Connect with us

National

മുംബൈ സ്‌ഫോടനം: യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി: 1993 ലെ മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീംകോടതി സ്റ്റേചെയ്തു. വധശിക്ഷ നടപ്പാക്കുന്നതിനെതിരെ യാക്കൂബ് മേമന്‍ നല്‍കിയ പുനപരിശോധനാഹര്‍ജി പരിഗണിക്കുന്നത് കോടതി ഭരണഘടനാബെഞ്ചിന് വിട്ടു. പുനപരിശോധനാ ഹര്‍ജിയില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണോ എന്നകാര്യം ഭരണഘടനാബെഞ്ച് തീരുമാനിക്കും.

രാഷ്ട്രപതി ശ്രീ പ്രണബ്കുമാര്‍ മുഖര്‍ജി ദയാഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് യാക്കൂബ് മേമന്‍ സുപ്രീം കോടതിയില്‍ പുനപരിശോധനാഹര്‍ജി നല്‍കിയത്. 20 വര്‍ഷം ജയില്‍ ശിക്ഷ അനുവദിച്ച താന്‍ ജീവപര്യന്തം തടവുശിക്ഷയേക്കാള്‍ കൂടുതല്‍ കാലം ജയിലില്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

1997 ല്‍ പ്രത്യേക ടാഡാ കോടതിയാണ് ഗൂഢാലോചനാ കുറ്റം ചുമത്തി യാക്കൂബ് മേമന് വധശിക്ഷ വിധിച്ചത്. 2013ല്‍ സുപ്രീം കോടതി വധശിക്ഷ ശരിവെച്ചു. ഇതേതുടര്‍ന്ന് യാക്കൂബ് മേമന്‍ രാഷ്ട്രപതിക്ക് ദയാഹരജി നല്‍കുകയായിരുന്നു. മഹാരാഷ്ട്ര ആഭ്യന്തര വകുപ്പിന്റെ ശിപാര്‍ശയെ തുടര്‍ന്ന് ഇത് രാഷ്ട്രപതി തള്ളി. തുടര്‍ന്നാണ് സുപ്രീം കോടതിയില്‍ പുനപരിശോധനാ ഹരജി സമര്‍പ്പിച്ചത്.

1993 ലുണ്ടായ മുംബൈ സ്‌ഫോടനപരമ്പരയില്‍ 257 പേര്‍ കൊല്ലപ്പെടുകയും 713 പേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തിരുന്നു.

Latest