Connect with us

Kerala

കാലവര്‍ഷം 24 മണിക്കൂറിനകം

Published

|

Last Updated

തിരുവനന്തപുരം: കാലവര്‍ഷം 24 മണിക്കൂറിനകം കേരളത്തിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സാഹചര്യങ്ങള്‍ അനുകൂലമായതിനാല്‍ അറബിക്കടലിന്റെ പടിഞ്ഞാറന്‍ ഭാഗത്തും മാലി ദ്വീപിലും തമിഴ്‌നാടിന്റെയും ബംഗാള്‍ ഉള്‍ക്കടലിന്റെയും ചില ഭാഗങ്ങളിലും 48 മണിക്കൂറിനകം കാലവര്‍ഷമെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ 72 മണിക്കൂറിനകം മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ജൂണ്‍ അഞ്ചിനുതന്നെ കേരളത്തില്‍ മഴ തുടങ്ങുമെന്നാണ് സൂചന. അന്തരീക്ഷത്തില്‍ നാല് കിലോമീറ്ററിലേറെ ഉയരത്തില്‍ പടിഞ്ഞാറന്‍ കാറ്റ് വീശുന്നുണ്ട്. ലക്ഷദ്വീപ്-കേരളാ തീരങ്ങളില്‍ മേഘാവരണം കൂടിയതായാണ് കണക്കുകൂട്ടല്‍. അതിനാലാണ് മണിക്കൂറുകള്‍ക്കകം കേരളത്തില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം എത്തുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. ശക്തമായ ഇടിയോടും കാറ്റോടും കൂടിയുള്ള മഴയാകും മണ്‍സൂണിന്റെ ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്തു ലഭിക്കുക. രണ്ട് ദിവസമായി തുടരുന്ന ഒറ്റപ്പെട്ട മഴ മണ്‍സൂണിന്റെ മുന്നോടിയായുള്ളതാണ്.
കാലവര്‍ഷത്തിന് മുന്നോടിയായുള്ള മഴ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടങ്ങിക്കഴിഞ്ഞു. ആദ്യം തെക്കന്‍ കേരളത്തില്‍ പെയ്യുന്ന മഴ തുടര്‍ന്ന് വടക്കന്‍ ജില്ലകളിലും കര്‍ണാടക തീരത്തും എത്താനാണ് സാധ്യത. തെക്കന്‍ കേരളത്തിലും ഒഡീഷ, അസം, കൊങ്കണ്‍, ഗോവ, കര്‍ണാടക എന്നിവിടങ്ങളിലും മഴക്കൊപ്പം ഇടി മിന്നലും കാറ്റുമുണ്ടാകും. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ നീളുന്നതാണ് തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം. നാല് വര്‍ഷമായി ശരാശരിയില്‍ കൂടുതല്‍ മഴയാണ് രാജ്യത്ത് ലഭിക്കുന്നത്. കഴിഞ്ഞ മണ്‍സൂണില്‍ 2,300 മില്ലീമീറ്റര്‍ മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. പ്രതീക്ഷിച്ചതിലും 26 ശതമാനം അധികമാണിത്. എന്നാല്‍, ഇത്തവണ കാലവര്‍ഷം ശരാശരിയിലും താഴെയാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. 95 ശതമാനം മഴയാണ് കാലാവസ്ഥാ കേന്ദ്രം കേരളത്തില്‍ പ്രതീക്ഷിക്കുന്നത്. കടല്‍ജലം ചൂടാകുന്നതുമായി ബന്ധപ്പെട്ട എല്‍-നിനോ പ്രതിഭാസമാണ് മഴയുടെ അളവ് കുറയാന്‍ കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
രണ്ട് ദിവസമായി സംസ്ഥാനത്ത് പലയിടത്തും ഒറ്റപ്പെട്ട മഴ പെയ്യുന്നുണ്ട്. ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെറിയ തോതില്‍ മഴ ലഭിച്ചു. കോഴിക്കോട് -27.8, കരിപ്പൂര്‍ -32.2, പൊന്നാനി -6.2, ഇരിങ്ങാലക്കുട -10.6, കൊച്ചി -0.2, കാഞ്ഞിരംപള്ളി -41.4, കോട്ടയം -4.8, കുമരകം -ഏഴ്, തൊടുപുഴ -8.5, തിരുവനന്തപുരം നഗരം- 12, വര്‍ക്കല -1.2 മില്ലി മീറ്റര്‍ വീതമാണ് മഴ ലഭിച്ചത്.