Connect with us

Articles

തായ്‌ലാന്‍ഡും ഈജിപ്തും തമ്മിലെന്ത്?

Published

|

Last Updated

ജനാധിപത്യ പ്രയോഗത്തിന്റെ ഏറ്റവും ഫലപ്രദമായ രൂപം തിരഞ്ഞെടുപ്പാണെന്ന സിദ്ധാന്തത്തിന് പരുക്കേറ്റ സന്ദര്‍ഭങ്ങള്‍ ചരിത്രത്തിലുടനീളം കാണാം. തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ഒരു സര്‍ക്കാറിനെ പ്രക്ഷോഭത്തിലൂടെയോ സൈനിക ഇടപെടലിലൂടെയോ വൈദേശിക അധിനിവേശത്തിലൂടെയോ അധികാര ഭ്രഷ്ടമാക്കുന്നത് ശരിയാണോ? അങ്ങനെ തൂത്തെറിയല്‍ പ്രക്രിയ തുടര്‍ന്നാല്‍ പിന്നെ ജനാധിപത്യത്തിന് എന്ത് അര്‍ഥമാണുള്ളത്? തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകള്‍ കാലാവധി തികച്ചും ഭരിക്കുകയെന്നത് (അവ എത്ര ജനവിരുദ്ധമായാലും) തന്നെയല്ലേ ജനാധിപത്യപരമായ അനിവാര്യത? എന്നിട്ട് അടുത്ത തിരഞ്ഞെടുപ്പില്‍ ആ ഭരണക്കാരെ പാഠം പഠിപ്പിക്കുകയോ അധികാരത്തുടര്‍ച്ച നല്‍കുകയോ ചെയ്യാവുന്നതല്ലേ? ലോകത്ത് പരീക്ഷിച്ചിട്ടുള്ളവയില്‍ വെച്ച് ഏറ്റവും കുറ്റമറ്റ ഭരണസംവിധാനം ജനാധിപത്യമാണെന്ന നിലപാട് തറയില്‍ നിന്നാണ് ഈ ചോദ്യങ്ങളെല്ലാം ഉയരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പുകള്‍ കണക്കിലെ കളിയാകുകയും യഥാര്‍ഥ ജനഹിതം അത് പ്രതിഫലിപ്പിക്കാതിരിക്കുകയും ചെയ്യുമ്പോഴെല്ലാം പല നിലകളിലുള്ള തിരിച്ചുവിളിക്കലുകള്‍ നടക്കുന്നു. അത്തരം ഇടപെടലുകള്‍ പലതും കേവലാര്‍ഥത്തില്‍ തെറ്റായിരിക്കാം. പക്ഷേ ചില ഭൗതിക സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് അധികാര കേന്ദ്രങ്ങള്‍ തകര്‍ന്നു വീഴുന്നത്. പുതിയത് അവരോധിക്കപ്പെടുന്നത്. ഈ അര്‍ഥത്തില്‍ തായ്‌ലാന്‍ഡില്‍ നടന്ന സൈനിക അട്ടിമറിയും ഈജിപ്തില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലവും വിദൂരമെങ്കിലും പ്രസക്തമായ സമാനത പങ്കുവെക്കുന്നു.

