റെ ഭരണത്തിന്റെ വിലയിരുത്തലാകുമെ ന്ന് ഉമ്മന്‍ ചാണ്ടി മുന്‍കൂട്ടി പറഞ്ഞത്. അമിതമായ ആത്മവിശ്വാസപ്രകടനമായിപ്പോയില്ലേയെന്ന് ഉമ്മന്‍ ചാണ്ടിയുടെ അടുത്ത അനുയായികള്‍ പോലും അന്ന് ഭയപ്പെട്ടു. പത്ത് സീറ്റില്‍ താഴെയാണ് കിട്ടുന്നതെങ്കില്‍ കാരണം ഉമ്മന്‍ ചാണ്ടിയുടെ വീഴ്ച, പത്ത് സീറ്റിനു മുകളിലായാല്‍ സുധീരന്‍ പ്രസിഡന്റായതുകൊണ്ടുണ്ടായ മാറ്റം എന്ന് വിലയിരുത്താനുള്ള വലിയൊരു സാധ്യതയെയാണ് ഉമ്മന്‍ ചാണ്ടി ഒറ്റ വാചകത്തിലൂടെ അന്ന് വെട്ടിനിരത്തിയത്. സുധീരന്റെ പ്രതിച്ഛായയും ഉമ്മന്‍ ചാണ്ടിയുടെ പ്രായോഗിക രാഷ്ട്രീയവും തമ്മില്‍ അപ്പോഴേക്ക് ഏറ്റുമുട്ടല്‍ തുടങ്ങിയിരുന്നു.
12 സീറ്റിന്റെ കരുത്തുമായി നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടിക്ക് ഇനി കുറച്ചുകൂടി ധൈര്യത്തോടെ മുന്നോട്ട് പോകാം. തിരുവനന്തപുരത്തിരിക്കാതെ നാട് ചുറ്റിനടക്കുന്ന മന്ത്രിമാരെ ശിസിച്ചു പണിയെടുപ്പിക്കാം. പുത്തന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാം. ഏറെക്കുറെ നിര്‍ജീവമായിക്കിടക്കുന്ന സര്‍ക്കാറിനെ ജീവസ്സുറ്റതാക്കാന്‍ ശ്രമം തുടങ്ങാം. എട്ട് സീറ്റ് വിജയം സി പി എമ്മിനും നേട്ടമായിരിക്കുന്നു. എം എ ബേബി മത്സരിച്ച കൊല്ലവും ടി പി ചന്ദ്രശേഖരന്റെ കൊലപാതകം കൊണ്ട് പ്രസിദ്ധമായ വടകരയും കൈ വിട്ടത് വലിയൊരു തിരിച്ചടിയായെങ്കിലും 2009ലെ നാലില്‍ നിന്ന് എട്ടിലേക്കുള്ള വളര്‍ച്ച അത്ര ചെറുതല്ല തന്നെ. ചാലക്കുടി, തൃശൂര്‍, ഇടുക്കി സീറ്റുകള്‍ കൈയിലെത്തുകയും കണ്ണൂര്‍ മണ്ഡലം കീഴ്‌പെടുത്തുകയും ചെയ്തത് സി പി എമ്മിന് ഏറെ ആശ്വാസം നല്‍കുന്നു.
രാഷ്ട്രീയമായി സി പി എം വളരെ ക്ഷീണത്തിലാണ്. ആര്‍ എസ് പി മുന്നണി വിട്ട് എന്‍ കെ പ്രേമചന്ദ്രന്‍ വഴി കൊല്ലം പിടിച്ചെടുത്തത് മാത്രമല്ല ക്ഷീണമുണ്ടാക്കിയത്. സഹായിക്കാന്‍ സമുദായങ്ങളൊന്നുമില്ലെന്നതാണ് ഒരു കാര്യം. എന്‍ എസ് എസും എസ് എന്‍ ഡി പിയും യു ഡി എഫിനൊപ്പമാണ്. ക്രിസ്ത്യന്‍ മുസ്‌ലിം സമുദായങ്ങളും യു ഡി എഫിനൊപ്പം. പിന്നെ സി പി എമ്മിന് പിന്നില്‍ രാഷ്ട്രീയ ശക്തികളെന്തെങ്കിലുമുണ്ടോ? ഈ ചോദ്യത്തിനുത്തരമാണ് ഈ തിരഞ്ഞെടുപ്പില്‍ സി പി എമ്മിന് കിട്ടിയ എട്ട് സീറ്റ്.
