Connect with us

Editorial

ജനങ്ങളെ മറന്നപ്പോള്‍ ജനങ്ങളും മറന്നു

Published

|

Last Updated

അഭിപ്രായ സര്‍വേകളെയെല്ലാം കവച്ചു വെച്ച വന്‍മുന്നേറ്റമാണ് പതിനാറാമത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ നടത്തിയത്. 260 മുതല്‍ 218 വരെ സീറ്റുകളാണ് അഭിപ്രായ സര്‍വേകള്‍ പരമാവധി എന്‍ ഡി എക്ക് പ്രവചിച്ചിരുന്നതെങ്കില്‍ 543 അംഗ പാര്‍ലമെന്റില്‍ എന്‍ ഡി എ 340 സീറ്റുകള്‍ നേടി പുറമെ നിന്നുള്ള പിന്തുണയില്ലാതെ ഭരിക്കാനുള്ള ഭൂരിപക്ഷം നേടിയിരിക്കയാണ്. 80 കോടിയില്‍പരം വോട്ടര്‍മാരില്‍ 66.38 ശതമാനം പേര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയ പൊതുതിരഞ്ഞെടുപ്പില്‍ ബി ജെ പി ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നേടിയിരിക്കുന്നുവെന്നതാണ് അതിലേറെ ശ്രദ്ധേയം. കഴിഞ്ഞ ലോക്‌സഭയിലെ 116ല്‍ നിന്ന് ഇത്തവണ പാര്‍ട്ടിയുടെ അംഗബലം 283 ആയി ഉയര്‍ന്നു. പത്ത് വര്‍ഷമായി അധികാരത്തിലിരുന്ന യു പി എ സഖ്യം 262ല്‍ നിന്ന് 58 ലേക്കും കോണ്‍ഗ്രസിന്റെ സീറ്റ് നില 206 ല്‍ നിന്നും 47ലേക്കും കുത്തനെ താഴുകയും ചെയ്തു. കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും ദയനീയ പരാജയമാണിത്.
യു പി എ സര്‍ക്കാറിന്റെ ഭരണത്തില്‍ അരങ്ങേറിയ വന്‍ അഴിമതികള്‍, മന്‍മോഹന്‍ സിംഗ,് ചിദംബരം, അഹ്‌ലുവാലിയ കൂട്ടുകെട്ടിന്റെ സാമ്രാജ്യത്വദാസ്യവും തദനുസൃത നയങ്ങളും, മതന്യൂനപക്ഷങ്ങളുടെ വിശ്വാസം തിരിച്ചു പിടിക്കുന്നതില്‍ സംഭവിച്ച വീഴ്ച, മാധ്യമങ്ങളുടെ സ്വാധീനം ഉപയോഗപ്പെടുത്തുന്നതില്‍ ബി ജെ പി കൈവരിച്ച വിജയം എല്ലാറ്റിലുമുപരി മതേതര വോട്ടുകളുടെ വികേന്ദ്രീകരണം തുടങ്ങിയവയാണ് തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചു കാണുന്നത്. വര്‍ഗീയ സഖ്യം ഒരു വശത്തും അഴിമതിയില്‍ മുങ്ങിക്കുളിച്ച യു പി എ മറുവശത്തുമായുള്ള പോരാട്ടത്തില്‍ ഇന്ത്യന്‍ ജനത അഴിമതി ഭരണത്തിനെതിരെ വിധിയെഴുതുകയായിരുന്നു. ഏറെ കൊട്ടിഘോഷിക്കപ്പെട്ട രാഹുല്‍ ഫാക്ടറോ, പ്രിയങ്കയുടെ രംഗപ്രവേശമോ തിരഞ്ഞെടുപ്പില്‍ ഒരു ചലനവും സൃഷ്ടിച്ചില്ല. ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വ്യക്തിപ്രഭാവം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്തിയ ചരിത്രമുള്ളപ്പോള്‍ തന്നെയാണ് രാഹുലിന്റെ റോഡ് ഷോയും, പ്രചാരണ തന്ത്രങ്ങളും നിഷ്ഫലമായതെന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സജീവ ചിന്തക്ക് വിഷയീഭവിക്കേണ്ടതുണ്ട്.
