Connect with us

Kannur

കണ്ണൂരില്‍ വിജയശ്രീയായി ശ്രീമതി ടീച്ചര്‍

Published

|

Last Updated

കണ്ണൂര്‍: തിരഞ്ഞെടുപ്പ് ഗോദയില്‍ തോല്‍വിയറിയാത്ത പടയോട്ടം നയിച്ച പി കെ ശ്രീമതി ടീച്ചറിലൂടെ, കൈവിട്ട കണ്ണൂര്‍ മണ്ഡലം ഇടതുമുന്നണി തിരിച്ചെടുത്തു. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കരുത്തനായ കെ സുധാകരന്റെ വിജയചരിതം തിരുത്തിയെഴുതിയാണ് കണ്ണൂരിന്റെ “വിജയശ്രീയായി ശ്രീമതി മാറിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരിലെ പാര്‍ട്ടിക്കൂറുള്ള വോട്ടര്‍മാരുടെ കാഴ്ചപ്പാട് പോലും മാറിയിട്ടുണ്ടെന്ന പഴയ ചരിത്രം മായ്‌ച്ചെഴുതി 2009ല്‍ കൈവിട്ട കണ്ണൂര്‍ ശ്രീമതി ടീച്ചറിലൂടെ വീണ്ടെടുക്കുമ്പോള്‍ പാര്‍ട്ടി പിറന്ന മണ്ണില്‍ വേരുറപ്പിക്കാനായതിന്റെ പേരില്‍ സി പി എമ്മിനും ആശ്വസിക്കാനാകും.
2009ലെ മത്സരത്തില്‍ എസ് എഫ് ഐ അഖിലേന്ത്യാ നേതാവ് കെ കെ രാഗേഷിനെ 43,151 വോട്ടിനാണ് സുധാകരന്‍ തോല്‍പ്പിച്ചത്. 2004ല്‍ സി പി എമ്മിലെ എ പി അബ്ദുല്ലക്കുട്ടി 83,849 വോട്ടിന് വിജയിച്ച കണ്ണൂര്‍ മണ്ഡലം സുധാകരന്‍ അട്ടിമറി വിജയത്തിലൂടെ സ്വന്തമാക്കുകയായിരുന്നു. 1984 മുതല്‍ 1998 വരെയുള്ള കാലയളവില്‍ നടന്ന അഞ്ച് തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു കണ്ണൂരിലെ വിജയി. 1999ല്‍ അബ്ദുല്ലക്കുട്ടി എല്‍ ഡി എഫിനായി മണ്ഡലം പിടിച്ചെടുത്തു. 2004ല്‍ വിജയമാവര്‍ത്തിച്ച അബ്ദുല്ലക്കുട്ടി 2009 ആയപ്പോഴേക്കും സി പി എം വിട്ടു കോണ്‍ഗ്രസിലെത്തി. സുധാകരന്‍ തിരിച്ചുപിടിച്ച മണ്ഡലം വീണ്ടും ഇടതുപാളയത്തിലെത്തിക്കുകയെന്ന ശ്രമകരമായ ദൗത്യമായിരുന്നു ഇത്തവണ ശ്രീമതി ടീച്ചറെ ഇടതുമുന്നണി ഏല്‍പ്പിച്ചിരുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പയ്യന്നൂരില്‍ നിന്ന് രണ്ട് തവണ എം എല്‍ എ, ആരോഗ്യമന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ശ്രീമതി മണ്ഡലത്തിന് സുപരിചിതയായിരുന്നു. പാര്‍ട്ടിയുടെ താഴെതട്ടു മുതല്‍ പ്രവര്‍ത്തിച്ചു കേന്ദ്രകമ്മിറ്റി അംഗം വരെയെത്തി നില്‍ക്കുന്ന ശ്രീമതി പാര്‍ട്ടി അംഗങ്ങള്‍ക്കും അനുഭാവികള്‍ക്കും പ്രിയ നേതാവാണ്.
