Connect with us

Ongoing News

ചാക്കോയെ മലര്‍ത്തിയടിച്ച് ഇന്നസെന്റ്‌

Published

|

Last Updated

കൊച്ചി/ഇരിങ്ങാലക്കുട: തൃശൂരില്‍ തോല്‍വി ഉറപ്പായപ്പോള്‍ ഹൈക്കമാന്‍ഡിനെ സ്വാധീനിച്ച് സുരക്ഷിതമായ ചാലക്കുടി പിടിച്ചുവാങ്ങി വിജയിക്കാമെന്ന പി സി ചാക്കോയുടെ തന്ത്രത്തിന് ഇന്നസെന്റിന്റെ മറുപടി. സിനിമാക്കാര്‍ക്ക് രാഷ്ട്രീയത്തില്‍ എന്താണ് കാര്യമെന്ന ചോദ്യത്തിന് ഇന്നസെന്റ് ചാലക്കുടിയില്‍ നല്‍കിയ മറുപടി കേരള രാഷ്ട്രീയത്തില്‍ വഴിത്തിരിവാണ്. ദേശീയ രാഷ്ട്രീയത്തിലെ തന്നെ കോണ്‍ഗ്രസിലെ കരുത്തനായ പി സി ചാക്കോയെ രാഷ്ട്രീയത്തില്‍ ഒന്നുമല്ലാത്ത ഇന്നസെന്റ് അക്ഷരാര്‍ഥത്തില്‍ മലര്‍ത്തിയടിക്കുകയായിരുന്നു. കേരളത്തില്‍ പാര്‍ലിമെന്റിലേക്ക് സിനിമാനടന്‍മാര്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കില്ലെന്ന മുന്‍വിധിയാണ് ഇന്നസെന്റ്, ഇന്നസെന്റായി തിരുത്തിയത്. നിയമസഭയിലേക്ക് രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്ന് പാര്‍ട്ടിയുടെ തട്ടകത്തില്‍ മത്സരിച്ചു വിജയിച്ച ഗണേഷുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതികൂല സാഹചര്യങ്ങളോട് പൊരുതി നേടിയ ഇന്നസെന്റിന്റെ വിജയത്തിന് താരതമ്യമില്ല.

യു ഡി എഫിന് പരമ്പരാഗതമായി മേല്‍ക്കൈയുള്ള ചാലക്കുടിയില്‍ ഇന്നസെന്റിന്റെ താരത്തിളക്കം തന്നെയായിരുന്നു ഇടതിന്റെ തുറുപ്പു ചീട്ട്്. കേരളത്തില്‍ ഏറ്റവും അധികം വോട്ടര്‍മാരെ ആകര്‍ഷിച്ച സ്ഥാനാര്‍ഥി ഇന്നസെന്റായിരുന്നു. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ്് പ്രചാരണ യോഗങ്ങളില്‍ തടിച്ചു കൂടിയ വന്‍ജനാവലി ഇന്നസെന്റിന്റെ സ്വീകാര്യതക്കുള്ള തെളിവായി. എന്നാലിത് വോട്ടായി മാറില്ലെന്നായിരുന്നു യു ഡി എഫിന്റെ ഉറച്ച വിശ്വാസം. ഇന്നസെന്റിന്റെ ജനപ്രീതിയും ഇടതു മുന്നണി മുന്നോട്ടുവെച്ച രാഷ്ട്രീയ വിഷയങ്ങളും പി സി ചാക്കോയുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രശ്‌നങ്ങളും സാമുദായിക സമവാക്യങ്ങളും ചേരുംപടി ചേര്‍ന്നപ്പോള്‍ ചാലക്കുടിയിലെ വോട്ടര്‍മാര്‍ യു ഡി എഫിന്റെ കണക്കുകൂട്ടല്‍ തെറ്റിക്കുകയായിരുന്നു.
വോട്ടെണ്ണല്‍ തുടങ്ങിയത് മുതല്‍ ഫലപ്രഖ്യാപനം വരെ ഭാവമാറ്റങ്ങളുടെ കുടമാറ്റമായിരുന്നു ഇന്നസെന്റിന്റെ വസതിയില്‍. വോട്ടെണ്ണല്‍ തുടങ്ങിയ സമയം മുതല്‍ ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥി ഇന്നസെന്റിന്റെ വീട്ടില്‍ കുടുംബാംഗങ്ങളും പാര്‍ട്ടിപ്രവര്‍ത്തകരും അടുത്ത സുഹൃത്തുക്കളും വലിയ ആഹ്ലാദത്തിലായിരുന്നു. ലീഡ് കുറഞ്ഞും കൂടിയും നിന്നപ്പോള്‍ ഇന്നസെന്റിന്റെ സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞു, ്യൂ”നീ മറ്റേ ചാനല്‍ വച്ചേ, ഈ ചാനലുകാര്‍ പറയുന്നതെല്ലാം ശരിയാണെന്ന് തോന്നുന്നില്ല”. 61 ശതമാനം വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ ഇന്നസെന്റിന്റെ മുഖത്ത് അല്‍പ്പം ആശ്വാസം.
വിജയം ഉറപ്പായപ്പോള്‍ പ്രാര്‍ഥനാ മുറിയിലേക്ക് കയറി. രാവിലെ മുതല്‍ തന്റെ വീട്ടിലെത്തുന്നവരെ പായസം നല്‍കിയാണ് സ്വീകരിച്ചത്. എന്നാല്‍ വിജയാഹ്ലാദം അപ്പോഴും ഇന്നസെന്റിന്റെ മുഖത്തു മിന്നി മറഞ്ഞില്ല. തിരുവനന്തപുരത്ത് ലീഡ് ചെയ്തിരുന്ന ഒ രാജഗോപാല്‍ ഓരോ നിമിഷവും താഴോട്ടു പോകുമ്പോള്‍ ഇന്നച്ചന്റെ മുഖഭാവത്തിലും വ്യത്യാസം വന്നു തുടങ്ങിയിരുന്നു. താഴോട്ടു പോകുമോയെന്ന് ചെറിയൊരു ഭയം. പെട്ടെന്ന് വീടിന് മുന്നില്‍ പടക്കം പൊട്ടിയപ്പോള്‍ ഇന്നസെന്റ് പുറത്തേക്ക് ഇറങ്ങി വന്നു. “ചതിക്കല്ലേ, സമയമായിട്ടില്ല, പൊട്ടിക്കലെല്ലാം നിര്‍ത്ത്” വിജയത്തെ കുറിച്ചുള്ള എല്ലാ ആകാംക്ഷയും ഇന്നസെന്റിന്റെ ശബ്ദത്തിലുണ്ടായിരുന്നു. വിജയിച്ചതറിഞ്ഞ് പ്രാര്‍ഥനാ മുറിയില്‍ നിന്നും പുറത്തു വന്ന ഇന്നസെന്റിനെ പ്രവര്‍ത്തകര്‍ ചുവന്ന മാലയും പച്ചക്കളര്‍ കുടവും നല്‍കിയാണ് ആനയിച്ചത്. താന്‍ പാര്‍ലിമെന്റില്‍ പോയാലും സിനിമാ അഭിനയം നിര്‍ത്തുകയില്ലെന്നും അത് തന്റെ ഉപജീവന മാര്‍ഗമാണെന്നും ഇന്നസെന്റ്.