ഭരണത്തില്‍ സാധാരണക്കാരനെയും പിന്നാക്ക വിഭാഗങ്ങളെയും വിസ്മരിച്ചു കോര്‍പറേറ്റുകളുടെയും സമ്പന്നരുടെയും താത്പര്യങ്ങള്‍ക്കു മുന്‍തുക്കം നല്‍കുകയും തിരഞ്ഞെടുപ്പടുക്കുമ്പോള്‍ മാത്രം സാധാരണക്കാരനു വേണ്ടി മുതലക്കണ്ണീരൊഴുക്കുകയും ചെയ്യുന്ന രാഷ്ട്രീയ തട്ടിപ്പിനെക്കുറിച്ചു ജനം ബോധവാന്മാരാണ്. കഴിഞ്ഞ വര്‍ഷം നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ജനത്തിന്റെ ഈ മനോഗതം തിരിച്ചറിഞ്ഞിട്ടും തെറ്റുകള്‍ തിരുത്താന്‍ കോണ്‍ഗ്രസ് തയാറാകാത്തതാണ് പാര്‍ട്ടിയെ പരാജയത്തന്റെ ഗര്‍ത്തത്തിലേക്ക് വീഴ്ത്തിയത്. മതേതരവിരുദ്ധ വോട്ടുകളുടെ ധ്രുവീകരണത്തില്‍ ബി ജെ പി ശ്രദ്ധിച്ചപ്പോള്‍, സമാജ് വാദി, എ ഐ എ ഡി എം കെ തുടങ്ങിയ മതേതര പ്രാദേശിക കക്ഷികളെയും ഇടത് സഖ്യത്തെയും ഒന്നിച്ചു നിര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിച്ചതുമില്ല. അത് സാധ്യമായിരുന്നെങ്കില്‍ തിരഞ്ഞെടുപ്പ് ഫലം മറ്റൊന്നാകുമായിരുന്നുവെന്നാണ് എന്‍ ഡി എയും മറ്റുള്ളവരും നേടിയ വോട്ടുകളുടെ ശതമാനം വിളിച്ചോതുന്നത്. സ്ഥാനാര്‍ഥികളുടെ എണ്ണത്തില്‍ എന്‍ ഡി എക്ക് 60 ശതമാനത്തിന്റെ ബലമുണ്ടെങ്കിലും ആകെ പോള്‍ ചെയ്ത വോട്ടില്‍ 34 ശതമാനം മാത്രമാണ് സഖ്യത്തിന് ലഭിച്ചത്. കോണ്‍ഗ്രസ് 22.59 ശതമാനവും മറ്റുള്ളവര്‍ 43.41 ശതമാനവും നേടി.
കേരളത്തിലെ ഫലം ഏറെക്കുറെ പ്രതീക്ഷക്കൊത്തു തന്നെയായിരുന്നു. യു ഡി എഫിന്റെ അംഗബലം നാലെണ്ണം ചുരുങ്ങിയെങ്കിലും അവരുടെ പ്രമുഖ സ്ഥാനാര്‍ഥികളില്‍ ഏറെപ്പേരും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇടതു സഖ്യത്തിന്റെ എണ്ണം നാലില്‍ നിന്ന് എട്ടായി ഉയര്‍ന്നപ്പോള്‍ കൊല്ലത്ത് എം എ ബേബിയുടെ പരാജയം സി പി എമ്മിന് ആഘാതമായി. രാജ്യത്ത് മൊത്തത്തില്‍ ബി ജെ പി തരംഗം ആഞ്ഞടിച്ചപ്പോള്‍ കേരളം അവരെ അകറ്റി നിര്‍ത്തിയെന്നതും ശ്രദ്ധേയമാണ്. സംസ്ഥാനത്ത് ഇത്തവണയെങ്കിലും അക്കൗണ്ട് തുറക്കുമെന്ന ബി ജെ പിയുടെ പ്രതീക്ഷ പൂവണിഞ്ഞില്ല. 70 ശതമാനം വോട്ടെണ്ണിയപ്പോള്‍ പതിനാലായിരത്തോളം വോട്ടിന് മുന്നിട്ടു നിന്ന രാജഗോപാല്‍ അവസാന നിമിഷത്തിലാണ് പിറകോട്ടടിച്ചത്. നഗര കേന്ദ്രങ്ങളിലെ വോട്ടുകളാണ് ശശി തരൂരിന്റെ രക്ഷക്കെത്തിയത്.
ലോക്‌സഭയില്‍ കേവല ഭൂരിപക്ഷം നേടിയെങ്കിലും രാജ്യസഭയിലെ കക്ഷിനില എന്‍ ഡി എക്ക് കല്ലുകടിയാകും. 240 അംഗ രാജ്യസഭയില്‍ എന്‍ ഡി എ സഖ്യത്തിന്റെ അംഗസംഖ്യ 64 ആണ്. കേവല ഭൂരിപക്ഷമായ 121 സീറ്റുകളുടെ പകുതി മാത്രം. 14 അംഗങ്ങളുള്ള ബി എസ് പിയുടെയും 12 അംഗങ്ങളുള്ള തൃണമൂലിന്റെയും 10 അംഗങ്ങളുള്ള എ ഐ ഡി എം കെയുടെയും ഒന്‍പത് അംഗങ്ങളുള്ള എസ് പിയുടെയും ആറ് പേരുള്ള ബിജു ജനതാദളിന്റെയും പിന്തുണ നേടാനായാല്‍ പോലും സഖ്യത്തിന് രാജ്യസഭയില്‍ കേവല ഭൂരിപക്ഷം നേടാനാകില്ല. സുസ്ഥിരഭരണമെന്ന എന്‍ ഡി എയുടെ അവകാശവാദതത്തിന് ഇത് തിരിച്ചടിയാകും.

Latest