Connect with us

Eranakulam

കൊച്ചി,തിരുവനന്തപുരം നഗരങ്ങളിലേക്ക് ഫ്‌ളൈ ദുബൈ സര്‍വീസ്‌

Published

|

Last Updated

കൊച്ചി: തിരുവനന്തപുരവും കൊച്ചിയും അടക്കമുള്ള ഇന്ത്യന്‍ നഗരങ്ങളിലേക്ക് ദുബൈയില്‍ നിന്ന് പത്ത് പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഫ്‌ളൈ ദുബൈ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഖൈത്ത് അല്‍ ഖൈത്ത്, കൊമേഴ്‌സ്യല്‍ സീനിയര്‍ വൈസ് പ്രസിഡന്റ് സുധീര്‍ ശ്രീധരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യയും യു എ ഇയും തമ്മിലുണ്ടാക്കിയ ഉഭയകക്ഷി ഉടമ്പടിയുടെ ഭാഗമായാണ് പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കാനുള്ള തീരുമാനമുണ്ടായതെന്നും കോഴിക്കോട്ടേക്കും സര്‍വീസ് നടത്താന്‍ കമ്പനി ആലോചിക്കുന്നതായും അവര്‍ പറഞ്ഞു.
ബിസിനസ് ക്ലാസും സര്‍വീസിന് ലഭ്യമായിരിക്കും. വേഗത്തിലുള്ള ചെക്ക് ഇന്‍, ബാഗേജ് സേവനം, സൗകര്യപ്രദമായ ഇരിപ്പിടങ്ങള്‍, രാജ്യാന്തര മെനു എന്നിവയാണ് ബിസിനസ് ക്ലാസിന്റെ പ്രത്യേകത. വെബ്‌സൈറ്റ് വഴി എളുപ്പത്തില്‍ ബുക്കിംഗ് നടത്താനാകും. മൊബൈല്‍ വഴിയും ട്രാവല്‍ ഏജന്‍സികള്‍ വഴിയും ബുക്കിംഗ് സൗകര്യം ലഭ്യമാണ്.
പുതുതലമുറയിലെ 36 ബോയിംഗ് 737-800 വിമാനങ്ങളാണ് സര്‍വീസിനായി ഉപയോഗിക്കുന്നത്. ദുബൈയില്‍ നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും 15,333 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ബിസിനസ് ക്ലാസിന് 43,578 രൂപയാകും. പ്രതിവാരം മൂന്ന് ദുബൈ- കൊച്ചി സര്‍വീസുകളാണ് ഉണ്ടാകുക. തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും ഇത്. ദുബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളിലായിരിക്കും സര്‍വീസ്.
ലൂമെക്‌സില്‍ നിന്നുള്ള പുരസ്‌കാരാര്‍ഹമായ വിനോദ സംവിധാനമാണ് യാത്രക്കാര്‍ക്കായി ഫ്‌ളൈ ദുബൈ ഒരുക്കിയിരിക്കുന്ന മറ്റൊരു സവിശേഷത. ആയിരം മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ വിനോദശേഖരത്തില്‍ ചലച്ചിത്രങ്ങള്‍, ടി വി പരിപാടികള്‍, ഏറ്റവും പുതിയ റിലീസുകള്‍ എന്നിവ ഹൈ ഡെഫനീഷന്‍ ഫോര്‍മാറ്റില്‍ ലഭ്യമാക്കും. ദൈനംദിന വാര്‍ത്തകള്‍ ലഭിക്കുന്നതിന് ഇ- റീഡര്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. നാല്‍പ്പതിലേറെ ദിനപത്രങ്ങളും രാജ്യാന്തര മാസികകളും ഇതിലൂടെ ലഭ്യമാകും.
വിപുലമായ കാര്‍ഗോ സൗകര്യവും കമ്പനി വാഗ്ദാനം ചെയ്യുന്നു. തിരുവനന്തപുരം, കൊച്ചി എന്നിവ കൂടാതെ അഹമ്മദാബാദ്, ഹൈദരാബാദ്, ലക്‌നോ എന്നിവിടങ്ങളിലേക്കാണ് പുതുതായി സര്‍വീസുകള്‍ തുടങ്ങുക. ഫ്‌ളൈ ദുബൈ സര്‍വീസ് നടത്തുന്ന ഏറ്റവും വലിയ മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ.

 

---- facebook comment plugin here -----

Latest