Connect with us

National

ലോക്‌സഭയില്‍ പ്രതിപക്ഷനേതാവുണ്ടാകില്ല

Published

|

Last Updated

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവില്ലാതിരിക്കുകയെന്ന അത്യപൂര്‍വമായ അവസ്ഥക്കാണ് ഇത്തവണ ലോക്‌സഭ സാക്ഷ്യം വഹിക്കുകയെന്ന് മുന്‍ ലോക്‌സഭാ സെക്രട്ടറി ജനറല്‍ സുഭാഷ് സി കശ്യപ്. മതിയായ അംഗ സംഖ്യയുള്ള പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവിനാണ് പ്രതിപക്ഷ നേതാവാകാന്‍ സാധിക്കുക. അതുപ്രകാരം ആകെ അംഗ സംഖ്യയുടെ പത്ത് ശതമാനം അംഗബലം പാര്‍ട്ടിക്ക് വേണം. ലോക്‌സഭയില്‍ ഇത് 55 ആണ്. ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ കോണ്‍ഗ്രസിന് 44 അംഗങ്ങള്‍ മാത്രമാണ് ഉള്ളത്. യു പി എക്ക് 60 സീറ്റുകള്‍ ഉണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പിന് മുമ്പ് രൂപവത്കരിച്ച സഖ്യത്തിനോ ശേഷം രൂപവത്കരിക്കുന്ന ബ്ലോക്കുകള്‍ക്കോ പ്രതിപക്ഷ നേതൃസ്ഥാനം നല്‍കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കാബിനറ്റ് റാങ്കുള്ള പദവിയാണ് പ്രതിപക്ഷ നേതാവിന്റെത്. അത് ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ നല്‍കാനാകൂ. എ ഐ എ ഡി എം കെയും തൃണമൂല്‍ കോണ്‍ഗ്രസും ബിജു ജനതാദളും ഒറ്റബ്ലോക്കായി നിലകൊള്ളുന്നുവെന്ന വാര്‍ത്തകളുണ്ട്. അവര്‍ക്കും പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കില്ല. അവര്‍ക്ക് പ്രതിപക്ഷ നിരയിലെ നേതാക്കളാകാം. പ്രതിപക്ഷ നേതാവാകാന്‍ സാധിക്കില്ല- കശ്യപ് പറഞ്ഞു. ഇതാദ്യമായല്ല ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവില്ലാതിരിക്കുന്നത്. 1969വരെ ഒരു പാര്‍ട്ടിയും നിയമപരമായി ഈ പദവി അലങ്കരിച്ചിരുന്നില്ല. 1980നും 1989നും ഇടക്കും ഒരു പാര്‍ട്ടിക്കും ആവശ്യമായ അംഗസംഖ്യ ഇല്ലാതെ വന്നുവെന്ന് കശ്യപ് വ്യക്തമാക്കി. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തെ പ്രധാന പാര്‍ട്ടിക്ക് നല്‍കുകയെന്നതാണ് കീഴ്‌വഴക്കം.

Latest