സരിതയുടെ പേരില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ശക്തമായ സമരമുഖം അഴിച്ചുവിട്ടിട്ടും യു ഡി എഫിനെ പിന്നിലാക്കാന്‍ കഴിഞ്ഞില്ലെന്നത് സി പി എമ്മിന് നേരിട്ട വലിയ വീഴ്ച. അതാകട്ടെ, ഉമ്മന്‍ ചാണ്ടിയുടെ വലിയ വിജയവുമായി. സാക്ഷാല്‍ കെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നിറക്കാന്‍ വലിയൊരു പടയോട്ടം നടത്തിയ ഉമ്മന്‍ ചാണ്ടി ഈ തിരഞ്ഞെടുപ്പിലൂടെ പുതിയ വളര്‍ച്ച നേടുകയാണ്. സരിതയും സലീംരാജും അഴിച്ചുവിട്ട ആരോപണങ്ങളില്‍ നിന്നുള്ള ഉമ്മന്‍ ചാണ്ടിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് കൂടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം.
ഒരു പ്രത്യേക തരം രാഷ്ട്രീയ വ്യക്തിത്വമാണ് ഉമ്മന്‍ ചാണ്ടിയുടെത്. അക്ഷരാര്‍ഥത്തില്‍ ഒരു മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകന്‍. എപ്പോഴും ജനങ്ങളുടെ ഇടയില്‍, അവരോട് സംസാരിച്ച്, അവരുടെ പരാതികള്‍ കേട്ട്, നിവേദനം ഏറ്റുവാങ്ങി നടന്നുനീങ്ങുന്ന ഒരു സാധാരണക്കാരന്‍. അധികാരത്തിന്റെ ഗര്‍വോ ഭാവമോ ആ മുഖത്ത് ഒരിക്കലും കാണാന്‍ കഴിയില്ല. ജനങ്ങളുടെ ഇടയിലൂടെ അവരുടെ പ്രശ്‌നങ്ങള്‍ തൊട്ടറിഞ്ഞ് അവരുടെ വികാരങ്ങളില്‍ പങ്ക് ചേര്‍ന്ന് നടക്കുകയാണ് ഉമ്മന്‍ ചാണ്ടി. ഈ യാത്ര ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വര്‍ഷങ്ങളായി അദ്ദേഹം ജനങ്ങളോടൊപ്പം കഴിയുന്നു. മുഖ്യമന്ത്രിയായ ശേഷം ഈ ബന്ധത്തിന് പുതിയൊരംഗീകാരം കിട്ടി. ആവലാതികള്‍ക്ക് പരിഹാരം കാണാന്‍ മുഖ്യമന്ത്രിയുടെ അധികാരം ഉപയോഗിച്ചു. പരാതി കേള്‍ക്കുന്നതിന് ജനസമ്പര്‍ക്ക് പരിപാടി എന്ന ഔദ്യോഗിക വേദി കൂടി ഉണ്ടാക്കിയതോടെ ഉമ്മന്‍ ചാണ്ടിക്ക് ജനങ്ങളുമായുള്ള ബന്ധം ഒന്നുകൂടി ഉറപ്പിക്കാനായി. സാധാരണക്കാരുടെ സാധാരണ പ്രശ്‌നങ്ങളില്‍ ഇടപെടാനും വേണ്ടിവന്നാല്‍, ചട്ടവും നിയമവും മാറ്റാനും അദ്ദേഹം മുന്നിട്ടിറങ്ങി. യഥാര്‍ഥത്തില്‍ ഒരു ജനനായകനായി വളരുകയായിരുന്നു അദ്ദേഹം.
