Connect with us

Ongoing News

ചാര്‍ജ് വര്‍ധന കെ എസ് ആര്‍ ടി സി ബസുകളില്‍ നടപ്പായില്ല

Published

|

Last Updated

തിരുവനന്തപുരം : പുതുക്കിയ ബസ് ചാര്‍ജ് വര്‍ധന കെ എസ് ആര്‍ ടി സി ബസുകളില്‍ പൂര്‍ണമായും നടപ്പായില്ല. നിരക്ക് നിര്‍ണയത്തിലുണ്ടായ വീഴ്ചയും ഫെയര്‍ സ്റ്റേജ് സംബന്ധിച്ച അന്തിമ പട്ടിക ഡിപ്പോകളിലെത്താത്തതുമാണ് പ്രശ്‌നം. ഇതോടെ ഫാസ്റ്റ് പാസഞ്ചര്‍ മുതലുള്ള ബസുകളില്‍ പഴയ നിരക്കില്‍ സര്‍വീസ് നടത്താന്‍ കെ എസ് ആര്‍ ടി സി നിര്‍ദേശം നല്‍കി.
ബസ് നിരക്ക് വര്‍ധന സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിറങ്ങുന്നതില്‍ കാലതാമസമുണ്ടായതിനെ തുടര്‍ന്നാണ് ഫെയര്‍ സ്റ്റേജ് സംബന്ധിച്ച് പുതിയ നിരക്കിലുള്ള ടേബിള്‍ തയാറാക്കുന്നത് വൈകിയത്, ഓര്‍ഡിനറി, സിറ്റി ഫാസ്റ്റ് ബസുകളുടെ പട്ടിക തയാറാക്കിയെങ്കിലും അപാകതകള്‍ ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് വീണ്ടും തയാറാക്കേണ്ടി വന്നു. ഈ ബസുകളുടെ പുതുക്കിയ നിരക്ക് സംബന്ധിച്ച് അന്തിമ പട്ടിക ഡിപ്പോകളിലെത്തിക്കാനായെങ്കിലും ഫാസ്റ്റ് പാസഞ്ചര്‍ മുതലുള്ള ബസുകളുടെ പുതുക്കിയ നിരക്ക് നിശ്ചയിച്ചുള്ള പട്ടിക തയാറാക്കിയിട്ടില്ല. ഈ പട്ടിക അനുസരിച്ചുവേണം പുതിയ ചാര്‍ജ് ഈടാക്കാനെന്നതിനാല്‍ ഡിപ്പോകള്‍ പ്രതിസന്ധിയിലായി. ഇതേത്തുടര്‍ന്ന് പഴയ നിരക്കില്‍ ടിക്കറ്റ് നല്‍കി സര്‍വീസ് നടത്താന്‍ കോര്‍പറേഷന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ എക്‌സ്പ്രസ് സര്‍വീസുകള്‍ പഴയ നിരക്കില്‍തന്നെ സര്‍വീസ് നടത്തി. അന്തര്‍ സംസ്ഥാന സര്‍വീസുകളെയും ഇത് കാര്യമായി ബാധിച്ചു. കെ എസ് ആര്‍ടി സിക്ക് ഇതുമൂലം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. നിരക്ക് വര്‍ധന പ്രഖ്യാപിച്ച് ഒരാഴ്ചയായിട്ടും ഇതുസംബന്ധിച്ച പട്ടിക നല്‍കാത്ത അധികൃതര്‍ ഇതോടെ പ്രതികൂട്ടിലായിരിക്കുകയാണ്.
സാധാരണനിലയില്‍ നിരക്ക് വര്‍ധനയുണ്ടായാല്‍ ഫെയര്‍ടേബിള്‍ ഓണ്‍ലൈന്‍ വഴി ഓരോ ഡിപ്പോകളിലേക്കും നല്‍കുകയാണ് പതിവ്. ഇതിലാണിപ്പോള്‍ കെ എസ് ആര്‍ ടി സി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച വന്നിരിക്കുന്നത്. ഫെയര്‍ ടേബിള്‍ സെല്ലിലെ മേധാവിയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയായാണിത് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതേസമയം സ്വകാര്യ ബസുകാരെ സഹായിക്കാനാണ് ഫെയര്‍ ടേബിള്‍ വൈകിച്ചതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പുതിയ നിരക്ക് സംബന്ധിച്ച അന്തിമ പട്ടിക ഇന്ന് തയാറാക്കാനാകുമെന്നാണ് പ്രതീക്ഷ. ഇന്നലെ മുതല്‍ ഓര്‍ഡിനറി ബസുകളുടെ മിനിമം ചാര്‍ജും സിറ്റി ഫാസ്റ്റ് സര്‍വീസ് ചാര്‍ജും ഏഴ് രൂപയായി. ഫാസ്റ്റ് പാസഞ്ചര്‍ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് പത്തായി. സൂപ്പര്‍ ഫാസ്റ്റിന്റേത് 12ല്‍ നിന്ന് 13 രൂപയായപ്പോള്‍ സൂപ്പര്‍ എകസ്പ്രസിന്റേത് 17ല്‍ നിന്ന് 20 രൂപയായി. സൂപ്പര്‍ ഡീലക്‌സ്, സെമി സ്ലീപ്പര്‍ ബസുകളുടെ മിനിമം ചാര്‍ജ് 28 രൂപയായി.
ലക്ഷ്വറി ഹൈ ടെക്, വോള്‍വോ ബസുകളുടേയത് 35ല്‍ നിന്നും 40ഉം മള്‍ട്ടി ആക്‌സില്‍ ബസുകളുടെ ചാര്‍ജ് 70 രൂപയുമായി. നിരക്ക് വര്‍ധനയിലൂടെ കെ എസ് ആര്‍ ടി സിക്ക് ഒരു മാസം 15 കോടി രൂപയാണ് അധികമായി ലഭിക്കുക.

---- facebook comment plugin here -----

Latest