Connect with us

Kozhikode

കടത്തനാടന്‍ മണ്ണില്‍ കാലിടറി സിപിഎം

Published

|

Last Updated

കോഴിക്കോട്: ഏറെ വൈകാരികത നിറഞ്ഞ, അഭിമാന മണ്ഡലം തിരിച്ചുപിടിക്കാനുള്ള രാഷ്ട്രീയ പോരാട്ടത്തില്‍ കടത്തനാടന്‍ മണ്ണില്‍ സി പി എമ്മിന് വീണ്ടും കാലിടറി. ഇടത്‌കോട്ടയില്‍ വീണ്ടും കോണ്‍ഗ്രസ് കൊടിപാറിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍ നേടിയ വീറുറ്റ വിജയം തിരഞ്ഞെടുപ്പ് പോരാട്ട ചരിത്രത്തില്‍ വേറിട്ട് നില്‍ക്കുന്നതാണ്. അവസാന നിമിഷം വരെ ലീഡ് നില മാറിമറിഞ്ഞ മത്സരത്തില്‍ ഫോട്ടോഫിനിഷിംഗിലാണ് (3306) മുല്ലപ്പള്ളി സി പി എം യുവ നേതാവ് എ എന്‍ ഷംസീറിനെ മറികടന്നത്. ആകെ പോള്‍ ചെയ്ത പോള്‍ ചെയ്ത 9,59,342 വോട്ടില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ 416479 വോട്ട് നേടിയപ്പോള്‍ ഷംസീര്‍ 413173 വോട്ടാണ് നേടിയത്.