സൗമ്യതയാണ് എപ്പോഴും ഉമ്മന്‍ ചാണ്ടിയുടെ മുഖമുദ്ര. രാഷ്ട്രീയ ശത്രുക്കളെ പോലും അധിക്ഷേപിക്കുകയോ ആക്ഷേപിക്കുകയോ ഇല്ല അദ്ദേഹം. ശത്രുപക്ഷത്തെ നോക്കി ആര്‍ത്തട്ടഹസിക്കുന്ന പ്രകൃതം അദ്ദേഹത്തിനില്ല. സരിത വിവാദവും സലീം രാജ് വിവാദവുമൊക്കെ മുഖ്യമന്ത്രിയെ കുറച്ചൊന്നുമല്ല ഒറ്റപ്പെടുത്തുകയും പ്രതിരോധത്തിലാക്കുകയും ചെയ്തത്. സര്‍ക്കാറിന്റെയും മുന്നണിയുടെയും പ്രതിച്ഛായ പാതാളത്തോളം താണ ദിനങ്ങള്‍. അപ്പോഴും ഉമ്മന്‍ ചാണ്ടിയുടെ മുഖം കറുത്തില്ല. വാക്കുകള്‍ക്ക് കടുപ്പം കൂടിയില്ല. കേരളത്തിലെ സാമാന്യ ജനങ്ങള്‍ക്ക് ഉമ്മന്‍ ചാണ്ടി ഒരാശ്വാസമായി മാറുകയായിരുന്നു.
യഥാര്‍ഥത്തില്‍ ഇതൊക്കെയാണ് ഉമ്മന്‍ ചാണ്ടിയെന്ന രാഷ്ട്രീയക്കാരന്റെ കരുത്ത്. മുഖ്യമന്ത്രിയെന്നല്ല, വെറും എം എല്‍ എ പോലുമല്ലെങ്കിലും ഉമ്മന്‍ ചാണ്ടിക്ക് ഈ കരുത്തുണ്ട്. അതിന്റെ സ്രോതസ്സാകട്ടെ, ജനങ്ങളും. ഉമ്മന്‍ ചാണ്ടി എവിടെയായാലും ആളുകള്‍ ചുറ്റുമുണ്ടാകും. മുഖത്തെ സൗമ്യതക്കും ഇടപെടലിലെ ലാളിത്യത്തിനും പിന്നില്‍ ഈ കരുത്തുണ്ട്. അതാണ് ഉമ്മന്‍ ചാണ്ടിയുടെ വ്യക്തിത്വത്തിന്റെ മറുവശം.
കോണ്‍ഗ്രസില്‍ ആന്റണി പക്ഷത്തിന്റെ വരവിനും വളര്‍ച്ചക്കും വഴിയൊരുക്കിയത് ഉമ്മന്‍ ചാണ്ടിയായിരുന്നു. എപ്പോഴും എ കെ ആന്റണി മുന്നില്‍ തന്നെ ഉണ്ടായിരുന്നെങ്കിലും ഉമ്മന്‍ ചാണ്ടി രണ്ടാമനായി നിന്ന് തന്ത്രങ്ങള്‍ മെനഞ്ഞു പട നയിച്ചു. തന്ത്രങ്ങളുടെയും കുതന്ത്രങ്ങളുടെയും നായകനായിരുന്ന കെ കരുണാകരനെ വീഴ്ത്തുന്നതുവരെയെത്തി ആ നീക്കങ്ങള്‍. മുഖ്യമന്ത്രിയായി ആന്റണി ഡല്‍ഹിയില്‍ നിന്ന് പറന്നെത്തിയപ്പോള്‍ ഉമ്മന്‍ ചാണ്ടി വീണ്ടും രണ്ടാമനായി ഒതുങ്ങി.
ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഉമ്മന്‍ ചാണ്ടിയെ വെല്ലാന്‍ ഐക്യജനാധിപത്യ മുന്നണിയിലോ കോണ്‍ഗ്രസിലോ ആരുമില്ല. അദ്ദേഹത്തെ കീഴ്‌പെടുത്താന്‍ ശേഷിയുള്ള ചേരികളും കോണ്‍ഗ്രസിലില്ല. ഹൈക്കമാന്‍ഡില്‍ നിന്ന് മാത്രമാണ് ഉമ്മന്‍ ചാണ്ടിക്ക് നേരെ വെല്ലുവിളി ഉണ്ടായത്. ചെന്നിത്തലക്ക് ആഭ്യന്തര വകുപ്പ് കൊടുക്കുന്നതിനോട് മുഖ്യമന്ത്രിക്ക് ഒരിക്കലും യോജിപ്പുണ്ടായിരുന്നില്ല. പക്ഷേ, ഹൈക്കമാന്‍ഡ് നിര്‍ബന്ധിച്ചപ്പോള്‍ അദ്ദേഹം വഴങ്ങി. വി എം സുധീരനെ കെ പി സി സി അധ്യക്ഷനാക്കുന്നതിനോടും മുഖ്യമന്ത്രിക്ക് യോജിപ്പുണ്ടായിരുന്നില്ല. ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും എതിര്‍പ്പ് വക വെക്കാതെ ഹൈക്കമാന്‍ഡ് സുധീരനെ പാര്‍ട്ടി അധ്യക്ഷനാക്കി. ഹൈക്കമാന്‍ഡിന്റെ ഇത്തരം തല തിരിഞ്ഞ പ്രവര്‍ത്തനങ്ങളാണ് പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ അടിവേരുകള്‍ അറുത്തത്. തമിഴ്‌നാട്ടില്‍, മധ്യപ്രദേശില്‍, ഉത്തര്‍ പ്രദേശില്‍ ഈ തിരഞ്ഞെടുപ്പ് ഫലങ്ങളൊന്നും കോണ്‍ഗ്രസ് നേതൃത്വത്തെ ഒരു പാഠവും പഠിപ്പിക്കുന്നില്ല.
ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്താനായില്ലെങ്കിലും കേരളത്തില്‍ സംസ്ഥാന നേതൃത്വത്തിന് അത് സാധിച്ചിരിക്കുന്നു. സംസ്ഥാനത്തുടനീളം ക്രിസ്ത്യന്‍, മുസ്‌ലിം സമുദായങ്ങള്‍ കോണ്‍ഗ്രസിനു പിന്തുണ നല്‍കി. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് വേളയിലുണ്ടായ സാമുദായിക ധ്രുവീകരണം തന്നെ ഉദാഹരണം. സി പി എമ്മില്‍ നിന്ന് രാജി വെച്ച് യു ഡി എഫില്‍ ചേര്‍ന്ന ആര്‍ ശെല്‍വരാജ് വീണ്ടും മത്സരിച്ചപ്പോഴുണ്ടായ രാഷ്ട്രീയ അന്തരീക്ഷം വളരെ കലുഷിതമായിരുന്നു. മുസ്‌ലിം ലീഗ് ഉയര്‍ത്തിയ അഞ്ചാം മന്ത്രി വാദമായിരുന്നു അതിന് കാരണം. നെയ്യാറ്റിന്‍കരയില്‍ മാത്രമല്ല, കേരളമെങ്ങും മുസ്‌ലിം ലീഗ്‌വിരുദ്ധ തരംഗം ഒരു മുസ്‌ലിംവിരുദ്ധ വികാരമായി മാറിയിരുന്നു. ബി ജെ പി സ്ഥാനാര്‍ഥിയായിരുന്ന ഒ രാജഗോപാല്‍ നേടിയ 30,000 ലേറെ വരുന്ന വോട്ട് ഇതിന്റെ വ്യക്തമായ സൂചനയായിരുന്നു.
