Connect with us

National

നേട്ടമുണ്ടാക്കാന്‍ ബി ജെ പിയെ സഹായിച്ചത് വ്യത്യസ്ത ഘടകങ്ങള്‍

Published

|

Last Updated

ന്യുഡല്‍ഹി: കോണ്‍ഗ്രസിനോടും അതിന്റെ നയങ്ങളോടുമുള്ള ജനരോഷത്തെ ബി ജെ പി മികച്ചനിലയില്‍ പ്രയോജനപ്പെടുത്തിയതും, ഒരു കോണ്‍ഗ്രസ് ഇതര ബി ജെ പി ഇതര ബദലിന്റെ അസാന്നിധ്യവുമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ ബി ജെ പിയെ സഹായിച്ചതെന്ന് ഇടത് പാര്‍ട്ടികള്‍ അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസിനോടുള്ള ജനരോഷവും, വിലക്കയറ്റം തൊഴിലില്ലായ്മ തുടങ്ങിയവക്ക് കാരണമായ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന ക്ഷമമല്ലാത്ത നയങ്ങളോടുള്ള എതിര്‍പ്പും മുതലാക്കാന്‍ ബി ജെ പിക്ക് കഴിഞ്ഞതാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അവരുടെ വിജയത്തിന് വഴിവെച്ചതെന്ന് സി പി ഐ ദേശീയ സെക്രട്ടറി ഡി രാജ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിതര- ബി ജെ പി ഇതര ബദലിനെ കുറിച്ച് ഇവിടെ ചര്‍ച്ചകള്‍ നടന്നെങ്കിലും അത് രൂപപ്പെട്ടില്ല. ഈ അവസ്ഥ ബി ജെ പിക്ക് ഗുണകരമാകുകയായിരുന്നുവെന്നും രാജ പറഞ്ഞു.
ജനങ്ങളിലുള്ള കോണ്‍ഗ്രസ് വിരുദ്ധ മനോഭാവം ബി ജെ പി മുതലെടുത്തതാണ് അവരുടെ വിജയത്തിന് അടിസ്ഥാനമെന്ന് സി പി എം നേതാവ് നീലോത്പല്‍ ബസു അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നരേന്ദ്രമോദിയെ ഉയര്‍ത്തിക്കാട്ടിയതും അവര്‍ക്ക് ആവേശം പകര്‍ന്നുവെന്ന് അദ്ദേഹം വിലയിരുത്തി.
ഇടതുപക്ഷത്തിന് ബംഗാളിലേറ്റ തിരിച്ചടിയെ പരാമര്‍ശിച്ച്, ഏതാനും സീറ്റുകളെ ഇടതുപക്ഷത്തിന് ലഭിച്ചുള്ളുവെങ്കിലും പോള്‍ ചെയ്ത വോട്ടിന്റെ 30 ശതമാനം ഇടതുപക്ഷം നേടിയിട്ടുണ്ടെന്ന് ഡി രാജ ചൂണ്ടിക്കാട്ടി. എന്നാല്‍ പത്ത് ശതമാനം മാത്രം വോട്ട് നേടിയ കോണ്‍ഗ്രസിന് നാലും, ബി ജെ പിക്ക് രണ്ടും സീറ്റുകള്‍ ലഭിച്ചു. ഇതാണ് നമ്മുടെ തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ ദൗര്‍ബല്യം. അതുകൊണ്ട് തന്നെയാണ് ദീര്‍ഘകാലമായി തിരഞ്ഞെടുപ്പ് പരിഷ്‌കരണം നടപ്പാക്കണമെന്ന് ഇടതുപക്ഷം ആവശ്യപ്പെട്ടുവരുന്നത്.
വന്‍ തോതില്‍ കൃത്രിമങ്ങളും ബൂത്ത് പിടിക്കലും വ്യാപകമായി അക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്തിട്ടും പശ്ചിമ ബംഗാളില്‍ ഇടതുപക്ഷം 30 ശതമാനം വോട്ട്‌നേടിയത് ചെറിയ കാര്യമല്ലെന്ന് രാജ പറഞ്ഞു.
കേരളത്തില്‍ പാര്‍ട്ടി നിലമെച്ചപ്പെടുത്തിയതായി ബസു പറഞ്ഞു. ത്രിപുരയിലും മികച്ച വിജയം നേടി. തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് ഇടതുപക്ഷം ആത്മപരിശോധന നടത്തും. പാര്‍ലിമെന്റിനകത്തും പുറത്തും ഒത്തൊരുമിച്ച ്പ്രവര്‍ത്തിക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുമെന്നും സി പി എം നേതാവ് പറഞ്ഞു.

Latest