തായ്‌ലാന്‍ഡില്‍ സൈനിക അട്ടിമറി ഒരു പുതിയ കാര്യമല്ല. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകള്‍ വളരെ കുറച്ച് മാത്രമേ അവിടെ കാലാവധി തികച്ചിട്ടുള്ളൂ. അപ്പോഴെല്ലാം സൈന്യം നേരിട്ട് അധികാരം പിടിക്കുകയാണ് ചെയ്തിരുന്നത്. എന്നാല്‍ ഇത്തവണ ജനകീയ പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയായാണ് സൈന്യം അധികാരത്തിലെത്തിയത്. പ്രക്ഷോഭങ്ങളെയാകെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു തായ്‌ലാന്‍ഡ് അനുഭവം. സൈന്യത്തിന് വേണ്ടി സൈന്യത്താല്‍ നടത്തപ്പെട്ട പ്രക്ഷോഭമായിരുന്നോ അവിടെ നടന്നതെന്ന ചോദ്യമുയര്‍ത്താവുന്ന സംഭവപരമ്പരകളാണ് അരങ്ങേറിയത്. 2006ല്‍ സഹോദരന്‍ തക്‌സിന്‍ ഷിനാവത്രക്ക് എന്താണോ സംഭവിച്ചത് അത് തന്നെയാണ് യിംഗ്‌ലക്ക് ഷിനാവത്രക്കും സംഭവിച്ചത്. 2006ല്‍ രക്തരഹിത അധികാരം പിടിക്കലിലൂടെ തക്‌സിനെ താഴെയിറക്കുകയായിരുന്നു സൈന്യം. കടുത്ത അഴിമതിയാരോപണങ്ങളില്‍ ജനപിന്തുണ നഷ്ടപ്പെട്ട തക്‌സിന്‍ ഷിനാവത്രക്ക് പിടിച്ചു നില്‍ക്കാന്‍ സാധിക്കുമായിരുന്നില്ല. പട്ടാള അട്ടിമറിയുടെ പിന്നണിയില്‍ ഭൂമിബോല്‍ രാജാവുമായി അടുപ്പമുള്ളവരും ഉണ്ടായിരുന്നു. നാമമാത്രമായ അധികാരമേ ഉള്ളൂവെങ്കിലും രാജാവ് തായ്‌ലാന്‍ഡില്‍ ഒരു വൈകാരിക സാന്നിധ്യമാണ്. രാജ കുടുംബവും സൈന്യവും ഒന്നിച്ചതോടെ ഷിനാവത്രയുടെ പതനം ഉറപ്പായി. അധികാരം പിടിച്ച സൈന്യം അത് താത്കാലിക സംവിധാനം മാത്രമാണെന്നും ശുദ്ധീകരണമാണ് ലക്ഷ്യമെന്നും പ്രഖ്യാപിച്ചു. അഴിമതിക്കേസില്‍ തക്‌സിനെ അകത്താക്കുകയായിരുന്നു പ്രധാന ശുദ്ധീകരണം. ഇത് മുന്‍കൂട്ടി കണ്ട തക്‌സിന്‍ തന്ത്രപരമായി ദുബൈയിലേക്ക് കടന്നു. അഞ്ച് വര്‍ഷം ഭരിച്ച സൈന്യം ഒടുവില്‍ വാക്കു പാലിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.
പുതിയ കെട്ടിലും മട്ടിലും രംഗത്തു വന്ന തക്‌സിന്റെ പാര്‍ട്ടി തന്നെ വോട്ടെടുപ്പില്‍ ജയിച്ചു. അദ്ദേഹത്തിന്റെ ഇളയ സഹോദരി യിംഗ്‌ലക്ക് ഷിനാവത്ര പ്രധാനമന്ത്രിയായി. അഴിമതിയുടെ പേര് ദോഷം കഴുകിക്കളയാന്‍ യിംഗ്‌ലക്ക് ആവത് യത്‌നിച്ചു. പക്ഷേ ഷിനാവത്ര കുടുംബവും തക്‌സിനും അവരെ നിയന്ത്രിക്കുന്നുണ്ടായിരുന്നു. ഭരണം തുടങ്ങി രണ്ട് വര്‍ഷം പിന്നിട്ടപ്പോള്‍ ചില നിയമപരിഷ്‌കരണങ്ങള്‍ക്ക് യിംഗ്‌ലക്ക് മുതിര്‍ന്നു. അവയിലൊന്ന് നിര്‍ബന്ധിത പ്രവാസത്തിലായ സഹോദരന് തിരിച്ചുവരാനുള്ള വഴിയൊരുക്കുന്നതായിരുന്നു. യിംഗ്‌ലക്ക് ശക്തമായി നിഷേധിച്ചെങ്കിലും നിയമ വിദഗ്ധര്‍ ഈ നിര്‍ദേശത്തെ ഇഴകീറി പരിശോധിച്ചപ്പോള്‍ ഗൂഢ ലക്ഷ്യങ്ങള്‍ തെളിഞ്ഞു വന്നു. 2006ല്‍ തക്‌സിനെതിരെ രംഗത്തു വന്ന ശക്തികളെല്ലാം യിംഗ്‌ലക്കിന്റെ രക്തത്തിനായി മുറവിളി കൂട്ടുന്നതാണ് പിന്നെ കണ്ടത്. ഡിസംബറില്‍ ആരംഭിച്ച പ്രക്ഷോഭത്തില്‍ ബാങ്കോക്ക് പോലുള്ള നഗര പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് പങ്കെടുത്തത്. തക്‌സിന്‍ തുടങ്ങി വെക്കുകയും യിംഗ്‌ലക്ക് തുടരുകയും ചെയ്ത നയം തന്നെയാണ് ഈ “നഗര പ്രതിഷേധ”ത്തിന്റെ അടസ്ഥാന കാരണം. ഗ്രാമ മേഖലയുടെ വികസനത്തിന് ഊന്നല്‍ നല്‍കിയിരുന്നു തക്‌സിന്‍. ഷിനാവത്രയും ഈ നയം തുടര്‍ന്നു. ഇതില്‍ നഗരവാസികള്‍ക്ക് നേരത്തേ അമര്‍ഷമുണ്ട്. നഗര മേഖലയില്‍ നല്ല സ്വാധീനമുണ്ടായിട്ടും പ്രതിപക്ഷ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഭരണത്തിന്റെ ഏഴയലത്ത് എത്താന്‍ സാധിക്കാത്തത് ഉത്തര തായ്‌ലാന്‍ഡിലെ തക്‌സിന്‍ അനുകൂലികളുടെ സാന്നിധ്യം കൊണ്ടാണ്. ജനാധിപത്യത്തില്‍ സീറ്റുകളുടെ എണ്ണമാണല്ലോ നോക്കുന്നത്. ജയിക്കുന്ന പാര്‍ട്ടി രാജ്യത്തിന്റെ എല്ലാ മേഖലയേയും പ്രതിനിധാനം ചെയ്യുന്നുണ്ടോ എന്നത് ഒരു വിഷയമല്ലല്ലോ.

സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം തുടങ്ങിയപ്പോള്‍ അടിച്ചമര്‍ത്താന്‍ പോയില്ല യിംഗ്‌ലക്ക്. അവര്‍ക്കറിയാം സൈന്യമടക്കമുള്ള വന്‍ശക്തികള്‍ പ്രക്ഷോഭത്തിന്റെ പിന്നിലുണ്ടെന്ന്. പക്ഷേ അവരുടെ അനുയായികള്‍ വെറുതെ നിന്നില്ല. ചെങ്കുപ്പായക്കാര്‍ എന്ന് വിളിക്കുന്ന അക്കൂട്ടര്‍ പ്രക്ഷോഭകരെ നേരിടാന്‍ തെരുവിലിറങ്ങി. നിരവധി പേര്‍ മരിച്ചു വീണു. ഇത്തരം സന്ദര്‍ഭങ്ങളില്‍ സൈന്യത്തിന് രക്ഷാകര്‍തൃ ബോധമുണരുകയെന്നത് തായ്‌ലാന്‍ഡിലെ മാത്രമല്ല രാഷ്ട്രീയ അധികാരം നുണയാന്‍ അവസരം കിട്ടിയ എല്ലാ സൈനിക നേതൃത്വത്തിന്റെയും പൊതു പ്രതിഭാസമാണ്. സമാവായത്തിന് ശ്രമിക്കുന്നുവെന്ന രീതിയില്‍ രാഷ്ട്രീയ നേതാക്കളെ തന്റെ ആസ്ഥാനത്തേക്ക് സൈനിക മേധാവി വിളിച്ചു വരുത്തി. സമവായം നടന്നില്ലെന്ന് മാത്രമല്ല, നാടകാന്തം അധികാരം സൈന്യം ഏറ്റെടുത്തു. പ്രധാന സിവിലിയന്‍ നേതാക്കളെല്ലാം അറസ്റ്റിലായി. സിവിലിയന്‍ ഭരണകൂടത്തിന്റെ എല്ലാ അധികാരങ്ങളും റദ്ദാക്കി. എല്ലാം രാജ്യത്തിന്റെ സ്ഥിരതക്ക് വേണ്ടിയെന്ന് വാദിക്കുന്ന സൈനിക നേതൃത്വം ഉടനൊന്നും തിരഞ്ഞെടുപ്പില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. സമവായത്തിന് ശ്രമിച്ച സൈന്യത്തെ വാഴ്ത്തിയ യു എസടക്കമുള്ള വന്‍ശക്തികളെല്ലാം ഇപ്പോള്‍ സൈനിക അട്ടിമറിയെ അപലപിക്കുകയാണ്. യിംഗ്‌ലക്കിന്റെ പ്രധാനമന്ത്രി പദം നിയമവിരുദ്ധമെന്ന് വിധിച്ച് സുപ്രീം കോടതി തന്നെ അവരെ സ്ഥാനഭ്രഷ്ടയാക്കിയിരുന്നു. ഇതൊക്കെയായിട്ടും തായ്‌ലാന്‍ഡ് ശാന്തമായിട്ടില്ല. സൈനിക അട്ടിമറിക്കെതിരെ വന്‍ പ്രതിഷേധത്തിന് തിരികൊളുത്തിയിരിക്കുന്നു. സ്വാഭാവികമായും സൈന്യം ആയുധമെടുക്കും. തെരുവില്‍ ചോര ഒഴുകും.