ഡല്‍ഹി ലക്ഷ്യമാക്കി നരേന്ദ്ര മോദിയും ബി ജെ പിയും പടയോട്ടം തുടങ്ങിയപ്പോഴും കേരളത്തിലൊരിടത്തും മുസ്‌ലിം ലീഗ്‌വിരുദ്ധ വികാരമോ മുസ്‌ലിംവിരുദ്ധ വികാരമോ ഉയര്‍ന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാമതൊരു സീറ്റ് കൂടി ചോദിക്കാന്‍ മുസ്‌ലിം ലീഗിലെ ചില കേന്ദ്രങ്ങള്‍ക്ക് താത്പര്യമുണ്ടായിരുന്നുവെങ്കിലും നേതൃത്വം ആ നീക്കത്തെ മുളയിലേ നുള്ളി. കെ പി എ മജീദും പി കെ കുഞ്ഞാലിക്കുട്ടിയുമാണ് ഈ തീരുമാനത്തിലേക്ക് പാര്‍ട്ടിയെ നയിച്ചത്. ഈ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് ഏറ്റവും വലിയ ആശ്വാസം നല്‍കിയത് ലീഗിന്റെ ഈ തീരുമാനമായിരുന്നു. അതാകട്ടെ, യു ഡി എഫിനെ ഏറെ സഹായിക്കുകയും ചെയ്തു. നെയ്യാറ്റന്‍കരയില്‍ ഉയര്‍ന്ന മുസ്‌ലിംവിരുദ്ധ വികാരം അവിടെ അന്നു തന്നെ ഒതുക്കുകയായിരുന്നു. ഏറ്റവുമൊടുവില്‍ ചെന്നിത്തല കെ പി സി സി അധ്യക്ഷ പദവി വിട്ട് ആഭ്യന്തര മന്ത്രിയാകുകയും ചെയ്തതോടെ സാമുദായിക സന്തുലിതാവസ്ഥ എവിടെ എന്ന ചോദ്യത്തിനും ഉത്തരമായി.
കോണ്‍ഗ്രസിലെപ്പോലെ തന്നെ സി പി എമ്മിനും വളരെ പ്രധാനമായിരുന്നു ഈ തിരഞ്ഞെടുപ്പ്. ദേശീയ രാഷ്ട്രീയത്തില്‍ പിടിച്ചുനില്‍ക്കാന്‍ പാര്‍ട്ടി കേരളത്തില്‍ കാര്യമായ പ്രതീക്ഷ അര്‍പ്പിച്ചു. പാടുപെട്ട് വി എസ് അച്യുതാനന്ദനെ പാര്‍ട്ടിയോടടുപ്പിച്ചു. ആലപ്പുഴയിലും കണ്ണൂരിലും വടകരയിലുമൊക്കെ ഇത് വലിയ പ്രയോജനം ചെയ്തു.
കൊല്ലത്താണ് സി പി എം ഏറ്റവും വലിയ പരീക്ഷണം നേരിട്ടത്. തിരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നില്‍ക്കെ ആര്‍ എസ് പി മുന്നണി വിട്ടത് സി പി എമ്മിന്റെ തന്ത്രങ്ങളുടെയെല്ലാം താളം തെറ്റിച്ചിരുന്നു. പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി മത്സരിക്കുന്ന കൊല്ലത്ത് അണുവിട പോലും വിട്ടുകൊടുക്കാന്‍ സി പി എം തയ്യാറായില്ല. എന്‍ കെ പ്രേമചന്ദ്രന്റെ വിജയം സി പി എമ്മിന്റെ എല്ലാ കണക്കുകൂട്ടലുകള്‍ക്കുമപ്പുറമായി.
ഇനിയിപ്പോള്‍ കേരളത്തിലെ അടുത്ത രണ്ട് വര്‍ഷം യു ഡി എഫും ഇടതു മുന്നണിയും തമ്മിലുള്ള പുതിയൊരു ബലപരീക്ഷണത്തിന്റെ കാലമാകും. ഉമ്മന്‍ ചാണ്ടിക്കെതിരെ മുഖത്തോടു മുഖം നോക്കി നില്‍ക്കുന്നത് പിണറായി വിജയന്‍. വി എസ് അച്യുതാനന്ദനും വി എം സുധീരനും രമേശ് ചെന്നിത്തലയുമെല്ലാം അടുത്തടുത്ത്. രംഗം തെളിയുകയാണ്.

---- facebook comment plugin here -----

Latest