വടകരയിലെ മത്സരത്തെ വിത്യസ്ത രൂപത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ നോക്കികണ്ടത്. സി പി എമ്മിനെ സംബന്ധിച്ചിടത്തോളം ടി പി ചന്ദ്രശേഖരന്‍ വധത്തിന് ശേഷമുള്ള രാഷ്ട്രീയ വേട്ടയാടലിന് മറുപടി. യു ഡി എഫിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ തവണ അപ്രതീക്ഷിതമായി ലഭിച്ച സീറ്റ് നിലനിര്‍ത്തുക, സി പി എം വിരുദ്ധരായ ആര്‍ എം പിയെ സംബന്ധിച്ചിടത്തോളം നിലനില്‍പ്പിന്റെ പോരാട്ടം. ലക്ഷ്യങ്ങള്‍ക്കായി ഓരോ പാര്‍ട്ടികളും തന്ത്രങ്ങളും കുതന്ത്രങ്ങളും അടവുനയങ്ങളും കൈക്കൊണ്ടു. ആരോപണ, പ്രത്യാരോപണം നിറഞ്ഞ പ്രചാരണത്തില്‍ ഒപ്പം നിന്നു.
കഴിഞ്ഞ രണ്ട് വര്‍ഷമായി ഇടതടവില്ലാതെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ടി പി ചന്ദ്രശേഖരന്‍ വധത്തിന് ശേഷമുള്ള തിരഞ്ഞെടുപ്പ് ആയതിനാല്‍ ഏറെ കരുതലോടെയായിരുന്നു സി പി എം സമീപിച്ചിരുന്നത്. സംസ്ഥാനത്തെ ഏത് മണ്ഡലങ്ങളില്‍ തോറ്റാലും വടകര തിരിച്ചുപിടിച്ച് രാഷ്ട്രീയ വേട്ടയാടലിന് മറുപടി നല്‍കാന്‍ ഉറച്ച് ചിട്ടയായ പ്രവര്‍ത്തനം അവര്‍ നടത്തി. കൂട്ടിയും കിഴിച്ചും കഴിഞ്ഞ തവണ മുല്ലപ്പള്ളി നേടിയ 56186 വോട്ടിന്റെ ഭൂരിഭക്ഷം മറികടക്കാനാകുമെന്ന് സി പി എം ഉറപ്പിച്ചു. സി പി എമ്മിന്റെ തോല്‍വി ഉറപ്പിക്കാന്‍ ആര്‍ എം പിയും കിണഞ്ഞ് പരിശ്രമിച്ചു. ഒടുവില്‍ സി പി എമ്മിന്റെ കണക്ക് കൂട്ടലെല്ലാം തെറ്റിച്ച് അന്തിമ വിജയം യു ഡി എഫ് കരസ്ഥമാക്കുകയായിരുന്നു. യു ഡി എഫിന് അനുകൂലമായി മണ്ഡലത്തില്‍ ന്യൂനപക്ഷ വോട്ടുകളിലുണ്ടായ ഏകീകരണമാണ് മുല്ലപ്പള്ളിക്ക് വിജയം നേടിക്കൊടുത്തത്. ഒപ്പം സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമയെന്ന പേരും തിരഞ്ഞെടുപ്പ് രംഗത്തെ പരിചയ സമ്പത്തും മുല്ലപ്പള്ളിക്ക് തുണയായി.
മണ്ഡലത്തിലെ ഏഴ് അസംബ്ലി മണ്ഡലങ്ങളില്‍ വടകര, നാദാപുരം, കുറ്റിയാടി, കൊയിലാണ്ടി എന്നിവിടങ്ങളില്‍ മുല്ലപ്പള്ളിക്ക് വ്യക്തമയ ലീഡാണ് ലഭിച്ചത്. കൊയിലാണ്ടിയിലും വടകരയിലും യു ഡി എഫ് മികച്ച ലീഡ് കരസ്ഥമാക്കുമെന്ന് നേരത്തെ തന്നെ ഇരു മുന്നണികളും വിലയിരുത്തിയിരുന്നു. ആര്‍ എം പി ശക്തി കേന്ദ്രമായ വടകരയില്‍ 15341 വോട്ടിന്റെ വലിയ ലീഡാണ് യു ഡി എഫിന് ലഭിച്ചത്. ഇതിനൊപ്പം ന്യൂനപക്ഷ കേന്ദ്രങ്ങളായ നാദാപുരത്തും കുറ്റിയാടിയിലും ലഭിച്ച ലീഡുമാണ് മുല്ലപ്പള്ളിക്ക് തുണയായത്. കുറ്റിയാടിയില്‍ 6265 വോട്ടിന്റെയും കൊയിലാണ്ടിയില്‍ 6626 വോട്ടിന്റെയും നാദാപുരത്ത് 1747 വോട്ടിന്റെയും ലീഡ് മുല്ലപ്പള്ളി നേടി. എന്നാല്‍ യു ഡി എഫ് ലീഡ് പ്രതീക്ഷിച്ച കൂത്തുപറമ്പില്‍ അവര്‍ പിന്നോക്കം പോയി. മന്ത്രി കെ പി മോഹനന്റെ മണ്ഡലമായ കൂത്തുപറമ്പില്‍ 4725 വോട്ടിന് ലീഡ് നേടിയ എ എന്‍ ഷംസീര്‍ സ്വന്തം തട്ടകമായ തലശ്ശേരിയില്‍ 23039 വോട്ടിന്റെ കൂറ്റന്‍ ലീഡാണ് കരസ്ഥമാക്കിയത്.
ആര്‍ എം പി കേഡര്‍ വോട്ടുകളില്‍ 5000ത്തോളം വോട്ടുകള്‍ മുല്ലപ്പള്ളിക്ക് മറിഞ്ഞതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ തവണ ടി പി ചന്ദ്രശേഖരന്‍ 21753 വോട്ടുകള്‍ പിടിച്ചപ്പോള്‍ ഇത്തവണ അഡ്വ. കുമാരന്‍കുട്ടിക്ക് 17229 വോട്ടാണ് ലഭിച്ചത്. ടി പി ചന്ദ്രശേഖരന്‍ വധത്തിന് ശേഷമുള്ള വൈകാരിക അവസ്ഥ നിലനില്‍ക്കുന്നുണ്ടെന്നും ഇത് വോട്ടായി മാറി ആര്‍ എം പിയുടെ ഭൂരിഭക്ഷം വര്‍ധിക്കുമെന്നും പൊതുവെ അഭിപ്രായമുയര്‍ന്നിരുന്നു. എന്നാല്‍ ആര്‍ എം പി വോട്ട് കുറഞ്ഞത് വോട്ട് യു ഡി എഫിന് മറിഞ്ഞെന്നതാണ് കാണിക്കുന്നത്. മുല്ലപ്പള്ളി നേടിയ ലീഡ് വോട്ടിനേക്കാള്‍ ഷംസീറിന്റെ അപരനായ എ പി ഷംസീര്‍ നേടിയ (3485) വോട്ടുകളും എല്‍ ഡി എഫിന് തിരിച്ചടിയായി. മുല്ലപ്പള്ളിയുടെ ഭൂരിപക്ഷത്തെ കടത്തിവെട്ടി നോട്ട 6107 വോട്ടുകളും വടകര മണ്ഡലത്തിലുണ്ടായി.
മോഡി തരംഗത്തില്‍ ബി ജെ പി വോട്ടുകളില്‍ വലിയ വര്‍ധനവാണ് ഇത്തവണ വടകരയില്‍ ഉണ്ടായത്. കഴിഞ്ഞ തവണ വടകരയില്‍ ബി ജെ പിക്ക് 42,000ത്തോളം വോട്ടാണ് ലഭിച്ചതെങ്കില്‍ ഇത്തവണ അത് 76313 വോട്ടായി ഉയര്‍ന്നു. ആദ്യമായി തരിഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങിയ എസ് ഡി പി ഐക്ക് 15058 വോട്ടാണ് ലഭിച്ചത്.

Latest