Connect with us

National

പ്രധാനമന്ത്രിപദത്തിലും നെറ്റില്‍ സജീവമാകാന്‍ മോദി

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയുടെ തിളങ്ങുന്ന ഭാവിക്ക് പിന്തുണ തേടി സോഷ്യല്‍ മീഡിയകള്‍ വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളുമായി ആശയവിനിമയം നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങള്‍ക്ക് വേണ്ടി തന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളുമായി സംവദിക്കാന്‍ സോഷ്യല്‍ മീഡിയകള്‍ക്കും സാങ്കേതിക വിദ്യകള്‍ക്കും നല്ല ശക്തിയുണ്ടെന്ന് താന്‍ വിശ്വസിക്കുന്നു. ~ഒരാളുടെ അഭിപ്രായം കേള്‍ക്കാനും പങ്കുവെക്കാനും ഇവ അവസരങ്ങള്‍ സൃഷ്ടിക്കുന്നു. ഈ വെബ്‌സൈറ്റിലൂടെ തന്റെ പ്രസംഗങ്ങളെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍, വിദേശ സന്ദര്‍ശനങ്ങള്‍ തുടങ്ങിയ എല്ലാ കാര്യങ്ങളും അറിയാന്‍ സാധിക്കും.
അതുപോലെ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പുതിയ പദ്ധതികളെയും ഈ വെബ്‌സൈറ്റ് വഴി ലോകത്തിന് പരിചയപ്പെടുത്തുമെന്നും കത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു.
“ഇന്ത്യയെ വികസനത്തിന്റെ പുതിയ മേഖലകളിലേക്ക് കൊണ്ടുപോകുന്നതിന് നാമെല്ലാവരും സ്വയം സമര്‍പ്പിച്ചതിനാല്‍ നിങ്ങളുടെ പിന്തുണയും അനുഗ്രഹവും സജീവമായ പങ്കാളിത്തവും ആവശ്യപ്പെടുന്നു.
നമുക്കൊരുമിച്ച് ശോഭനമായ ഇന്ത്യയുടെ ഭാവി നിര്‍ണയിക്കാം. ലോകസമാധാനത്തിന് വേണ്ടി ലോകരാഷ്ട്രങ്ങളുമായി കൂടിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ശക്തമായ ഇന്ത്യയെ കുറിച്ച് സ്വപ്‌നം കാണാം”- തുടങ്ങിയ സന്ദേശങ്ങളും വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.
നിയമങ്ങളും പദ്ധതികളും ശീതീകരിച്ച മുറികളില്‍ അല്ല, ജനങ്ങള്‍ക്കിടയിലാണ് നടപ്പിലാക്കേണ്ടത്. സര്‍ക്കാറിന്റെ കരട് പദ്ധതികള്‍ ഓണ്‍ലൈനില്‍ നല്‍കുക വഴി അവരില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കാനാകും. ഗരീബ് കല്യാണ്‍ മേള തുടങ്ങിയ പദ്ധതികള്‍ ചുവപ്പുനാടകളില്ലാതെ നേട്ടങ്ങള്‍ നേരിട്ട് പാവപ്പെട്ടവരിലേക്ക് എത്താന്‍ സഹായിക്കുന്നതാണെന്നും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കത്തില്‍ മോദി അവകാശപ്പെടുന്നു.