ഇവിടെ ആരെയാണ് കുറ്റപ്പെടുത്തുക. പ്രാദേശിക സന്തുലനത്തിന് ഉതകും വിധം ഭരിക്കാതിരിക്കുകയും തന്റെ സഹോദരനെ പിന്‍വാതിലിലൂടെ രാജ്യത്തെത്തിക്കാന്‍ ശ്രമിക്കുകയും ചെയ്ത യിംഗ്‌ലക്ക് ഷിനാവത്രയെയോ? അവസരം മുതലാക്കി അധികാരം പിടിച്ച സൈന്യത്തെയോ? തീര്‍ച്ചയായും പഴുതൊരുക്കിയതിന്റെ പിഴ സിവിലിയന്‍ ഭരണകൂടത്തിന് മേല്‍ തന്നെ പതിയണം. പണ്ട് തക്‌സിനെ പുറത്താക്കാന്‍ കരുക്കള്‍ നീക്കിയ മുന്‍ സൈനിക നേതൃത്വമാണ് പുതിയ പ്രക്ഷോഭത്തിനും തുടര്‍ന്നുള്ള അട്ടിമറിക്കും പിന്നിലെന്ന് തെളിയുന്നുണ്ട്. അങ്ങനെയെങ്കില്‍ യിംഗ്‌ലക്ക് എത്ര സൂക്ഷ്മത പുലര്‍ത്തിയിരുന്നെങ്കിലും അട്ടിമറിക്കപ്പെട്ടേനെയെന്ന നിഗമനത്തില്‍ എത്തേണ്ടി വരും. തായ് ജനതയുടെ താത്പര്യത്തിലല്ല ഈ അട്ടമറിയെന്ന് തീര്‍പ്പിലെത്താനുമാകും.

ഇനി ഈജിപ്തിലേക്ക് വരാം. അവിടെ ഹുസ്‌നി മുബാറക്കിനെതിരായി നടന്ന ചരിത്രത്തിലെ ഏറ്റവും ഐതിഹാസികമായ പ്രക്ഷോഭത്തിനൊടുവില്‍ അധികാരത്തിലേറിയത് മുഹമ്മദ് മുര്‍സിയായിരുന്നു. ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ രൂപമായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയുടെ മേധാവി. ഭരണത്തില്‍ തികഞ്ഞ പരാജയമായിരുന്നു മുര്‍സി. ജനത്തിന്റെ വിപ്ലവ പ്രതീക്ഷകള്‍ ഒന്നു പോലും സഫലീകരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. മറിച്ച് ഭരണകൂടത്തിന്റെ ബ്രദര്‍ഹുഡ്‌വത്കരണത്തിനാണ് അദ്ദേഹം ശ്രമിച്ചത്. കടുത്ത ജനരോഷം അദ്ദേഹം ക്ഷണിച്ചു വരുത്തി. ഫലമോ, മുബാറക്കിനെ പുറത്താക്കാന്‍ ജനം എങ്ങനെ പ്രക്ഷോഭം നയിച്ചോ അത്‌പോലെ മുര്‍സിക്കെതിരെയും തെരുവിലിറങ്ങി. പ്രക്ഷോഭ കൊടുങ്കാറ്റില്‍ മുര്‍സി നിലംപൊത്തി. ആ ഘട്ടത്തില്‍ ഒരു ജനകീയ ബദല്‍ ഉണ്ടാകേണ്ടതായിരുന്നു. പക്ഷേ സൈന്യം അധികാര ശൂന്യതയിലേക്ക് കയറി നില്‍ക്കുകയായിരുന്നു. മുര്‍സി ഭരണകൂടത്തിലെ പ്രതിരോധ മന്ത്രിയും സൈനിക മേധാവിയുമായ ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍സീസി ഭരണത്തലപ്പത്തെത്തി.

