Connect with us

National

വര്‍ണക്കാഴ്ചയൊരുക്കി ഊട്ടി പുഷ്‌പോത്സവം

Published

|

Last Updated

ഊട്ടി: 118 ാമത് പുഷ്പ മഹോത്സവത്തിന് ഊട്ടി സസ്യോദ്യാനത്തില്‍ ഉജ്ജ്വല തുടക്കം. തമിഴ്‌നാട് കൃഷി വകുപ്പ്, ടൂറിസം വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ലോകപ്രസിദ്ധമായ പുഷ്പമേള നടക്കുന്നത്. രാവിലെ പത്തിന് തമിഴ്‌നാട് കൃഷി വകുപ്പ് മന്ത്രി എസ് എസ് കൃഷ്ണമൂര്‍ത്തി പുഷ്‌പോത്സവം ഉദ്ഘാടനം ചെയ്തു. പതിനായിരക്കണക്കിന് സഞ്ചാരികളാണ് ഇന്നലെ ഊട്ടിയിലെത്തിയത്. ടിക്കറ്റ് കൗണ്ടറുകളില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ വര്‍ഷത്തേക്കാളേറെ സഞ്ചാരികളാണ് ഇത്തവണ ഊട്ടിയിലെത്തിയതെന്നാണ് ടൂറിസം വകുപ്പ് പറയുന്നത്. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പുഷ്‌പോത്സവം നാളെ സമാപിക്കും. മലകളുടെ റാണിയായ നീലഗിരിയില്‍ ഇപ്പോള്‍ വസന്തകാലമാണ്. 1847 ല്‍ ബ്രിട്ടീഷുകാരാണ് സസ്യോദ്യാനം നിര്‍മിച്ചത്. 1980 മുതലാണ് സര്‍ക്കാര്‍ ഊട്ടിയില്‍ പുഷ്പമേള നടത്താന്‍ തുടങ്ങിയത്. ബോട്ടാണിക്കല്‍ ഗാര്‍ഡനിലെ 60 ഏക്കര്‍ സ്ഥലത്ത് പരന്നു കിടക്കുന്ന സ്ഥലത്തില്‍ പകുതിയോളം സ്ഥലത്ത് പുഷ്പങ്ങളുടെ വന്‍ശേഖരമാണുള്ളത്. മൂന്ന് ലക്ഷം പൂക്കളാണ് ഇവിടെ വിവിധ വര്‍ണങ്ങളില്‍ വിസ്മയങ്ങള്‍ തീര്‍ത്തിരിക്കുന്നത്.
വിദേശികളടക്കമുള്ള ലക്ഷക്കണക്കിന് സഞ്ചാരികളാണ് പുഷ്പമേളയിലെ പതിവ് വിരുന്നുകാര്‍. തമിഴ്‌നാട് ഗവര്‍ണറുടെ വേനല്‍ക്കാല വസതിയോട് ചേര്‍ന്നുള്ള സസ്യോദ്യാനത്തില്‍ പത്ത് ഏക്കര്‍ പുല്‍മൈതാനമാണ്. 50,000 പൂക്കള്‍ കൊണ്ട് 60 അടി നീളത്തിലും എട്ട് അടി വീതിയിലും നിര്‍മിച്ച നീലഗിരി പര്‍വത തീവണ്ടിയുടെ മാതൃകയാണ് ഇത്തവണ സഞ്ചാരികളുടെ മനംകവരുന്നത്. പൂക്കളാല്‍ തീര്‍ത്ത പത്ത് കമാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ആറായിരം പൂക്കള്‍ കൊണ്ട് തോഡരുടെ ഭവന മാതൃകയും തീര്‍ത്തിട്ടുണ്ട്.
ജറപറ, ലില്ലിയം, ഡാലിയ, മേരിഗോള്‍ഡ്, ഫ്രഞ്ച് മേരിഗോള്‍ഡ്, കാര്‍ണീഷ്യം, ബഡ്‌നോലിയ തുടങ്ങിയ ഇനങ്ങളിലുള്ള പൂക്കളാണ് സസ്യോദ്യാനത്തിലെ പ്രധാന ആകര്‍ഷണം. അഞ്ച് വര്‍ണത്തിലുള്ള അപൂര്‍വ്വയിനം പൂക്കളും ഇവിടെയുണ്ട്. ഉദ്യാനത്തിലെ അവിസ്മരണീയ കാഴ്ച സഞ്ചാരികളെ ഹരകൊള്ളിക്കുന്നതാണ്. പതിനായിരങ്ങളാണ് ദിനംപ്രതി സൗന്ദര്യവും സൗരഭ്യവും തേടി ഊട്ടിയിലെത്തുന്നത്. കോത്തഗിരിയില്‍ നടന്ന പച്ചക്കറിമേളയോടെയാണ് വസന്തോത്സവത്തിന് തുടക്കമായത്. കേരളത്തില്‍ നിന്നുള്ള സഞ്ചാരികളാണ് ഏറ്റവും കൂടുതല്‍ ഊട്ടിയിലെത്തുന്നത്.

 

Latest