Connect with us

Kerala

മുജാഹിദ് പോര് മൂര്‍ച്ഛിക്കുന്നു; അബ്ദുര്‍റഹ്മാന്‍ സലഫിയെ പുറത്താക്കണമെന്ന് കത്ത്

Published

|

Last Updated

മലപ്പുറം: രേഖകളില്‍ കൃതിമം കാട്ടി ശമ്പളം കൈപറ്റിയതിന് ശിക്ഷിക്കപ്പെട്ട കെ എന്‍ എം സംസ്ഥാന സെക്രട്ടറി അബ്ദുര്‍റഹ്മാന്‍ സലഫിയെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് മുജാഹിദ് വിഭാഗത്തിനുള്ളില്‍ പുതിയ വിവാദം. ഈ ആവശ്യമുന്നയിച്ച് കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി, സെക്രട്ടറി ടി ടി ഉണ്ണീന്‍കുട്ടി മൗലവി എന്നിവര്‍ക്ക് മുതിര്‍ന്ന കെ എന്‍ എം നേതാവും ജില്ലാ പ്രസിഡന്റുമായ കരുവള്ളി മുഹമ്മദ് മൗലവി കത്ത് നല്‍കി. സക്കരിയ്യാ സ്വലാഹിയെ പുറത്താക്കിയതിന് പിന്നാലെയാണ് മുജാഹിദ് വിഭാഗത്തിനുള്ളില്‍ പുതിയ വിഴുപ്പലക്കല്‍ തുടങ്ങിയിരിക്കുന്നത്. അബ്ദുര്‍റഹ്മാന്‍ സലഫിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന കത്തില്‍ നേതൃത്വത്തിന്റെ നിലപാടുകളെ ശക്തമായി വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്.

വിദേശത്ത് പോയ സമയത്ത് കോളജില്‍ ഹാജര്‍ കാണിച്ച് ശമ്പളം വാങ്ങിയതിന് അരീക്കോട് സുല്ലമുസ്സലാം അറബിക് കോളജ് അധ്യാപകനായ അബ്ദുര്‍റഹ്മാന്‍ സലഫിക്കെതിരെ ഉന്നത വിദ്യാഭ്യാസ വകുപ്പ് ശിപാര്‍ശയെ തുടര്‍ന്ന് നടപടിയെടുത്തിട്ടും ഇത് കണ്ടില്ലെന്ന് നടിക്കുന്ന നേതൃത്വത്തിന്റെ നിലപാടിനെതിരെയാണ് സംഘടനയില്‍ പുതിയ പൊട്ടിത്തെറിക്ക് കളമൊരുങ്ങിയത്.

ഒരു വ്യക്തിയുടെ ദുഷ്പ്രവൃത്തി കാരണം സംഘടനക്ക് മുഴുവനും ചീത്തപ്പേര് ഉണ്ടാക്കിയിട്ടും ഉത്തരവാദപ്പെട്ടവര്‍ മൗനം പാലിക്കുന്നത് ആപത്കരമാണെന്ന് കരുവള്ളി മുഹമ്മദ് മൗലവി കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ധാര്‍മികതക്ക് നിരക്കാത്തതും നിയമവിരുദ്ധവുമായ പ്രവൃത്തികള്‍ നടത്തിയവരെ മാറ്റി നിര്‍ത്തുന്നതിന് പകരം പദവി നല്‍കി ആദരിക്കുന്ന നേതൃ തീരുമാനം മുജാഹിദ് പ്രവര്‍ത്തകര്‍ക്ക് സമൂഹത്തിന് മുന്നില്‍ തല ഉയര്‍ത്തി നടക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടാക്കിയിട്ടുണ്ട്. കെ എന്‍ എമ്മിലെയും പണ്ഡിതസഭയായ കെ ജെ യുവിലെയും നേതൃസ്ഥാനത്തിരിക്കുന്ന ചിലരുടെ ധാര്‍മികതക്ക് നിരക്കാത്ത ദുഷ്‌ചെയ്തികള്‍ സംഘടനാ നേതൃത്വം കണ്ടില്ലെന്ന് നടിക്കുകയാണ്. ഇത്തരം പ്രതിസന്ധികളില്‍ നിന്ന് സംഘടനയെ രക്ഷപ്പെടുത്താന്‍ അറച്ച് നില്‍ക്കരുത്.

മുജാഹിദ് പ്രസ്ഥാനവും അതിന്റെ സ്ഥാപനങ്ങളും മഹല്ലുകളുമെല്ലാം ഇന്ന് ഭിന്നതയുടെ ഭീതിയിലാണ്. ഐക്യശ്രമങ്ങള്‍ക്ക് പകരം സംഘടനയില്‍ ഇപ്പോഴും പുറത്താക്കല്‍ നടപടികള്‍ തുടരുകയാണെന്നും ഇത്തരത്തില്‍ പ്രസ്ഥാനത്തെ ഛിന്നഭിന്നമാക്കരുതെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
അബ്ദുര്‍റഹ്മാന്‍ സലഫിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കെ എന്‍ എം സംസ്ഥാന സെക്രട്ടറിമാരിലൊരാളും കാലിക്കറ്റ് വാഴ്‌സിറ്റി മുന്‍ ഫിനാന്‍സ് ഓഫീസറും രജിസ്ട്രാറുമായിരുന്ന ഡോ. എം അബ്ദുല്‍ അസീസ് നേരത്തെ കോഴിക്കോട്ട് വാര്‍ത്താസമ്മേളനവും നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇതേ ആവശ്യവുമായി മറ്റൊരു നേതാവ് കൂടി രംഗത്ത് വന്നിരിക്കുന്നത്.

രേഖകളില്‍ കൃത്രിമം കാണിച്ച് ശമ്പളം പറ്റിയതിന് അബ്ദുര്‍റഹ്മാന്‍ സലഫിയെ ലക്ചററായി തരംതാഴ്ത്താനും ശമ്പളം തിരിച്ച് പിടിക്കാനും തീരുമാനിച്ചിട്ടുണ്ട്. 2009നും 2013നും ഇടയില്‍ ഇരുപതിലധികം തവണ അനധികൃത വിദേശയാത്ര നടത്തിയതായും 12 തവണ രേഖകളില്‍ കൃത്രിമം കാട്ടി ശമ്പളം കൈപ്പറ്റിയതായും മലപ്പുറം വിജിലന്‍സ് ഡി വൈ എസ് പി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇദ്ദേഹത്തിനെതിരെ കടുത്ത നടപടിക്ക് ശിപാര്‍ശ ചെയ്തത്. എന്നാല്‍ കത്ത് നല്‍കിയെങ്കിലും സലഫിക്കെതിരെ നടപടിയെടുക്കാനുള്ള ധൈര്യം സംസ്ഥാന നേതൃത്വത്തിനുണ്ടാകില്ലെന്നും സാധാരണ പ്രവര്‍ത്തകരെ പുറത്താക്കി മുജാഹിദ് പ്രസ്ഥാനത്തെ ഇല്ലാതാക്കുകയാണ് അവര്‍ ചെയ്യുന്നതെന്നും കരുവള്ളി സിറാജിനോട് പ്രതികരിച്ചു.

Latest