തിരഞ്ഞെടുപ്പ് നടത്തുമെന്ന സൈന്യത്തിന്റെ പ്രഖ്യാപനം പുലര്‍ന്ന ഈ 2014ല്‍ തന്റെ ദുര്‍ബലനായ ഒരേയൊരു എതിരാളിയെ ബഹുദൂരം പിന്നിലാക്കി ജനറല്‍ സീസി രാജ്യത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായിരിക്കുന്നു. വെറും 44. 4 ശതമാനം പേര്‍ മാത്രമേ വോട്ട് ചെയ്തുള്ളൂ എന്നത് സീസിയുടെ വിജയത്തിന്റെ തിളക്കം കുറക്കുന്നുണ്ടെന്നത് നേരാണ്. പക്ഷേ മുസ്‌ലിം ബ്രദര്‍ഹുഡ് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം നല്‍കിയിരുന്നുവെന്നോര്‍ക്കണം. ആരും ബഹിഷ്‌കരിക്കാത്ത വോട്ടെടുപ്പിലായിരുന്നല്ലോ മുര്‍സി തിരഞ്ഞെടുക്കപ്പെട്ടത്. അന്നും അന്‍പത് ശതമാനത്തില്‍ താഴെയായിരുന്നു പോളിംഗ്. മുര്‍സിക്കായി വിലപിക്കുകയും സീസിയെ രൂക്ഷമായി ആക്രമിക്കുകയും ചെയ്യുന്നവര്‍ അധികാരം കൈവന്നപ്പോള്‍ മുര്‍സിക്കും ബ്രദര്‍ഹുഡിനും സംഭവിച്ച അപരിഹാര്യമായ വീഴ്ചകളാണ് ഈ നിലയിലേക്ക് കാര്യങ്ങളെ എത്തിച്ചതെന്ന സത്യം സമ്മതിക്കേണ്ടി വരും. മുര്‍സി പുറത്തായ ശേഷം താത്കാലിക പ്രസിഡന്റ് അദ്‌ലി മന്‍സൂറും പ്രധാനമന്ത്രി ഹാസിമുല്‍ ബബ്‌ലിയും മുന്നോട്ടുവെച്ച സഖ്യസാധ്യത തള്ളിക്കളഞ്ഞ ബ്രദര്‍ഹുഡിന് സൈനിക ഇടപെടലിനെ വിമര്‍ശിക്കാന്‍ എന്തവകാശം. പോളിംഗ് കണക്കാണ് പ്രശ്‌നമെങ്കില്‍ ഈജിപ്ഷ്യന്‍ ജനതയെ ശരിയായി പ്രതിനിധാനം ചെയ്യാന്‍ മുര്‍സിക്കോ സീസിക്കോ കഴിഞ്ഞിട്ടില്ലെന്നു കൂടി തിരിച്ചറിയണം. ചരിത്രം അവസാനിക്കില്ലല്ലോ. സീസി ജനാഭിലാഷം ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ തീര്‍ച്ചയായും അദ്ദേഹത്തെ ജനം വലിച്ച് താഴെയിടും. മറിച്ച് ഈജിപ്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ സീസി തയ്യാറായാല്‍ പോളിംഗ് ശതമാനത്തിന്റെ സാങ്കേതികത്വങ്ങള്‍ വിശകലന മേശകളില്‍ മാത്രം നിലനില്‍ക്കും. പിന്നെയത് വിസ്മൃതിയിലാകും. അപ്പോള്‍ എന്താണ് മനസ്സിലാക്കേണ്ടത്? വോട്ടെടുപ്പ് വിജയങ്ങള്‍ വെറും സാങ്കേതികത മാത്രമാണെന്ന് തന്നെ. അധികാരം ശരിയായി വിനിയോഗിച്ചില്ലെങ്കില്‍ പല നിലകളിലുള്ള തിരിച്ചു വിളിക്കലുകള്‍ നടക്കുമെന്ന് തന്നെ. ഇങ്ങ് ഇന്ത്യയില്‍ 33 ശതമാനം വോട്ടിന്റെ പിന്‍ബലത്തില്‍ ഒറ്റക്ക് ഭൂരിപക്ഷം നേടിയവരും ഇത് ഓര്‍ക്കുന്നത് നന്ന്.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest