Connect with us

Gulf

വില്ലാജിയോ അഗ്‌നി ദുരന്തത്തിന് രണ്ടു വര്ഷം പൂര്‍ത്തിയാകുന്നു

Published

|

Last Updated

ദോഹ: രാജ്യത്തെ നടുക്കിയ ദുരന്തമായ വില്ലാജിയോ മാള്‍ അഗ്‌നിടുരന്തത്തിനു രണ്ടു വയസ്സ്.2012 മെയ് 28 നായിരുന്നു പതിമൂന്ന് കൊച്ചുകുട്ടികളടക്കം പത്തൊമ്പത് പേരുടെ മരണത്തിനിടയാക്കിയ ദുരന്തമുണ്ടായത്. അപകടം കഴിഞ്ഞ് രണ്ടു വര്‍ഷമായെങ്കിലും ഇതുമായിമായി ബന്ധപ്പെട്ട കോടതി നടപടികള്‍ ഇനിയും അവസാനിച്ചിട്ടില്ല. അപകടത്തിന്റെ നടുക്കത്തില്‍നിന്നും അപകടത്തിനിരയായവരുടെ ബന്ധുക്കളും രാജ്യവും ഇനിയും മുക്തമായിട്ടുമില്ല.

മാളിനകത്ത് പ്രവര്‍ത്തിച്ച ജിംപാന്‍സി ഡേ കെയര്‍ സെന്ററിലുണ്ടായിരുന്ന, ന്യൂസിലന്റില്‍ നിന്നുള്ള മൂന്ന് പിഞ്ചുസഹോദരങ്ങളടക്കമുള്ള കുട്ടികളായിരുന്നു മരിച്ചവരില്‍ 13 പേര്‍. കൂടാതെ സെന്ററിലെ നാല് അധ്യാപകരും അഗ്‌നിശമിപ്പിക്കാനെത്തിയ രണ്ട് സിവില്‍ ഡിഫന്‍സ് ജീവനക്കാരും ദുരന്തത്തിനിരയായി. അല്‍വഅബ് സ്ട്രീറ്റില്‍ ഖലീഫ സ്‌റ്റേഡിയമുള്‍പ്പെടുന്ന ആസ്പയര്‍ സോണിന് സമീപമുള്ള മാളിന്റെ ഗേറ്റ് നമ്പര്‍ മൂന്നിലെ ഒരു കേന്ദ്രത്തിലാണ് ദുരന്തം നടന്നത്. 2012 ജൂണിലാണ് കേസുമായി ബന്ധപ്പെട്ട കോടതിനടപടിക്രമങ്ങള്‍ ആരംഭിച്ചത്. ആകെയുള്ള 17 കോടതി സെഷനുകള്‍ 2013 ജൂണില്‍ അവസാനിച്ചു..

നഴ്‌സറിയുടെ ഉടമസ്ഥരും വില്‌ളേജിയോ മാളിന്റെ ചെയര്‍മാനും മാനേജരും ജിംപാന്‍സി നഴ്‌സറിയുടെ കൊമേഴ്‌സ്യല്‍ പെര്‍മിറ്റ് ഒപ്പിട്ട് നല്‍കിയ വ്യവസായ, വാണിജ്യ മന്ത്രാലയത്തിലെ പ്രതിനിധിയെയുയുമുള്‍പ്പെടെയുള്ള അഞ്ചുപേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടത്തെി. ഇവര്‍ക്ക് ഓരോരുത്തര്‍ക്കും അഞ്ചു മുതല്‍ ആറു വര്‍ഷം വരെ തടവും വിധിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഇന്‍ഷ്വറന്‍സ് കമ്പനി മുഖേന രണ്ടു ലക്ഷം ഖത്തര്‍ റിയാല്‍ വീതം ബ്‌ളഡ് മണി നല്‍കാനും കോടതി വിധിച്ചിരുന്നു. എന്നാല്‍, പ്രതികള്‍ അപ്പീല്‍ നല്‍കിയതിനാല്‍ വിധി ഇതുവരെ നടപ്പാക്കാനായിട്ടില്ല. അപ്പീല്‍ നടപടികള്‍ കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ആരംഭിച്ചത്. അപ്പീലില്‍ അടുത്ത വാദം കേള്‍ക്കല്‍ ജൂണ്‍ ഒമ്പതിനാണ് നടക്കാനിരിക്കുന്നത്. അന്ന് കൂടുതല്‍ ദൃക്‌സാക്ഷികളെ ക്രോസ് വിസ്താരത്തിന് വിധേയമാക്കും. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ വിധി ഉടനെയുണ്ടാകുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ട ബന്ധുക്കള്‍ ന്യൂസ് പോര്‍ട്ടലില്‍ പ്രതികരിച്ചു. കോടതി കുറ്റക്കാരെന്ന് വിധിച്ച ആരും ഇതുവരെ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടില്ല. മരിച്ചവരുടെ ബന്ധുക്കളില്‍ വളരെക്കുറച്ചുപേര്‍ക്ക് മാത്രമാണ് നഷ്ടപരിഹാരം ലഭിച്ചത്. അഭിഭാഷകര്‍ക്ക് ഉയര്‍ന്ന പ്രതിഫലം നല്‍കേണ്ടതിനാല്‍ പലരും കേസുമായി മുന്നോട്ടുപോകുന്നതിന് വലിയ താല്‍പര്യം കാണിക്കുന്നില്ലെന്നും മറ്റും ഇവര്‍ പ്രതികരിച്ചു.മുമ്പത്തേതില്‍ നിന്ന് ഭിന്നമായി ഈ സംഭവത്തിന് ശേഷം രാജ്യത്ത് ഫയര്‍ സംബന്ധമായി കൂടുതല്‍ കര്‍ശനമായ സുരക്ഷാനിര്‍ദേശങ്ങളും നിയമങ്ങളും നടപ്പിലാക്കാന്‍ ആരംഭിച്ചിട്ടുണ്ട്.