എന്നാല്‍ കെ സുധാകരന്റെ തുടക്കം തന്നെ കല്ലുകടിയോടെയായിരുന്നു. രണ്ടാമൂഴത്തില്‍ മത്സരിക്കാനില്ലെന്ന് പലതവണ ആവര്‍ത്തിച്ച ശേഷമാണ് സുധാകരന്‍ മത്സരത്തിലിറങ്ങിയത്. അതിനിടെ കാസര്‍കോട് മത്സരിക്കുമെന്ന പ്രചാരണവുമുണ്ടായി. ഇത് ആയുധമാക്കിയ എതിര്‍പക്ഷം കണ്ണൂരില്‍ പരാജയ ഭീതിയിലാണു സുധാകരനും യു ഡി എഫുമെന്ന് പ്രചരിപ്പിച്ചു. അത് ഏശുകയും ചെയ്തു. മുസ്‌ലിം, ക്രിസ്ത്യന്‍ വോട്ടുകളുടെ ഏകീകരണം സുധാകരന് അനുകൂലമായി കഴിഞ്ഞ തിരഞ്ഞെടുപ്പിലുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ അതുമുണ്ടായില്ല. 19,000 ത്തിലേറെ വോട്ടുകള്‍ എസ് ഡി പി ഐ നേടിയപ്പോള്‍ ബി ജെ പിയിലെ പി സി മോഹനന്‍ 51, 639 വോട്ടും നേടിയെടുത്ത് കരുത്തറിയിച്ചു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ മലയോര കുടിയേറ്റ ക്രിസ്ത്യന്‍ വോട്ടുകളിലും വിള്ളലുണ്ടായി.
തിരഞ്ഞെടുപ്പിനു മുമ്പുള്ള വി എസിന്റെ നിലപാട് മാറ്റവും പിണറായി പക്ഷത്തിന്റെ വിട്ടുവീഴ്ചാ മനോഭാവവും പാര്‍ട്ടിക്കുള്ളില്‍ ശാന്തമായ അന്തരീക്ഷമുണ്ടാക്കി. ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ പോലെ പാര്‍ട്ടിക്കു പുറത്തു പോയവരുടെ പോലും പിന്തുണയും ഇക്കുറി ലഭിച്ചു. വനിതാ നേതാവായ ശ്രീമതിയുടെ സൗഹൃദപരമായ പെരുമാറ്റം സി പി എമ്മിലെയും എല്‍ ഡി എഫിലെയും ചെറിയ അസ്വാരസ്യങ്ങള്‍ പോലും ഇല്ലാതാക്കി.
അതിനിടെ പാര്‍ട്ടിക്കുള്ളില്‍നിന്നുതന്നെ ശക്തമായ വിമര്‍ശങ്ങളും സുധാകരനെതിരെ ഉയര്‍ന്നു. കെ പി സി സി സെക്രട്ടറി പി രാമകൃഷ്ണന്‍ ആയിരുന്നു വിമര്‍ശകരില്‍ പ്രധാനി. ബ്ലേഡ് ഇടപാടുകാരും മണല്‍ മാഫിയയുമടക്കം തീവ്രവാദ സംഘടനകളുമായുള്ള ബന്ധം വരെ ആരോപിക്കപ്പെട്ടു. തിരഞ്ഞെടുപ്പിനു മുമ്പായിരുന്നു ആരോപണങ്ങളെങ്കിലും പ്രചാരണ ഘട്ടത്തില്‍ അവയൊക്കെ എതിര്‍പക്ഷം സമര്‍ഥമായി ഉപയോഗിച്ചു. നിലനിര്‍ത്താവുന്ന മണ്ഡലം കൈവിട്ടുപോയതിനു സുധാകരനും യു ഡി എഫിനും സ്വയം പഴിക്കാനേ കഴിയൂ.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest