Connect with us

Gulf

നരേന്ദ്ര മോദി സര്‍ക്കാര്‍: പ്രതീക്ഷയോടെ പ്രവാസി ലോകം

Published

|

Last Updated

ദുബൈ: നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ നിരവധി സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസിലോകം. യാത്രാ ദുരിതം മുതല്‍ പെന്‍ഷന്‍ പദ്ധതിവരെ മിക്ക പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്ന് മിക്കവരും കരുതുന്നു. എന്നാല്‍, ഇന്നലെ അധികാരമേറ്റ മന്ത്രിസഭയില്‍ പ്രവാസികാര്യത്തിന് മന്ത്രിയില്ലാത്തത് പ്രതീക്ഷകള്‍ക്ക് മങ്ങലാകുമെന്ന് സംശയിക്കുന്നവര്‍ ഏറെയാണ്.

കഴിഞ്ഞ സര്‍ക്കാറുകള്‍ക്ക് മുമ്പില്‍ പരാതികളുടെ പട്ടിക നിരത്തിയെങ്കിലും ഒന്നിന് പോലും അന്തിമമായപരിഹാരം കണ്ടെത്തിയിട്ടില്ല. ദേശീയ സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തല്‍, മുന്നറിയിപ്പില്ലാതെയുള്ള സര്‍വീസ് റദ്ദാക്കല്‍ എന്നിവ ചിലത് മാത്രം. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഗള്‍ഫ് മേഖലകളിലേക്ക് ആറുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള യൂറോപ്യന്‍ രാഷ്ട്രങ്ങളിലേക്കുള്ള നിരക്കിനെക്കാള്‍ കൂടുതലാണ് ഈടാക്കുന്നത്.
യൂറോപ്യന്‍ രാഷ്ട്രങ്ങളിലേക്ക് ചെറിയ ടിക്കറ്റ് നിരക്കില്‍ ആധുനീക രീതിയിലുള്ള വിമാനങ്ങള്‍ സര്‍വീസ് നടത്തുമ്പോള്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലേക്ക് സര്‍വീസ് നടത്തുന്നവയിലധികവും പഴകിയ വിമാനങ്ങളാണ്. ജീവന്‍ പണയം വെച്ചാണ് പലപ്പോഴും എയര്‍ ഇന്ത്യയിലെ യാത്ര. യൂറോപ്യന്‍ രാഷ്ട്രങ്ങളിലേക്ക് സര്‍വീസ് നടത്തുമ്പോഴുണ്ടാകുന്ന നഷ്ടം ഗള്‍ഫ് രാഷ്ട്രങ്ങളിലെ ടിക്കറ്റില്‍ നിന്നു പരിഹരിക്കുകയാണ് എയര്‍ ഇന്ത്യ.
ബജറ്റ് വിമാനമായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആരംഭിക്കുമ്പോള്‍ ഉയര്‍ന്നടിക്കറ്റ് നിരക്ക് എന്ന പരാതി ഇല്ലാതാക്കുവാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും എയര്‍ ഇന്ത്യയേക്കാള്‍ ഉയര്‍ന്ന നിരക്കാണ് ഇപ്പോള്‍ എക്‌സ്പ്രസ് ഈടാക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ സീസണ്‍ കാലത്താണ് വിമാനങ്ങള്‍ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഇടാക്കുന്നതെങ്കിലും ഇപ്പോള്‍ എല്ലാകാലത്തും ഉയര്‍ന്നനിരക്കാണ്. പുതിയ സര്‍ക്കാര്‍ യാത്ര പ്രശ്‌നത്തിന് അടിയന്തിര പരിഹാരമുണ്ടാക്കുമെന്നാണ് ഗള്‍ഫ് പ്രവാസികളുടെ പ്രതീക്ഷ.
ജീവിതത്തിന്റെ നല്ലൊരുഭാഗവും പ്രവാസ ജീവിതം നയിക്കുന്ന ഗള്‍ഫ് പ്രവാസികള്‍ പെന്‍ഷന്‍ കാലം കഴിഞ്ഞ് നാടണയുമ്പോള്‍ ഒന്നും ബാക്കി ഉണ്ടാകാറില്ല. പെന്‍ഷന്‍ പദ്ധതി വ്യാപകമായി നടപ്പിലാക്കുമെന്നാണ് പ്രതീക്ഷ. ഗള്‍ഫ് പ്രവാസികള്‍ അധികവും സാധാരണതൊഴിലാളികളാണ്. പലര്‍ക്കും പത്തായിരം ഇന്ത്യന്‍ രൂപക്ക് താഴെയാണ് ശമ്പളം. എന്നാല്‍ പ്രവാസികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങലില്‍ സീറ്റ് നേടണമെങ്കില്‍ എന്‍ ആര്‍ ഐ ക്വാട്ടയില്‍ ഉയര്‍ന്ന നിരക്ക് നല്‍കണം. പ്രവാസികളെക്കാള്‍ ഉയര്‍ന്ന ശമ്പളം വാങ്ങുന്ന നാട്ടിലുള്ളവരെക്കാള്‍ മൂന്നും നാലും ഇരട്ടി ഫീസാണ് പ്രവാസികളുടെ മക്കളില്‍ നിന്നും ഈടാക്കുന്നത്.
തുടര്‍ വിദ്യാഭ്യാസ മേഖലകളിലാണ് പ്രവാസികളുടെ മക്കള്‍ക്ക് ഏറെ പരാതികളുള്ളത്. എഞ്ചിനീയറിംഗ്, മെഡിക്കല്‍ മേഖലകളിലാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍. കുറഞ്ഞത് അമ്പത് ലക്ഷം മുതല്‍ ഒരു കോടി രൂവവരെയാണ് പ്രവേശന ഫീസ് ഇനത്തില്‍ മാത്രം ഈടാക്കുന്നത്. വിദ്യാഭ്യാസ മേഖല സ്വകാര്യ വത്കരിച്ചതോടെയാണ് കഴുത്തറുക്കുന്ന ഫീസ് ആവശ്യപ്പെടുന്നത്.
വര്‍ഷങ്ങളുടെ പഴക്കമുള്ള ആവശ്യമാണ് പ്രവാസികള്‍ക്ക് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള അവകാശം. മറ്റു രാജ്യങ്ങള്‍ ഈ മേഖലയിലൊക്കെ ഏറെ മുന്നോട്ട് പോയപ്പോള്‍ ഇന്ത്യ ഇതുവരെ മുന്നോട്ട് പോയിട്ടില്ല.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

---- facebook comment plugin here -----

Latest